
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ചിത്രീകരണം തുടങ്ങി പതിനഞ്ച് ദിവസത്തോളമാകുന്നു. നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിവിൻ-അജു കോമ്പിനേഷന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാകും ചിത്രത്തിലേത് എന്ന പ്രതീക്ഷയുണ്ട് എന്ന് അഖിൽ സത്യൻ പറയുന്നു. അജു വർഗീസ് എന്ന അഭിനേതാവിന്റെ വളർച്ച തനിക്ക് കാണാൻ സാധിക്കുന്നുണ്ടെന്നും, ഇന്നസെന്റും, ജഗതിയുമെല്ലാം ഒഴിച്ചിട്ടു പോയ ഇടത്തിലേക്ക് അജു വർഗീസ് വളർന്നു വരുന്നുണ്ട് എന്നും അഖിൽ പറയുന്നു. തിയറ്ററിൽ നിന്നുള്ള കോടിക്കണക്കിനേക്കാളും പ്രേക്ഷകർ റീവാച്ച് ചെയ്യുന്ന ചിത്രമായാണ് താൻ ഈ ചിത്രത്തെ കാണുന്നത് എന്നും അഖിൽ പറഞ്ഞു. ചിത്രത്തിന്റെ പേരോ, നിവിന്റെ ലുക്കോ പുറത്തുവിടാറായിട്ടില്ല. ഫയർഫ്ലൈ ഫിലിംസിൻറെ ബാനറിൽ അജയ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നായികാപ്രാധാന്യമുള്ള ചിത്രം മലയാള സിനിമയിലേക്ക് പുതിയൊരു നായികയെ കൂടെ കൊണ്ട് വരുന്നു. ചിത്രം ഫാന്റസി ആണെങ്കിലും മ്യൂസിക്കൽ കൂടെയാണ്. എങ്കിലും പ്രേക്ഷകർ മിസ് ചെയുന്ന നിവിനെ ആണ് ഈ ചിത്രത്തിലൂടെ കൊണ്ട് വരുന്നത് എന്നും അഖിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അഖിൽ സത്യൻ പറഞ്ഞത്;
എനിക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. പതിനഞ്ച് ദിവസത്തോളമായി ഞങ്ങൾ ചിത്രീകരണം തുടങ്ങിയിട്ട്, എനിക്കിപ്പോൾ തന്നെ നല്ലൊരു സിനിമയാകും ഇതെന്ന പ്രതീക്ഷയുണ്ട്. നിവിൻ - അജു കോമ്പിനേഷന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാകും ഇതെന്ന് പ്രതീക്ഷിക്കുന്നു. അജു എന്ന അഭിനേതാവിന്റെ വളർച്ച ഞാൻ കാണുന്നു എന്നത് കൂടെയുണ്ട്. ഇന്നസെന്റ് അങ്കിളും, ജഗതി അങ്കിളുമൊക്കെ വേക്കന്റ് ആക്കിയിട്ട് പോയ ആ ഗ്യാപ്പ് അജു നികത്തുമെന്നത് തീർച്ചയാണ്.
പാച്ചു ചിത്രീകരികരിക്കുമ്പോൾ അഞ്ജന ചെയ്ത കഥാപാത്രം കടലോരത്ത് ഇരുന്ന് സംസാരിക്കുന്നത് ആളുകൾ ഏറ്റെടുക്കും എന്ന് അത് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയിരുന്നു. ആ ഒരു വൈബ് എനിക്കിവിടെയും കിട്ടി തുടങ്ങിട്ടുണ്ട്.
ഗ്രാമാന്തരീക്ഷത്തിൽ പറയുന്ന ഒരു കഥയാണിത് എന്നതാണ് മറ്റൊരു പ്രത്യേകത. മലയാള സിനിമയിൽ കുറെ ആയി അങ്ങനെയൊരു കഥ വന്നിട്ട്. അച്ഛന്റെ സിനിമകളെ കളിയാക്കാറുണ്ടെങ്കിലും, അച്ഛൻ തന്നെ അവസാനമായി ഒരു ഗ്രാമത്തിൽ കഥ പറഞ്ഞത് 'മനസ്സിനക്കരെ' ആയിരിക്കും. എന്നാൽ പൂർണ്ണമായും ഗ്രാമവുമല്ല, ചിത്രത്തിന്റെ മറ്റൊരു ഭാഗം നടക്കുന്നത് മുംബൈയിൽ ആണ്. എനിക്കും നിവിനും പ്രേതത്തെ പേടിയാണ്, പക്ഷെ ഇതിലൊരു പ്രേതമുണ്ട്. മ്യൂസിക്കലി ട്രീറ്റ് ചെയ്യുന്ന ഒരു ഫാന്റസി സിനിമ. നിവിന്റെ ഞാൻ കാണാൻ ആഗ്രഹിക്കുന്ന, നമ്മൾ ഒക്കെ മിസ് ചെയ്യുന്ന ഒരു ഫേസ് ആണ് ഈ ചിത്രത്തിൽ ഉള്ളത്. നായിക പുതുമുഖമാണ്. പക്ഷെ അവർ മലയാള സിനിമയ്‌ക്കൊരു മുതൽക്കൂട്ടാകുമെന്നത് തീർച്ചയാണ്. നായികയെ ചുറ്റിപറ്റി നീങ്ങുന്ന കഥയാണ്.
പാച്ചുവിൻറെ ടീം തന്നെയാണ് ടെക്നിക്കൽ സൈഡ് കൈകാര്യം ചെയ്യുന്നത്. ജസ്റ്റിൻ പ്രഭാകരൻ മ്യൂസിക്, ശരൺ വേലായുധൻ ക്യാമറ. സിനിമ സിങ്ക് സൗണ്ട് ആണ്. ഉഡ്താ പഞ്ചാബ്, ബുൾബുൾ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളടക്കം ചെയ്ത അനിൽ രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. വേട്ടയാട് വിളയാട്, വാരണം ആയിരം, കാക്ക കാക്ക തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുള്ള രാജീവൻ ആണ് ചിത്രത്തിന്റെ പൊഡക്ഷൻ ഡിസൈനർ.
ഫസ്റ്റ് ലുക്ക് ഒന്നും പുറത്തു വിടാറായിട്ടില്ല. എന്തായാലും ഡിസംബർ ഒക്കെ ആയിട്ടായിരിക്കും റിലീസ് ഉണ്ടാവുക. തിയറ്ററിൽ നിന്നും വരുന്ന കോടിക്കണക്കിനേക്കാളും ആളുകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമ എന്ന തരത്തിലാണ് ഞാൻ ഈ സിനിമയെ കാണുന്നത്.