Film Talks

'കാഴ്ചയാണ് പലർക്കും ഇന്നും ഇഷ്ടമെന്ന് പറയുമ്പോൾ, ആടുജീവിതം ഇഷ്ടപ്പെട്ടില്ലേ എന്ന തോന്നലല്ല എനിക്കുണ്ടാവുന്നത്'; ബ്ലെസി

പത്മരാജൻ സാറാണ് തന്റെ ​ഗുരു എന്ന് പറയുന്നതാണ് അന്നും ഇന്നും തനിക്ക് ഊർജ്ജം നൽകുന്ന കാര്യമെന്ന് സംവിധായകൻ ബ്ലെസി. ഒരു സിനിമ ചെയ്യുമ്പോൾ അത് വിജയിക്കുക എന്നതിനെക്കാൾ ആ സിനിമ പത്മരാജൻ സാറിന്റെ പേരിന് ചീത്തപ്പേരുണ്ടാക്കി നൽകാൻ കാരണമാകരുതേ എന്നാണ് താൻ പ്രാർത്ഥിക്കാറുള്ളത് എന്നും ആടുജീവിതത്തിന് ശേഷവും കാഴ്ചയാണ് ഏറ്റവും ഇഷ്ടമുള്ള സിനിമ എന്ന് ആളുകൾ പറയുമ്പോൾ അത് തനിക്ക് സന്തോഷമാണ് ഉണ്ടാക്കുന്നത് എന്നും ബ്ലെസി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്ലെസി പറഞ്ഞത്:

എന്റെ ​ഗുരു പത്മരാജൻ സാറാണ് എന്ന് പറയുന്നതാണ് എന്റെ ഏറ്റവും വലിയ ഊർജ്ജം. ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് എന്റെ ഏറ്റവും വലിയ പ്രാർത്ഥന എന്ന് പറയുന്ന് സാറിനോടാണ്. സാറിന് മാനക്കേട് ഉണ്ടാക്കരുതേ ഈ സിനിമ എന്നാണ്, അല്ലാതെ സിനിമ വിജയിക്കണം എന്നതല്ല എന്റെ പ്രാർത്ഥന. സാറിന്റെ ശിഷ്യനായി വന്നിട്ട് ഇത്രയും മോശം സിനിമയാണോ ചെയ്യുന്നത് എന്നുള്ളൊരു ചോദ്യം ഉണ്ടാകരുത്. അടിസ്ഥാനപരമായി ഞാൻ ഒരു എഴുത്തുകാരനല്ല, നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ ആ കഥ പറയുന്നതിന് പ്രത്യേകിച്ച് ഒരു ​ഗ്രാമർ ഉണ്ടാകരുത്. കഥ ഏറ്റവും ഫ്രഷായി പുതുമയോടെ പറയാൻ ശ്രമിക്കണം അതാണ് അദ്ദേഹം എപ്പോഴും പറയാറുള്ള കാര്യം. സിനിമയ്ക്ക് ഒരു തലമുണ്ടല്ലോ അതെല്ലാം തന്നെ സാറിന്റെ സിനിമകളിലുണ്ട്. പിന്നെ എന്തുകൊണ്ട് ഞാൻ പതിനെട്ട് വർഷക്കാലം ഒരു സിനിമ ചെയ്യാതെ നടന്നു എന്ന് ചോദിച്ചാൽ അതിന്റെ മുഖ്യകാരണം ആദ്യ സിനിമ എന്ന് പറയുന്നത് പെരുവഴിയമ്പലം പോലെയും പ്രയാണം പോലെയും സ്വപ്നാടനം പോലെയും ആയിരിക്കണം എന്നത് കൊണ്ടാണ്. നമ്മുടെ സംവിധായകരമായി നമ്മൾ കണ്ടിരിക്കുന്നവരാണ്. ഭരതൻ, പത്മരാജൻ, കെജി ജോർജ്ജ് തടുങ്ങിയവർ. ഇവരുടെയൊക്കെ ഏറ്റവും വലിയ സിനിമകളായിട്ട് ആളുകൾ കൊണ്ടു നടക്കുന്ന സിനിമകളാണ് ഇവരുടെയെല്ലാം ആദ്യത്തെ സിനിമകൾ. അത്തരം ഒരു വർക്കായിരിക്കണം ഞാൻ ഏത് സിനിമ ചെയ്താലും എന്ന് തോന്നിയിരുന്നു. ഇപ്പോഴും കാഴ്ചയാണ് എനിക്ക് കുറച്ചു കൂടി ഇഷ്ടം എന്ന് പറയുന്ന ആൾക്കാരുണ്ട്. ആടുജീവിതം കാണുമ്പോഴും അയ്യോ ഇത്രയും ഞാൻ കഷ്ടപ്പെട്ടിട്ടും ആടുജീവിതം ഇഷ്ടപ്പെട്ടില്ലേ എന്ന് തോന്നുന്ന അവസ്ഥയല്ല എനിക്ക് അത്. എനിക്ക് ഇഷ്ടമാണ് അത് കേൾക്കുന്നത്. അത്രയും പക്വതയോട് കൂടി നമുക്ക് സിനിമ ചെയ്യാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഈ ഇരുപത് വർഷക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ തോന്നുന്നത്. ഒരുപാട് ആ​ഗ്രഹങ്ങൾ ജീവിതത്തിൽ സാധിച്ച ഒരാളാണ് ഞാൻ. സിനിമയെക്കുറിച്ച് മാത്രമേ ഞാൻ ആ​ഗ്രഹിച്ചിട്ടുള്ളൂ. ഈ ഇരുപത് വർഷത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ മികച്ച സിനിമകളിൽ ഒന്നാമതായി കാഴ്ച നിൽക്കുന്നു എന്നുണ്ടെങ്കിൽ ഭയങ്കര സന്തോഷമല്ലേ?

SCROLL FOR NEXT