രാസ്തയുടെ ഷൂട്ടിംഗിൽ നന്നായി ബുദ്ധിമുട്ടിയിരുന്നു എന്ന് നടൻ സർജാനോ ഖാലിദ്. അനീഷ് അൻവർ സംവിധാനം ചെയ്ത സർജാനോ ഖാലിദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു രാസ്ത. സിനിമയുടെ ചിത്രീകരണ സമയത്ത് തുടർച്ചയായി ഹിക് അപ്സും ഛർദ്ദിലും വരുമായിരുന്നു എന്നും എത്ര വെള്ളം കുടിച്ചിട്ടും ഹിക് അപ്പ്സ് മാറാതെ വന്നപ്പോൾ പിന്നീട് അതിനെ കഥാപാത്രത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയാണ് ഉണ്ടായത് എന്നും സർജാനോ ഖാലിദ് പറയുന്നു. ജനുവരി അഞ്ചിന് തിയറ്ററുകളിലെത്തിയ രാസ്ത എന്ന ചിത്രത്തിൽ അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആർട്ടിസ്റ്റുകൾക്ക് മരുഭൂമിയിലെ ഷൂട്ടിംഗ് കുറച്ചു കൂടി എളുപ്പമായിരുന്നു എന്നും ക്യാമറ, ഡയറക്ഷൻ തുടങ്ങി യൂണിറ്റിലുള്ള മറ്റ് അണിയറ പ്രവർത്തകരാണ് ഏറ്റവും കൂടുതൽ രാസ്തയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയിരുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സർജാനോ ഖാലിദ് പറഞ്ഞു.
സർജാനോ ഖാലിദ് പറഞ്ഞത്:
ഞാൻ നന്നായിട്ട് ബുദ്ധിമുട്ടിയിരുന്നു രാസ്തയുടെ ഷൂട്ടിൽ. വലിയ രീതിയിലുള്ള ഛർദ്ദിലും മറ്റുമൊക്കെയുണ്ടായിരുന്നു ആ ടെെമിൽ. എനിക്ക് മാത്രമല്ല സെറ്റിലുണ്ടായിരുന്ന പലർക്കും ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൂടാതെ നിർത്താതെ എനിക്ക് ഹിക്ക് അപ്പ്സ് വരുമായിരുന്നു. രാത്രി മുതൽ രാവിലെ വരെ എത്ര വെള്ളം കുടിച്ചാലും നിൽക്കുന്നുണ്ടായിരുന്നില്ല അത്. രണ്ട് ദിവസം തുടർച്ചായി ഇത് ഇങ്ങനെ വന്നുകൊണ്ടിരുന്നു,. ഇത് നിൽക്കാതെയായപ്പോൾ പതിയെ ഞങ്ങൾ ഇതിനെ കഥാപാത്രത്തിന്റെ ഒരു ഭാഗമാക്കുകയാണ് ചെയ്തത്. പിന്നെ എനിക്ക് തോന്നിയത് ആർട്ടിസ്റ്റുകൾക്ക് കുറച്ചു കൂടി എളുപ്പമായിരുന്നു എന്നാണ്. ക്യാമറ, ഡയറക്ഷൻ തുടങ്ങി യൂണിറ്റുള്ള ആളുകളാണ് കൂടുതലും കഷ്ടപ്പെട്ടിട്ടുള്ളത്. നമ്മൾ ഒരു ചെറിയ ടീമായിട്ടാണ് പോയത്, എനിക്ക് തോന്നുന്നത് ഈ സിനിമയുടെ നൂറ് ശതമാനം പ്രയത്നവും ബുദ്ധിമുട്ടും അവരായിരിക്കണം അനുഭവിച്ചിട്ടുണ്ടാവുക.
ഒരു യാത്രയ്ക്കിടെ മരുഭൂമിയിൽ എത്തി പറ്റുന്ന നാല് പേർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും, അതിനിടയിൽ അവർ റുബൽ ഖാലി മരുഭൂമിയിൽ നേരിടുന്ന സംഭവങ്ങളുമാണ് രാസ്ത എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ത്രൂ ഔട്ട് ത്രില്ലർ സിനിമയല്ല രാസ്ത എന്നും സിനിമയുടെ ഒരു ഘട്ടത്തിൽ മാത്രമാണ് ത്രില്ലിംഗ് മൊമെന്റിലേക്ക് സിനിമ പോകുന്നത് എന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകൻ അനീഷ് അൻവർ വ്യക്തമാക്കിയിരുന്നു.
അനീഷ് അൻവർ പറഞ്ഞത്:
ഒരു ത്രൂ ഔട്ട് ത്രില്ലർ സിനിമയല്ല രാസ്ത. സിനിമയുടെ ഒരു ഘട്ടത്തിൽ മാത്രമാണ് ത്രില്ലിംഗ് മൊമെന്റിലേക്ക് സിനിമ പോകുന്നത്. ഞാൻ മുമ്പ് ചെയ്ത മറ്റു സിനിമകളപ്പോലെ ഇമോഷണലി കണക്ടാവുന്ന ഒരു സിനിമ തന്നെയാണ് രാസ്തയും. ഇതൊരു സർവെെവൽ ത്രില്ലറാണ് എന്നുള്ളതാണ് ഈ സിനിമയിൽ ആകെയുള്ള വ്യത്യാസം. സിനിമ തുടങ്ങുന്നത് തന്നെ ഒരു ഇമോഷണൽ ട്രാക്കിലാണ്. പക്ഷേ സിനിമയുടെ ഒരു മെയിൻ പോയിൻ്റായ സർവെെവൽ ത്രില്ലിംഗിലേക്ക് വരുന്നത് ഒരു പകുതിയോട് കൂടിയിട്ടാണ്.