Filmy Features

ബൗണ്ടറികളെ ഭേദിച്ച സൂപ്പർ സംവിധായകൻ ആറ്റ്ലി

രാഹുല്‍ ബി

2019 ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ചിദംബരം സ്റ്റേഡിയത്തിൽ അരങ്ങേറുകയാണ്. സ്വന്തം ടീം ആയ കൊൽക്കത്തയെ സപ്പോർട്ട് ചെയ്യാനായി നടൻ ഷാരൂഖ് ഖാൻ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ ആ മാച്ചിന് ശേഷം ഒരു ഫോട്ടോ മുൻനിർത്തി സോഷ്യൽ മീഡിയകളിൽ ട്രോളുകൾ നിറയാൻ തുടങ്ങി. ഷാരൂഖ് ഖാനോടൊപ്പം ഇരിക്കുന്ന ഒരു വ്യക്തി ആയിരുന്നു അവരുടെയെല്ലാം ഇര. അയാളുടെ നിറത്തിന്റെ പേരിൽ, വസ്ത്രത്തിന്റെ, തൊലിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും കുറ്റപ്പെടുത്തലുകളും നിറഞ്ഞു. നീയൊക്കെ എന്തിനാണ് കറുത്ത വസ്ത്രം ഇടുന്നത് നിന്നെ തേടി കണ്ടു പിടിക്കേണ്ടി വരുമല്ലോ എന്ന് തുടങ്ങുന്ന കളിയാക്കലുകൾ അയാളെ പൊതിഞ്ഞു. തൊട്ടടുത്ത സിനിമയുടെ ഓഡിയോ ലോഞ്ചിൽ തന്നെ അപമാനിച്ചവർക്ക് കൃത്യമായ മറുപടിയും അയാൾ കൊടുത്തു. ഹിന്ദി ഇംഗ്ലീഷ് എന്നാൽ വെറും ഭാഷയാണ് അല്ലാതെ അറിവല്ല, അതുപോലെ കറുപ്പ് വെളുപ്പ് എന്നാൽ വെറും നിറം മാത്രമാണ്, ആ ഫോട്ടോ ഇട്ടവന് നന്ദി എന്നാണ് അയാൾ അന്നവിടെ ഹർഷാരവങ്ങൾ മുഴക്കിയ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം അതെ ഷാരൂഖ് ഖാനോടൊപ്പം അയാൾ സിനിമ ചെയ്തു. ബോളിവുഡിലെ കിംഗ് ഖാനോടൊപ്പം തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. വിമർശനങ്ങളും കളിയാക്കലുകളും നിരന്തരം അയാളെ പിന്തുടരുമ്പോഴും ഫിലിം മേക്കിങ്ങിന്റെ അതിർവരമ്പുകൾ ലംഘിച്ച് അയാൾ കുതിപ്പ് തുടർന്നുകൊണ്ടേയിരുന്നു, അരുൺകുമാർ എന്ന ആറ്റ്ലീ.

സത്യഭാമ യൂണിവേഴ്സിറ്റിയിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ ഗ്രാജുവേറ്റ് ആയ ആറ്റ്ലി സിനിമയിലേക്കുള്ള വഴി കണ്ടെത്തുന്നത് ഷോർട്ട് ഫിലിമ്സിലൂടെയാണ്. തന്റെ സുഹൃത്തായ ശിവകാർത്തികേയനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്ത മുഖപുത്തകം എന്ന ഷോർട്ട് ഫിലിം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. സോഷ്യൽ റെലെവെന്റ് ആയ കഥ പറഞ്ഞ മുഖപുത്തകം ആറ്റ്ലീ എന്ന സംവിധായകനെ സിനിമയിലേക്ക് എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഒന്നാണ്. ഒപ്പം 'എൻ മേലെ വീഴ്ന്ത മഴൈ തുളി' എന്ന ഷോർട് ഫിലിമിന് രണ്ടു നാഷണൽ ലെവൽ അവാർഡ് കൂടി ലഭിച്ചതോടെ ആറ്റ്ലീ സിനിമയിലേക്കുള്ള വരവുറപ്പിച്ചിരിന്നു.

ആറ്റ്ലീ സിനിമകൾക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. തട്ടുപൊളിപ്പൻ വിഭാഗത്തിൽ പെടുന്ന ഓവർ ദി ടോപ്, കൊമേർഷ്യൽ, ലാർജ് സ്കെയിൽ എന്റെർറ്റൈനെർസ് ആണ് അവയെല്ലാം. തമിഴ് സിനിമയുടെ കാലങ്ങളായുള്ള ഫോര്മാറ്റിനെ പിന്തുടരുന്ന നായകൻറെ പ്രണയവും, പ്രതികാരവും സംരക്ഷിക്കലും, പാട്ടും ഡാൻസും ഫൈറ്റും ഒക്കെക്കൂടി ചേർന്ന ഒരു കൊമേർഷ്യൽ പാക്കേജ്. എന്നാൽ അതിൽ ആറ്റ്ലി എന്ന സംവിധായകന്റെ ന്യൂ ജൻ ടച്ചും ഉണ്ടായിരുന്നു, അത് കഥാപാത്ര സൃഷ്ടിയിലും അവരുടെ സ്റ്റൈലിലുമെല്ലാമായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ വളരെ ഗ്രാൻഡ് ആയി ഒരുക്കുന്ന പാട്ടുകളും ആറ്റ്ലീ സിനിമകളുടെ പ്രത്യേകതയാണ്. കാരണം അയാൾ വന്നത് ശങ്കർ സ്കൂളിൽ നിന്നാണ്. അതിന്റെ എല്ലാ ലക്ഷണങ്ങളും ആറ്റ്ലീക്കുണ്ട്.

ബ്രഹ്മാണ്ഡം എന്ന വാക്ക് സിനിമാപ്രേമികളെ പറഞ്ഞുപഠിപ്പിച്ച സംവിധായകനാണ് ശങ്കർ. അതെ സംവിധായകന്റെ ഏറ്റവും വലിയ ബ്രഹ്മാണ്ഡമായ എന്തിരനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ആറ്റ്ലീ സിനിമയിലേക്ക് അരങ്ങേറി. അതൊരു നല്ല തുടക്കമായിരുന്നു. തുടർന്ന് 3 ഇടിയറ്റ്സിന്റെ റീമേക്ക് ആയ നന്പനിലും ആറ്റ്ലീ പ്രവർത്തിച്ചു. നന്പൻ സെറ്റിൽ വച്ച് വിജയ് ആയി ആറ്റ്ലീ അടുക്കുന്നു, തനിക്ക് പറ്റിയ എന്തെങ്കിലും കഥ ഉണ്ടെങ്കിൽ സമീപിക്കാൻ വിജയ് ആറ്റ്ലീയോട് പറയുന്നു. എന്നാൽ ഒരു ഹിറ്റ് സിനിമ ചെയ്ത് കഴിഞ്ഞു ഒരു അംഗീകാരവും കോൺഫിഡൻസും ലഭിച്ചതിന് ശേഷം മതി വിജയ് ആയി സിനിമ എന്ന തീരുമാനം ആറ്റ്ലീയെ രാജാ റാണി എന്ന ആദ്യ സിനിമയിലെത്തിക്കുന്നു.

സംവിധായകൻ എ ആർ മുരുഗദോസ്സും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് നിർമിച്ച രാജാ റാണി വലിയ വിജയമായിരുന്നു. ആര്യയും നയൻതാരയും ജയ്യും നസ്രിയയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം പിന്നീട് വന്ന ആറ്റ്ലി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഒരു റോം കോം സ്വഭാവത്തിൽ ഒരുക്കിയ സിനിമ പൂർണമായും ഒരു എന്റർടെയ്നറായിരുന്നു. നാല് വ്യത്യസ്ത അഭിനേതാക്കളെ അവരുടെ പ്ലസ് പോയിന്റ്സ് ഉപയോ​ഗിച്ചുകൊണ്ട് കോമഡിയും ഇമോഷണും എല്ലാം കൈയ്യടക്കത്തോടെ കൂട്ടിച്ചേർത്തായിരുന്നു രാജാ റാണി പ്രേക്ഷകർക്ക് മുന്നിലെക്ക് ആറ്റ്ലി സമ്മാനിച്ചത്. ബോക്സ് ഓഫീസിൽ വിജയമാകുന്നതിനോടൊപ്പം ആറ്റ്ലീ എന്ന സംവിധായകനെ രെജിസ്റ്റർ ആക്കുന്നതിലും ചിത്രം പങ്കുവഹിച്ചു. എന്നാൽ മണിരത്‌നം സിനിമയായ മൗനരാഗവുമായുള്ള സിനിമയുടെ സാദൃശ്യം ആറ്റ്‌ലിയെയും സിനിമയെയും വിവാദങ്ങളിലേക്കും വിമർശനങ്ങളിലേക്കും നയിച്ചു. രാജാ റാണിയുടെ വിജയം നൽകിയ ഉണർവ് ആറ്റ്ലീയെ തന്റെ ഇഷ്ട നായകനായ വിജയ്‌യുടെ അടുക്കലെത്തിക്കാൻ ധൈര്യം നൽകി.

2016 ൽ റിലീസ് ചെയ്ത തെറി വിജയ് എന്ന നായകന്റെ പൾസ് അറിഞ്ഞ് ഉണ്ടാക്കിയ ഒരു കൊമേർഷ്യൽ എന്റെർറ്റൈനെർ ആയി. പുലി എന്ന വമ്പൻ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ വിജയ്‌യ്ക്കും തെറിപോലെയൊരു ചിത്രമപ്പോൾ ആവശ്യമായിരുന്നു. കൊമേർഷ്യൽ സാധ്യതകളെയെല്ലാം പരിഗണിച്ച് അവയെ താരമൂല്യത്തിന് ചേരുന്നവണ്ണം കൂട്ടിയോജിപ്പിച്ചായിരുന്നു ആറ്റ്ലി സിനിമ ഒരുക്കിയത്. വിജയ് എന്ന ആക്ഷൻ നായകനെയും റൊമാന്റിക് ഐക്കണിനെയുമെല്ലാം സിനിമയിലൂടെ ആറ്റ്ലി വീണ്ടും പ്രേക്ഷകർക്ക് നൽകി. ആരാധകർക്ക് കൈയ്യടിക്കാൻ മാസ്സ് സീൻസുകളും ഓർത്ത് വെക്കാൻ പറ്റുന്ന തരത്തിലുള്ള ഹെവി ഇൻട്രോകളും രോമാഞ്ചം നൽകുന്ന മൊമന്റ്സും ആറ്റ്ലി സിനിമയിൽ കരുതിവെച്ചതുകൊണ്ട് തന്നെ ആ വര്ഷം രജനികാന്തിന്റെ കബാലിക്ക് ശേഷം തമിഴിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ചിത്രവുമായി മാറി തെറി. തെറി പുതിയൊരു ആരംഭമായിരുന്നു, ഒപ്പം വിജയ് ആറ്റ്ലീ കോംബോയുടെ തുടക്കവും അവിടെനിന്നായിരുന്നു.

കൊമേർഷ്യൽ തട്ടുപൊളിപ്പൻ സിനിമകളുടെ ബിസിനെസ്സ് വ്യാപ്തിയെ ഓരോ സിനിമയുടെയും അയാൾ വർധിപ്പിച്ചു കൊണ്ടേയിരുന്നു. മെർസലിലൂടെയും ബിഗിലിലൂടെയും അയാൾ കൊമേർഷ്യൽ ഫോർമാറ്റുകൾക്ക് പുതിയൊരു സാധ്യതയും ഉണ്ടാക്കി. ബഡ്ജറ്റുകൾ കൂടുന്നതിനോടൊപ്പം അയാളുടെ സിനിമകൾ അതേപോല കളക്ഷനും വാരിക്കൂട്ടി. മെർസലിലെ വെട്രിമാരനും ബിഗിലിലെ റായപ്പനുമെല്ലാം 'വിജയയിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങൾ ആണ്. പല സംവിധായകരും വിജയ്‌യുടെ താരപരിവേഷത്തിൽ കഥകൾ മെനഞ്ഞപ്പോൾ ആറ്റ്ലീ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി. പക്ഷേ ആരാധകർക്ക് വേണ്ടത് പൂർണമായും കൊടുക്കുകയും ചെയ്തു.എൻ അണ്ണനുക്ക് ഇത് താൻടാ നാൻ പന്നുവെ എന്ന് ബിഗിൽ ഓഡിയോ ലഞ്ചിൽ ദൃഡ നിശ്ചയത്തോടെ അയാൾ പറയുമ്പോൾ വിജയ്‌യോടുള്ള ആരാധനയും സ്നേഹവും എല്ലാം കലർന്നിട്ടുണ്ട്.

ആക്ഷൻ തട്ടുപൊളിപ്പൻ സിനിമകൾ തുടർന്നപ്പോഴും വിമർശനങ്ങളും അയാളെ പിന്തുടർന്നു. ആറ്റ്ലീ സിനിമകൾ എല്ലാം കോപ്പി ആണ്, അയാൾ ഒരു മോശം സംവിധായകനാണ് - തുടങ്ങിയവ അയാളുടെ കരിയറിന്റെ പിന്നാലെയുണ്ടായിരുന്നു. ആദ്യ സിനിമയായ രാജ റാണി മുതൽ ബിഗിൽ വരെ അയാളിലെ സംവിധായകന്റെ കഴിവിനെ കുറ്റപ്പെടുത്തിയും അവഹേളിച്ചും വിമർശകർ കൂടെത്തന്നെയുണ്ട്. അയാളുടെ സിനിമകളുടെ ഫസ്റ്റ് ലൂക്കും ടീസറും ഇറങ്ങുന്നത് മുതൽ അതിനെ ദാരുണമായി നശിപ്പിക്കാൻ തയ്യാറായി നിന്നവരുണ്ട്. അയാളിലെ മികവിനെ അഭിനന്ദിക്കാതെ അവർ സാമ്യതകൾ തേടിയിറങ്ങുമ്പോഴും ആറ്റ്ലീ പക്ഷെ തളരാറില്ല.

ഇത്രയും കറുത്ത ഒരുത്തനു എങ്ങനെ വെളുത്ത ഭാര്യയെ ലഭിച്ചു എന്ന് തുടങ്ങി തന്റെ കുടുംബത്തിനെ വരെ നിറത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലും അല്ലാതെയും വേട്ടയാടപ്പെട്ടു. പക്ഷെ അപ്പോഴെല്ലാം അതിനെ വകവെക്കാതെ ബൗണ്ടറികളെ ഭേദിച്ച് അയാൾ തന്റെ സിനിമ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. തന്റെ പിറന്നാൾ ദിനത്തിൽ ഇടവും വലവുമായി വിജയ്‍യും ഷാരൂഖ് ഖാനുമായുള്ള ഫോട്ടോ ആറ്റ്ലീ പങ്കുവച്ചപ്പോൾ അത് വിമർശകരുടെ വായ അടപ്പിക്കാൻ ഉള്ളതാണെന്ന് തന്നെ അനുമാനിക്കാം. കാരണം ഈ ചെറുപ്രായത്തിൽ അയാൾ കൈയടക്കിയ വിജയങ്ങൾ ആർക്കും എളുപ്പം എത്തിപ്പിടിക്കാനാകാത്തത് തന്നെയാണ്.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT