സലിം കുമാര്‍ അവതരിപ്പിച്ച കോമഡി കഥാപാത്രങ്ങള്‍ സംസാരിച്ച ചില ഡയലോഗുകള്‍ ഇന്ന് മലയാള ഭാഷയിലെ നാടന്‍ പ്രയോഗങ്ങളായി മാറിയിട്ടുണ്ട്. സിനിമക്ക് എന്നും സ്വാധീനമുള്ള നാട്ടുഭാഷയില്‍ ഒട്ടേറെ നാടന്‍ പ്രയോഗങ്ങള്‍ സലിം കുമാര്‍ ഡയലോഗുകളാണ്. 'ഇതൊക്കെയെന്ത്?', 'നന്ദി മാത്രമേ ഉള്ളു അല്ലേ?' 'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍' എന്നിങ്ങനെ നിരവധി സിനിമകളിലെ പലഘട്ടങ്ങളിലായുള്ള നുറുങ്ങ് ഡയലോഗുകള്‍ സംസാര ഭാഷയുടെ തന്നെ ഭാഗമായിട്ടുണ്ട്. പ്രാദേശിക ഭേദമില്ലാതെ കേരളം ഒട്ടാകെ ഏറ്റെടുത്തവയാണ് കൊച്ചി ഭാഷാ രുചിയുള്ള അദ്ദേഹത്തിന്റെ പ്രയോഗങ്ങള്‍.
മിമിക്രി പശ്ചാത്തലത്തില്‍ നിന്ന് സിനിമയില്‍ എത്തിയ സലിം കുമാര്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയത് അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ പ്രതികരണ ഡയലോഗുകളിലൂടെയായിരുന്നു. കൗണ്ടര്‍ ഡയലോഗുകളായി മിക്കപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്ന ഇവ സ്‌ക്രിപ്റ്റിലുള്ളവയുയം സലിം കുമാറിന്റെ കയ്യൊപ്പ് പതിഞ്ഞ മനോധര്‍മ്മങ്ങളുമുണ്ടാകുമായിരുന്നു. ഒപ്പം നില്‍ക്കുന്ന നടന്‍മാര്‍ വരെ ടേക്കില്‍ ചിരിച്ചു പോകുമായിരുന്ന ഡയലോഗുകള്‍ സലിം കുമാറില്‍ നിന്ന് ഉണ്ടാകുമായിരുന്നു. തിയറ്ററുകളിലുണ്ടാക്കിയ ചിരി പിന്നീട് ടിവി സ്‌ക്രീനിലേക്ക് പടരുകയും സോഷ്യല്‍ മീഡിയ കാലത്ത് ട്രോള്‍ മീമുകളായി മാറുകയും ചെയ്ത ചരിത്രമാണ് സലിം കുമാര്‍ കഥാപാത്രങ്ങള്‍ക്കും ഡയലോഗുകള്‍ക്കുമുള്ളത്. സാധാരണക്കാര്‍ക്ക് വളരെ പെട്ടെന്ന് കണക്ട് ചെയ്യാന്‍ കഴിയുന്ന മാജിക് അവക്ക് ഉള്ളതുകൊണ്ടു തന്നെ അവരുടെ ഭാഷയിലേക്ക് അവ വേഗം ഇറങ്ങിച്ചെന്നു. എന്തിലും സിനിമാ ഡയലോഗ് കുത്തിത്തിരുകുന്നവരാണെന്ന ദോഷപ്പേരുണ്ടെങ്കിലും മലയാളിക്ക് സലിം കുമാര്‍ ഡയലോഗുകള്‍ അങ്ങനെയായിരുന്നില്ല. തിരക്കഥയിലെ ഡയലോഗുകള്‍ എങ്ങനെയായിരുന്നാലും നടന്റെ മനോധര്‍മ്മം സിനിമയിലും നാടകത്തിലും പ്രധാനമാണ്. സലിം കുമാര്‍ ഒരു പടികൂടി കടന്ന് സ്വന്തം നിലക്കുള്ള ഡയലോഗുകള്‍ പലപ്പോഴും ചേര്‍ത്തിട്ടുണ്ടാകും. എങ്ങനെയാണെങ്കിലും ആ ഡയലോഗുകള്‍ക്കൊപ്പം സലിം കുമാര്‍ കൂടി ചേരുമ്പോളാണ് അതിന് ആത്മാവുണ്ടാകുന്നത്. സലിം കുമാറിന്റെ ഡെലിവറി ശൈലിയാണ് ജനങ്ങള്‍ക്ക് അവയെ സ്വീകാര്യമാക്കിയത്.
സലിം കുമാറിന്റെ ഹാസ്യ റോളുകളില്‍ ആദ്യമായ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു തെങ്കാശിപ്പട്ടണത്തിലെ മുത്തുരാമന്‍ എന്ന കഥാപാത്രം. വളരെ കുറച്ചു രംഗങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആ വേഷമാണ് മലയാള സിനിമയില്‍ സലിം കുമാറിന്റെ സ്ഥാനം ഉറപ്പിച്ചത്. ചിത്രത്തിലെ 'ഈശ്വരാ ഇവിടെയാരുമില്ലേ ഇതൊന്നു പറഞ്ഞ് ചിരിക്കാന്‍' എന്ന ഡയലോഗ് ട്രോള്‍ മീമുകളിലടക്കം ഇന്നും പ്രയോഗിക്കപ്പെടുന്നുണ്ട്. മായാവിയിലെ സ്രാങ്ക് പറയുന്ന 'ഇതൊക്കെയെന്ത്' നിത്യജീവിതത്തില്‍ പ്രയോഗിക്കാത്ത മലയാളികള്‍ കുറവായിരിക്കും. 'ഇനി ബിരിയാണി കിട്ടിയാലോ' എന്ന ഡയലോഗും 'എല്ലാം ശടപടേ, ശടപടേന്നായിക്കോട്ടെ' എന്ന ഡയലോഗും കല്യാണരാമനിലെ 'നീ എവിടെ പരിപാടി അവതരിപ്പിച്ചാലും', 'അയാം ദി സോറി അളിയാ', 'മുദ്ര ശ്രദ്ധിക്കണം, മുദ്ര', എനിക്ക് ഭ്രാന്തായതാണോ, അതോ നാട്ടുകാര്‍ക്ക് മുഴുവന്‍ ഭ്രാന്തായതാണോ', 'ഒ രു കയ്യബദ്ധം, നാറ്റിക്കരുത്', 'ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത്', 'അവമ്മാർക്ക് ചേഞ്ച് വേണമത്രേ' തുടങ്ങി ഒട്ടുമിക്ക ഡയലോഗുകളും മലയാളി ഏറ്റെടുത്തവയാണ്. പുലിവാല്‍ കല്യാണത്തിലെ മണവാളനും ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമും വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നത്തെ തലമുറയെയും ചിരിപ്പിക്കുന്നു.
മലയാള സിനിമയില്‍ നിന്ന് സംസാര ഭാഷയിലേക്ക് ഇത്രയേറെ പ്രയോഗങ്ങള്‍ സംഭാവന ചെയ്ത കഥാപാത്രങ്ങള്‍ ഒരുപക്ഷേ സലിം കുമാറിന്റേത് മാത്രമായിരിക്കണം. ഓരോ സിനിമയിലും കഥാപാത്രങ്ങളിലും സലിം കുമാറിന്റേതായ ഒരു സിഗ്നേച്ചറുണ്ടാകും. അത് ആ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും നിറഞ്ഞു നില്‍ക്കും. സാധാരണ ജനങ്ങളിലേക്ക് വളരെ പെട്ടെന്ന് ഇറങ്ങിച്ചെല്ലുന്ന വിധത്തിലായിരിക്കും ആ ഡയലോഗ് ഡെലിവറികളും അവക്കൊപ്പമുള്ള എക്‌സ്പ്രഷനുകളും. അതു കൊണ്ടുതന്നെയാണ് മണവാളന്‍ നിഘണ്ടുവെന്ന് പേരിട്ടു വിളിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ലെക്‌സിക്കണായി സലിം കുമാര്‍ മാറുന്നതും.