Film Talks

'പ്രഭാകരന്‍ കള്ളക്കടത്തുകാരനിട്ട ഒരു നാടന്‍ പേര്, അങ്ങനെയെങ്കില്‍ അനന്തന്‍ നമ്പ്യാരെന്ന് പേരുള്ള ആളെയും ഇത് പോലെ കണ്ടെത്താനാകും

വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ 'പ്രഭാകരാ' എന്ന് വിളിക്കുന്ന രംഗം വിവാദമായതില്‍ പ്രതികരണവുമായി ശ്രീനിവാസന്‍. ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന സിനിയമിലെ ഹാസ്യരംഗത്തെ ആധാരമാക്കിയാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ പ്രഭാകരാ വിളി. മലയാളത്തില്‍ വര്‍ഷങ്ങളായി ട്രോള്‍ ആയും ടിക് ടോക് ആയും ആഘോഷിക്കപ്പെടുന്ന അനന്തന്‍ നമ്പ്യാരുടെ 'പ്രഭാകരാ' വിളി എല്‍ടിടിഇ തലവന്‍ വേലുപ്പിള്ളൈ പ്രഭാകരനെ അധിക്ഷേപിച്ചെന്നായിരുന്നു തമിഴ്‌നാട്ടിലെ ഒരു വിഭാഗത്തിന്റെ ആരോപണം. വിവാദത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഖേദപ്രകടനവും നടത്തി. 1988ല്‍ പട്ടണപ്രവേശം ചെയ്യുന്ന സമയത്ത് വേലുപ്പിള്ളൈ പ്രഭാകരനെ കുറിച്ച് കാര്യമായി കേട്ടറിവ് പോലുമില്ലായിരുന്നുവെന്ന് തിരക്കഥയൊരുക്കിയ ശ്രീനിവാസന്‍. ടൈംസ് ഓഫ് ഇന്ത്യയിലാണ് ശ്രീനിവാസന്റെ പ്രതികരണം

ശ്രീനിവാസന്റെ പ്രതികരണം

കള്ളക്കടത്തുകാരന് പരിചിതമായ ഒരു നാടന്‍ പേര് വേണമെന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അങ്ങനെയാണ് പ്രഭാകരനിലെത്തിയത്. എല്‍ടിടിഇയുടെ വേലുപ്പിള്ളൈ പ്രഭാകരനൊന്നും ചിന്തയിലേ ഉണ്ടായിരുന്നില്ല. 1988ല്‍ പട്ടണപ്രവേശം റിലീസ് ചെയ്യുന്ന സമയത്ത് പ്രഭാകരനെ കുറിച്ച് കാര്യമായി കേട്ടറിവുമില്ല. കേരളത്തില്‍ ഒരു പാട് പ്രഭാകരന്‍മാരുണ്ട്. പക്ഷേ ഒരു കള്ളകടത്തുകാരന് ആ പേര് സാധാരണമല്ല. ഇതേ ഐഡിയയില്‍ തന്നെയാണ് തിലകന്റെ കഥാപാത്രത്തിന് അനന്തന്‍ നമ്പ്യാര്‍ എന്ന് പേരിട്ടത്. വരനെ ആവശ്യമുണ്ട് സിനിമയിലെ പ്രഭാകരാ വിളി എല്‍ടിടിയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നതൊക്കെ വിഡ്ഡിത്തമാണ്. ബോധപൂര്‍വം പ്രഭാകരനെ എല്‍ടിടിഇ നേതാവുമായി ഒരു ബന്ധം ഉണ്ടെന്ന് ആരോപിക്കുകയാണെങ്കില്‍ ഇതുപോലെ അനന്തന്‍ നമ്പ്യാരെയും ആരെയെങ്കിലുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനുമാകും.

പ്രഭാകരാ' വിവാദം

അനൂപ് സത്യന്റെ സംവിധാനത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന വിദ്വേഷ പ്രചരണത്തില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. പ്രഭാകരാ വിളി പട്ടണപ്രവേശം എന്ന സിനിമയിലെ തമാശരംഗത്തില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു. ബോധപൂര്‍വം ആരെയെങ്കിലും അധിക്ഷേപിക്കാനായി ഉപയോഗിച്ചതല്ല. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായ പേരാണെന്നും വിദ്വേഷപ്രചരണം തന്നിലും അനൂപിലും നില്‍ക്കട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞു. ഞങ്ങളുടെ അച്ഛന്‍മാരെയും മുതിര്‍ന്ന അഭിനേതാക്കളെയും വിദ്വേഷത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ഖേദിക്കുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. പട്ടണപ്രവേശത്തില്‍ തിലകന്റെ കഥാപാത്രം കരമന ജനാര്‍ദ്ദനന്റെ കഥാപാത്രത്തെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം പോസ്റ്റ് ചെയ്താണ് മറുപടി. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമെതിരെ രൂക്ഷമായ ആക്രമണമാണ് തമിഴ്‌നാട്ടുകാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നുണ്ടാകുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പോസ്റ്റുകളാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് ദുല്‍ഖറിന്റെ മറുപടി.

ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രഭാകരന്‍ തമാശ തമിഴ്‌നാട്ടുകാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ അത് ബോധപൂര്‍വമല്ല. പട്ടണപ്രവേശം എന്ന പഴയ സിനിമയില്‍ നിന്നുള്ള രംഗത്തിന്റെ റഫറന്‍സ് ആണത്. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായുള്ള പേരാണ്. തുടക്കത്തില്‍ വ്യക്തമാക്കിയതുപോലെ ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ആരെയെങ്കിലും കുറിച്ച് എടുത്തിട്ടുള്ളതല്ല ചിത്രം. സിനിമ കാണാതെയാണ് കൂടുതലാളുകളും പ്രതികരിക്കുന്നതും വിദ്വേഷം പരത്തുന്നതും. എനിക്കും സംവിധായകന്‍ അനൂപ് സത്യനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് മനസ്സിലാക്കുന്നു. എന്നാല്‍ ദയവായി അത് ഞങ്ങളില്‍ തന്നെ നില്‍ക്കട്ട. ഞങ്ങളുടെ അച്ഛന്‍മാരെയും സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും അതിലേക്ക് വലിച്ചിഴയ്ക്കരുത്. ഇതില്‍ വ്രണപ്പെട്ട,നല്ലവരും ദയാലുക്കളുമായ തമിഴ് ജനതയോട് ഖേദം പ്രകടിപ്പിക്കുന്നു. എന്റെ ചിത്രങ്ങളിലൂടെയോ എന്റെ വാക്കുകളിലൂടെയോ ആരെയെങ്കിലും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത് തീര്‍ച്ചയായും തെറ്റിദ്ധാരണ മാത്രമാണ്. ഞങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും ബോധപൂര്‍വം വേദനിപ്പിക്കുന്ന തരത്തില്‍ അധിക്ഷേപാര്‍ഹവും ഭീഷണിയുള്ളവയുമാണ് പരാമര്‍ശങ്ങള്‍. അത് അങ്ങനെയാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

പ്രഭാകരാ വിളി വന്ന വഴി

സത്യന്‍ അന്തിക്കാട് സംവിധാനം നാടോടിക്കാറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗമായ പട്ടണ പ്രവേശത്തിലെ പ്രശസ്തമായ ഡയലോഗ് ആണ് പ്രഭാകരാ എന്ന വിളി. തിലകന്‍ അവതരിപ്പിക്കുന്ന അനന്തന്‍ നമ്പ്യാര്‍ എന്ന അധോലോക നായകന്‍ പൊലീസിനെയും സിഐഡികളെയും ഭയന്ന് കൂട്ടുകാരന്‍ പ്രഭാകരന്‍ തമ്പിയുടെ വീട്ടില്‍ അഭയാര്‍ത്ഥിയായി ഒളിവു ജീവിതത്തിലാണ്. സിഐഡികള്‍ തന്നെയും കുടുക്കുമെന്ന് മനസിലാക്കിയ പ്രഭാകരന്‍ തമ്പി ഉറ്റമിത്രം അനന്തന്‍ നമ്പ്യാരോട് ഇവിടെ നിന്ന് പോകണം എന്ന് പറയുന്നു. തിലകന്‍ അവതരിപ്പിക്കുന്ന അനന്തന്‍ നമ്പ്യാര്‍ കരമന ജനാര്‍ദനന്‍ അവതരിപ്പിച്ച പ്രഭാകരന്‍ തമ്പിയെ ആന്തലോടെ പ്രഭാകരാ എന്ന് വിളിക്കുന്നതാണ് രംഗം. ട്രോളുകളും മീമുകളും സജീവമായതോടെ പ്രഭാകരാ വിളി ട്രെന്‍ഡ് ആയി. മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍ എന്ന സിനിമയില്‍ പ്രഭാകരാ വിളിയിലെ ട്രോള്‍ തമാശയായിട്ടുണ്ട്. ഈ രംഗത്തിലെ തമാശയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ ഹാസ്യമായി പുനരവതരിപ്പിച്ചത്. മേജര്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തോട് വളര്‍ത്തുനായയെ സ്നേഹത്തോടെ എന്ത് പേര് വിളിച്ചാലും കൂടെ വരുമെന്ന് സര്‍വജിത്ത് സന്തോഷ് ശിവന്‍ അവതരിപ്പിക്കുന്ന കാര്‍ത്തിക് പറയുന്നു. അപ്പോഴാണ് പ്രഭാകരാ എന്ന് വിളിക്കുന്നത്. വേലുപ്പിള്ള പ്രഭാകരനുമായി ഈ രംഗത്തിന് യാതൊരു ബന്ധവുമില്ല.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT