കേരള ക്രൈം ഫയൽസ് എന്ന മലയാളത്തിലെ ആദ്യ സീരീസ് രണ്ടാം ഭാഗവുമായി വീണ്ടുമെത്തുമ്പോൾ, ആദ്യഭാഗത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അഭിനേതാക്കളും വീണ്ടുമെത്തുകയാണ്. ആദ്യ സീസണിൽ വളരെ നിഷ്കളങ്കനായ ഒരു തുടക്കക്കാരനായ പൊലീസുകരനായെത്തിയ അഭിനേതേവായിരുന്നു സഞ്ജു സനിച്ചൻ. കഥാപാത്രങ്ങൾക്ക് മികച്ച ഡീറ്റയിലിങ്ങും തുടർച്ചയും നൽകിക്കൊണ്ട് രണ്ടാം സീസണെത്തുമ്പോൾ ഇത്തവണ ഇരുത്തം വന്ന, ആദ്യഭാഗത്തെ നിഷ്കളങ്കത വിട്ട പൊലീസുകാരനായി സഞ്ജു സനിച്ചനും മാറി. അഭിനയിക്കാനുള്ള ആഗ്രഹം പറയാൻ പേടിയായിരുന്ന, ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്ത് അവസരങ്ങൾ തേടിപ്പിടിച്ചെടുത്ത സഞ്ജു ക്രൈം ഫയൽസിനെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
വീണ്ടും ക്രൈം ഫയൽസ് ടീമിനൊപ്പം
കേരള ക്രൈം ഫയൽസ് 2' ചർച്ചകൾ നടക്കുന്ന സമയത്ത് നമ്മൾ അതിൽ ഉണ്ടാവുമോ എന്ന് സംശയമായിരുന്നു. ഞാനും അതിൽ അഭിനയിച്ച നവാസും തമ്മിൽ സംസാരിക്കുമായിരുന്നു, കാരണം പുതിയ ഒരു കഥയാണ് , അപ്പോൾ ബാക്കിയുള്ള പഴയ ആളുകൾ അതിലുണ്ടാകുമോ എന്ന് സംശയമായിരുന്നു. പക്ഷേ അവർ പഴയ കാരക്ടേഴ്സിനെ വളരെ മനോഹരമായിട്ട് കഥയിൽ പ്ലേസ് ചെയ്തു. ഞങ്ങൾ അതിൽ ഭയങ്കര ഹാപ്പി ആയിരുന്നു. പിന്നെ സീരീസിലെ കഥാപാത്രങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാവുന്നത് ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അപ്പോൾ നമ്മൾ ആഗ്രഹിച്ച, ഇഷ്ടപ്പെടുന്ന ഒരു കാര്യം നമുക്ക് നടക്കുമ്പോൾ അതിൽ നല്ല സന്തോഷമുണ്ട്.
അഹമ്മദിക്ക ആത്മവിശ്വാസമാണ്
ഞാൻ അഹമ്മദിക്കയുടെ കൂടെ 'മധുരത്തിൽ' വർക്ക് ചെയ്തിട്ടില്ല. - ക്രൈം ഫയൽസ് വൺ, ടുവും പിന്നെ ജൂണിലും വർക്ക് ചെയ്തിട്ടുണ്ട്. അഹമ്മദിക്കയുടെ കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്ക് സേഫ് ആയിട്ട് തോന്നും കാരണം, നമുക്ക് എന്ത് ചെയ്യാൻ പറ്റും, പറ്റില്ല എന്ന് പുള്ളിക്ക് നന്നായിട്ട് അറിയാം. അപ്പോൾ ഒരിക്കലും ഒരു സീനിൽ മോശമായിട്ട് പ്രസൻ്റ് ചെയ്യപ്പെടില്ല എന്നുള്ളത് നമുക്ക് ആത്മവിശ്വാസം തരും. അതുകൊണ്ട് തന്നെ ഭയങ്കര കംഫർട്ടബിൾ ആണ് അഹമ്മദിക്കയുടെ അടുത്ത്. എനിക്ക് അഹമ്മദിക്കയുടെ ഓരോ പരിപാടി കഴിയുന്തോറും ഗ്രാഫ് വലുതായി വന്നുകൊണ്ടിരിക്കുന്നത് പോലെ ഫീൽ ചെയ്യാറുണ്ട്. ഭയങ്കര റിഫൈൻഡ് ആകുന്നതുപോലെ. നല്ല രസമായിട്ടുണ്ട് ഇക്ക ചെയ്യുന്നത് എല്ലാം. ജൂണിൽ ഞങ്ങൾ പുതിയ ആൾക്കാരെ എങ്ങനെ ഡീൽ ചെയ്തു, അതുപോലെ തന്നെയാണ് ഇപ്പോഴും. ഒരു മിസ്റ്റേക്കോ, എന്തെങ്കിലും ഒരു ചെറിയ കാര്യം പറയണം എന്നുണ്ടെങ്കിലും ഇക്കാ അവിടുന്ന് മൈക്കിൽ വിളിച്ച് പറയില്ല അടുത്ത് വന്ന് ചെയ്യണ്ടേ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് പറയും. നമുക്ക് അത് ഭയങ്കര ആശ്വാസം തരുന്ന ഒരു കാര്യമാണ്. കാരണം മൈക്കിൽ പറയുമ്പോൾ പെട്ടെന്ന് നമ്മൾ കോൺഷ്യസ് ആകും. പക്ഷെ അത് ഫസ്റ്റ് സെറ്റിൽ ഇക്ക എങ്ങനെയായിരുന്നോ, ഇപ്പോഴും ഇക്ക അങ്ങനെ തന്നെയാണ്.
കിഷ്കിന്ധാ കാണ്ഡത്തിന് മുന്നേ കണ്ട ബാഹുൽ
'കിഷ്കിന്ധാ കാണ്ഡം' റിലീസിനു മുന്നേയാണ് നമ്മൾ 'കേരള ക്രൈം ഫയൽസ് 2' ഷൂട്ട് ചെയ്യുന്നത്. ക്രൈം ഫയൽസ് ആദ്യഭാഗം എഴുതിയത് ആഷിക് ആയിരുന്നു. ആഷിക് വളരെ ടാലന്റായിട്ടുള്ള റൈറ്റർ ആണ്. എന്നാൽ അതേ സമയം ബാഹുലിൻ്റേത് ആഷിക്കിന്റേതിൽ നിന്ന് വ്യത്യസ്തമായി നിക്കുന്ന സ്കൂൾ ഓഫ് റൈറ്റിംഗാണ്. രണ്ട് പേരുടെയും വ്യത്യസ്തമായ ശൈലിയിൽ വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷമുണ്ട്. പിന്നെ ബാഹുൽ ഭയങ്കര സ്പെസിഫിക്കാണ്, കഥാപാത്രങ്ങൾ ഡയലോഗ് എങ്ങനെ പറയണം, ഏത് വാക്കിൽ സ്ട്രെസ്സ് ചെയ്യണം എന്നൊക്കെ ഒരു മെത്തേഡിൽ പോകുന്ന ഒരു പേഴ്സൺ ആണ്. ഞാൻ കാണുന്ന വളരെ സുപ്പീരിയർ ടാലന്റ്സിൽ രണ്ട് പേരാണ് ബാഹുലും, ആഷിക്കും. 'കിഷ്കിന്ധാ കാണ്ഡം ' ഇറങ്ങിയതിനു ശേഷമാണ് ബാഹുൽ ഇത്രയും ഹൈപ്പിലേക്ക് മാറിയത്. പക്ഷെ നമ്മൾ ക്രൈം ഫയൽസിൻ്റെ ഫുൾ സ്ക്രിപ്റ്റ് വായിച്ചിട്ട് അതിന് മുന്നേ തന്നെ ബാഹുലിൻ്റെ എഴുത്ത് കണ്ട് ഞെട്ടിയിരുന്നിട്ടുണ്ട്. രണ്ട് പേരുടെ കൂടെയും അസോസിയേറ്റ് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.
തിരിച്ചുവരവിലെ മാറ്റങ്ങൾ...
തിരിച്ചുവരവിലെ മാറ്റങ്ങൾ ഞാനും ചിന്തിച്ചിരുന്ന കാര്യമാണ്. അഹമ്മദിക്കയ്ക്ക് അതിൽ കൃത്യമായ ധാരണയുണ്ടായിരുന്നു. ആദ്യ ഭാഗത്തിൽ പുതിയതായി ജോലിക്ക് കയറിയ ഒരു പൊലീസുകാരനായിരുന്നു. ഭയങ്കര ഫിറ്റ് ആയിട്ടുള്ള, ഭയങ്കര ഇന്നസെൻ്റ് ആയിട്ടുള്ള, എക്സൈറ്റഡ് ആയിട്ടുള്ള ഒരു കാരക്ടറായിരുന്നു. ഇവിടെ 10 വർഷം കഴിഞ്ഞിട്ടുള്ള ഒരു കഥയാണ്. നമ്മുക്ക് ഭയങ്കര നിർബന്ധമായിരുന്നു, ഇത് കുറച്ച് ഇരുത്തം വന്ന ഒരു പോലീസുകാരൻ ആയിരിക്കണം എന്നുള്ളത്. അപ്പോൾ ഇതിൽ അയാളുടെ പോസ്റ്റർ കുറച്ച് റിലാക്സ്ഡ് ആയിരിക്കണം, വണ്ണം വേണം എന്നൊക്കെ ആയിരുന്നു ആലോചനകൾ. അപ്പോൾ ഞാൻ ഡയറ്റ് എടുത്ത് ഏകദേശം ഒരു 90 കിലോ ആയി. എൻ്റെ വണ്ണം ഭയങ്കരമായിട്ട് കൂട്ടി. അപ്പോൾ അത് മൊത്തത്തിൽ എനിക്ക് ഭയങ്കര വ്യത്യാസമായിട്ട് തോന്നി. കാരക്ടറിന് കുറച്ചുകൂടെ ഇരുത്തം വന്നപോലെ.
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാറിൻ്റെ വെബ് സീരീസ് ആയിരുന്നു ക്രൈം ഫയൽസ്. അപ്പോൾ കുറച്ചും കൂടെ നമുക്ക് ഇവിടുത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു ആദ്യ സീസൺ സെറ്റ് ചെയ്തിരുന്നത്. അതായത്, കുറച്ചും കൂടെ ഗ്രൗണ്ടഡ് ആയിട്ടുള്ള, പോലീസുകാരുടെ ഒരു സോഫ്റ്റ് സൈഡ് കാണിക്കുന്ന ഒരു മേജർ ഓഡിയൻസിനും അപ്പീൽ ചെയ്യുന്ന രീതിയിലായിരുന്നു സെറ്റ് ചെയ്തിരുന്നത്. രണ്ടാം ഭാഗത്തിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ, കുറച്ചു കൂടെ വെബ് സീരീസുകൾ ഇവിടെ ഇറങ്ങിക്കഴിഞ്ഞു. ആൾക്കാർ ഇവിടുത്തെ വെബ് സീരീസിലേക്ക് അഡാപ്റ്റ് ചെയ്തപ്പോഴാണ് കേരളത്തിന് പുറത്തുള്ള പ്രേക്ഷകർക്ക് കൂടെ ഇഷ്ടപ്പെടുന്ന രീതിയിൽ സെക്കൻഡ് ചെയ്യുന്നത്. അങ്ങനെ ഒന്നിൽ എനിക്ക് നല്ല ക്യാരക്ടർ കിട്ടുന്നതിൽ ഭയങ്കര സന്തോഷം ഉണ്ടായിരുന്നു. അല്ലാതെ അപ്പ്രോച്ചിൽ മാറ്റമൊന്നുമില്ല. നമുക്ക് നല്ല വേഷം കിട്ടുക എന്നുള്ളതാണല്ലോ പ്രധാനം. അപ്പ്രോച്ച് നമ്മുടേത് സെയിം ആയിരിക്കും. നമ്മൾ 200% കൊടുക്കുമല്ലോ.
ജൂണിൽ കഥാപാത്രങ്ങളുടെ ബാക്സ്റ്റോറി എഴുതിയിട്ടുണ്ട്...
ജൂണിൽ കഥാപാത്രങ്ങളുടെ ബാക്ക് സ്റ്റോറി ശരിക്കും ഒരു എക്സർസൈസ് പോലെയാണ് ചെയ്യിപ്പിച്ചത്. ഞാൻ മാത്രമല്ല, അതിൽ അഭിനയിച്ച എല്ലാ ക്യാരക്ടേഴ്സും നമ്മൾ ക്യാമ്പിന് മുന്നേ നമുക്ക് തോന്നുന്നൊരു ബാക്ക് സ്റ്റോറി എഴുതിയിട്ട് വരാൻ പറഞ്ഞു. അപ്പോൾ, അത് കഥാപാത്രത്തിൻ മേൽ നമുക്കൊരു അണ്ടർസ്റ്റാൻഡിങ്ങ് വരാൻ വേണ്ടിയിട്ടാണ്. ഇനി അവർക്ക് അതിൽ നിന്ന് ബെറ്റർ ആയിട്ടുള്ള എന്തെങ്കിലും ഓപ്ഷൻസ് ഉണ്ടെങ്കിൽ, അവർക്ക് ചെയ്യാം എന്നുള്ള രീതിയിലായിരുന്നു. പിന്നെ, എല്ലാത്തിനും ഓഡിഷൻസ് ഉണ്ട്. ഇപ്പോൾ കേരള ക്രൈം ഫയൽസിനു വേറെ ഓഡിഷൻസ് ഉണ്ടായിരുന്നു. അപ്പോൾ ഇങ്ങനെ ഒരു ബാക്ക് സ്റ്റോറി എക്സർസൈസ് കിട്ടിയതുകൊണ്ട്, ഞാൻ അത് ഒരു ടൂളായിട്ട് യൂസ് ചെയ്യും. നമ്മൾ ചെയ്യുന്നതിന് കുറച്ചും കൂടെ ഡെഫിനിഷൻ കൊടുക്കാനായിട്ട് നമ്മളെ സഹായിക്കുന്ന ഒന്നാണത്.
കഥാപാത്രങ്ങളും ഇംപ്രൊവെെസേഷനും
ഒരു സീനിൽ ഇംപ്രൊവെെസേഷന് ശ്രമിക്കണോ എന്നതെല്ലാം സംവിധായകനും റൈറ്ററും അനുസരിച്ച് ഇരിക്കും. ഇപ്പോൾ ആദ്യ സീസണിൽ എനിക്കൊരു വിഷമം പറയുന്ന സീൻ ഉണ്ടായിരുന്നു. അത് ഞാനും ആഷിക്ക്ക്കും അഹമ്മദിക്കയും കൂടെ സംസാരിച്ച്, ഞങ്ങൾ മ്യൂച്ചൽ പെയിൻസ് ഇട്ടിട്ട്, ഞങ്ങൾ സെറ്റ് ചെയ്തിട്ട് പറഞ്ഞ ഒരു പരിപാടിയായിരുന്നു. പക്ഷേ, ബാഹുലിലേക്ക് വരുമ്പോൾ ബാഹുലിന് കറക്റ്റ് ഇത് മതി എന്നുള്ള ഒരു രീതിയാണ്. കാരണം ബാഹുല് കുറേ പറഞ്ഞ ഡയലോഗ് ആയിരിക്കും. അപ്പോൾ ആ ഡയലോഗ് വേറെ രീതിയിൽ പറഞ്ഞാൽ അർത്ഥം മാറിപ്പോകും എന്നുള്ള ഒരു ഐഡിയ പുള്ളിക്ക് ഉണ്ട്. ഇത് പിന്നെ ഒരുപാട് വെർബലി ഡ്രിവൺ ആയിട്ടുള്ള ഒരു കഥയാണ്. അപ്പോൾ നമ്മുടെ ഒരു ഡയലോഗ് ചിലപ്പോൾ കഥയിൽ വേറൊരു രീതിയിൽ ഒരു ഇംപാക്ട് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നുള്ള ഒരു രീതിയും ബാഹുലിനുണ്ട്. അപ്പോൾ ബാഹുൽ കുറച്ചു കൂടെ സ്ക്രിപ്റ്റിൽ ഉറച്ചുനിക്കുന്നൊരാളാണ്. നമുക്ക് അങ്ങനെ എന്തെങ്കിലും പറയാണെങ്കിൽ നമ്മൾ ചോദിക്കും ഇവിടെ ഇങ്ങനെയൊരെണ്ണം പറഞ്ഞോട്ടെ അങ്ങനെ പറഞ്ഞാൽ കുഴപ്പമുണ്ടോ എന്ന്. ഡയറക്ടറിനും മേക്കേഴ്സിനും ഓക്കെയാണെങ്കിൽ പിന്നെ നമ്മൾ ചെയ്യുന്നതിൽ പ്രശ്നമില്ല. ഓക്കെ അല്ലെങ്കിൽ നമ്മൾ അതിലോട്ട് തന്നെ സ്റ്റിക്ക് ചെയ്യുന്നതായിരിക്കും എപ്പോഴും നല്ലതെന്നാണ് തോന്നിയിട്ടുള്ളത്..
ഓവർ പ്രിപ്പയറായാൽ ആസ്വദിക്കാൻ പറ്റില്ല..
ശരിക്കും പറഞ്ഞാൽ ഞാൻ വളരെയധികം കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ല. നമുക്ക് സ്ഥിരമായി നല്ല കഥാപാത്രങ്ങൾ കിട്ടണമെന്ന് മാത്രമേയുള്ളൂ. നമുക്ക് കിട്ടുന്നത് പരമാവധി നന്നായിട്ട് എങ്ങനെ ചെയ്യാൻ പറ്റുമെന്ന് നോക്കും. പക്ഷെ അത് ചില സമയത്ത് പ്രശ്നമുണ്ടാകാറുണ്ട്. നമ്മൾ ഓവർ പ്രിപ്പയർ ചെയ്ത് പോയാൽ നമ്മൾ ഭയങ്കര പാനിക്ക് ആയിട്ട് ആ പ്രോസസ് ആസ്വദിക്കാൻ പറ്റാതെ പോകും. അപ്പോൾ ചില സമയത്ത് പ്രിപ്പറേഷൻസ് കുറച്ചു മതി. നമ്മൾ അത് ഓവർ ആയിട്ട് അങ്ങ് എടുത്തു കഴിഞ്ഞാൽ അതിന്റെ ഒരു നാച്ചുറാലിറ്റി പോവുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോൾ ഇതിന്റെ ഒരു ഇടയിലുള്ള ഒരു പരിപാടിയാണ് കറക്റ്റ് ആയിട്ടുള്ള മീറ്റർ. അതിലേക്ക് എത്തിപ്പെടാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ആ പ്രോസസ് എൻജോയ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇതെല്ലാം മടുപ്പായിരിക്കും.
സിനിമയും സീരീസും...
സിനിമയും സീരീസും നമ്മൾ നോക്കുമ്പോൾ അവർ തമ്മിൽ ഷൂട്ടിങ്ങിൽ വലിയ വ്യത്യാസമൊന്നുമില്ല. കാരണം ഒരു 50 ദിവസം ഷെഡ്യൂൾ ചെയ്തിട്ട് അങ്ങനെ തന്നെയാണ് രണ്ടും ഷൂട്ട് ചെയ്യുന്നത്. പക്ഷെ പ്രേക്ഷകരുടെ വശത്ത് അത് ഭയങ്കര വ്യത്യാസമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം തിയേറ്റർ ആകുമ്പോൾ ഒരു ഫാമിലി - മൊത്തത്തിൽ ഒരു അഞ്ച് പേരായിരിക്കും ഒരുമിച്ച് തിയേറ്ററിൽ പോകുന്നത്. ഈ അഞ്ച് പേരും രണ്ടര മണിക്കൂർ പടം കണ്ടിട്ടേ ഇറങ്ങുകയുള്ളൂ. പക്ഷേ, സീരീസ് ചിലപ്പോൾ വീട്ടിൽ ഒരാളായിരിക്കും കാണുന്നത്. അല്ലെങ്കിൽ ഒരാൾക്കേ സബ്സ്ക്രിപ്ഷൻ ഉണ്ടാവൂ. ചിലപ്പോൾ ഫോണിലായിരിക്കും കാണുന്നത്. അപ്പോൾ ആ ഫോണിൽ കാണുമ്പോൾ ബാക്കി എല്ലാവരും അതിൽ ഭാഗമാവണമെന്നില്ല. ചിലപ്പോൾ ഒരു വ്യക്തി, ഒരു എപ്പിസോഡ് കണ്ടിട്ട് പിന്നെ കാണാം എന്ന് പറഞ്ഞ് മാറ്റിവെക്കും. അപ്പോൾ റിസപ്ഷനിൽ മലയാളികൾക്ക് വെബ് സീരീസിനേക്കാൾ കൂടുതൽ സിനിമയാണ് ഇഷ്ടം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ തന്നെ, നമുക്കൊരു ഗ്ലോബൽ സ്കെയിലിൽ പോകുമ്പോൾ വെബ് സീരീസ് കുറച്ചും കൂടെ എല്ലാവരുടെയും അടുത്തേക്ക് ഒരു സമയത്ത് എത്തുന്നതുകൊണ്ട് കുറച്ചു കൂടെ റീച്ച് വെബ് സീരീസിനാണെന്ന് തോന്നിയിട്ടുണ്ട്.
അഭിനയിക്കാനുള്ള ആഗ്രഹം പുറത്ത് പറയാൻ പേടിയായിരുന്നു
പണ്ട് തൊട്ടേ വലിയ ആഗ്രഹങ്ങളുണ്ടായിരുന്നു. അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് പേടിയായിരുന്നു പുറത്ത് പറയാൻ,. പിന്നെ ഞാൻ കോളജ് തമിഴ്നാട്ടിലാണ് പഠിച്ചത്. അപ്പോൾ ഇവിടെ വരാൻ പറ്റിയിട്ടില്ല. ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന സമയത്ത് ഒരു ദിവസമേ അവധിയുള്ളൂ. അപ്പോൾ, ഇവിടെ വരുന്ന ഓഡിഷൻസ് ഒന്നും അറ്റൻഡ് ചെയ്യാൻ പറ്റാറില്ല. അങ്ങനെ, പിന്നെ ഞാൻ കൊച്ചിയിൽ വന്നു കഴിഞ്ഞതിനുശേഷമാണ് ഓഡിഷൻസ് അറ്റൻഡ് ചെയ്യാൻ തുടങ്ങിയത്. അങ്ങനെ വന്നതാണ് ജൂൺ. പക്ഷേ ജൂൺ അറ്റൻഡ് ചെയ്തതിനുശേഷം, ഓഡിഷൻസ് കൂടിയിട്ടേയുള്ളൂ.. ഞാൻ ജൂണിനു മുന്നേ ഒരു 10 ഓഡിഷൻ കൊടുത്തിട്ടുണ്ട്. ജൂണിനു ശേഷം എണ്ണമില്ലാത്ത ഓഡിഷൻസ് കൊടുത്തിട്ടുണ്ട്. ആ ഒരു പ്രോസസ് ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോൾ ഇതാണ് അതിൻ്റെ ജേർണി.
ഓഡിഷൻ ചെയ്ത് കിട്ടാതെ പോയ റോളുകൾ
ഒരുപാട് റോളുകൾക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. ഓഡിഷൻ കിട്ടി ഷൂട്ടിന് ലാസ്റ്റ് രണ്ട് ദിവസം മുന്നേ വരെ മാറിപ്പോയ സിനിമകളുണ്ട്. അത് അങ്ങനെ ഒരുപാട് ഉണ്ട്. പിന്നെ കുറേ ഓഡിഷൻസ് ചെയ്തിട്ടുള്ളതുകൊണ്ട് ഇപ്പോൾ എനിക്ക് തോന്നുന്നത് ഓരോ ക്യാരക്ടേഴ്സ് അത് ചെയ്യേണ്ട ആളുടെ തലയിൽ എഴുതി വെച്ചിട്ടുണ്ട് എന്നുള്ളതുപോലെ ആണെന്നാണ്. എന്നാൽ ലാസ്റ്റ് മിനിറ്റിൽ മാറിപ്പോയി പിന്നെ നല്ല കഥാപാത്രങ്ങൾ കിട്ടിയ സാഹചര്യങ്ങളും ഉണ്ട്.
വരാനിരിക്കുന്ന സിനിമകൾ, ആഗ്രഹങ്ങൾ
നമുക്ക് കഥയിൽ എന്തെങ്കിലും ഒരു കോൺട്രിബ്യൂഷൻ കൊടുക്കാൻ കഴിയുന്ന കഥാപാത്രം ചെയ്തിട്ടേ നമുക്ക് എപ്പോഴും കാര്യമുള്ളൂ. ഒരു രണ്ട് സീൻ ഉണ്ടെങ്കിൽ അതിൽ ആ ക്യാരക്റ്ററിന് ഒരു ഐഡന്റിറ്റി ഇല്ലെങ്കിൽ പ്രേക്ഷകർ നമ്മളെ ഓർത്തിരിക്കില്ല. അതേ സമയം നമുക്ക് എന്തെങ്കിലും കഥയിലേക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റിയാൽ അത് പ്രേക്ഷകർ ഓർത്തിരിക്കും. അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
ഞാൻ കേട്ടിട്ടുണ്ട് ഒരു ക്യാരക്ടറിനു വേണ്ടി ചിന്തിക്കുമ്പോൾ ഇവരെ മൈൻഡിൽ കണ്ടുകൊണ്ട് ആണ് എഴുതിയത് എന്ന് പറയുന്നത്. അങ്ങനെയൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, ആ ഒരു സ്പേസിലേക്ക് എത്തിപ്പെടണം എന്ന്. ഒരുപാട് മേക്കേഴ്സിന്റെയും അഭിനേതാക്കളുടെയും കൂടെ വർക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പിന്നെ ഇനി ഇപ്പോൾ വരുന്നത്, E4 Entertainment പ്രൊഡ്യൂസ് ചെയ്യുന്ന നിഖില വിമൽ അഭിനയിക്കുന്ന പെണ്ണ്കേസ് എന്ന് പറഞ്ഞൊരു സിനിമയാണ്. ബാക്കി ഒരെണ്ണം എൻ്റെ കൂടെ കുറെ കാലമായിട്ടുണ്ടായിരുന്ന ഒരു സുഹൃത്ത്, ചീഫ് അസോസിയേറ്റ് ആയിരുന്നു, പുള്ളിയുടെ ഒരു പ്രൊജക്റ്റ് ആണ് . ആ ഒരു പ്രൊജക്റ്റിൻ്റെ ഫൈനൽ സ്റ്റേജിലാണ്.