Film Talks

'സിനിമയിലെ ദൃശ്യങ്ങൾ സത്യമെന്ന് തെറ്റിദ്ധരിപ്പിച്ചു, ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷം', ഖത്തറിലെ ജയിൽ അനുഭവം പങ്കുവെച്ച് അശോകൻ

മയക്കുമരുന്ന് മാഫിയയുമായി ബന്ധമുളള ആളെന്ന് തെറ്റിദ്ധരിച്ച് സിഐഡി ഉദ്ധ്യോ​ഗസ്ഥർ തന്നെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് നടൻ അശോകൻ. 1988ൽ ഖത്തറിൽ വെച്ചാണ് സംഭവം. ജീവിതം അവസാനിച്ചെന്നു തോന്നിയ നിമിഷമായിരുന്നു അതെന്നും അശോകൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

'1988ൽ ഖത്തറിൽ ഞാനൊരു സുഹൃത്തിനെ കാണാൻ പോയിരുന്നു. അവിടെ വെച്ചുണ്ടായ, ഇപ്പോഴും വളരെ നടുക്കത്തോടെ മാത്രം ഞാൻ ഓർക്കുന്ന അനുഭവമാണ് പറയുന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് വൈകുന്നേരം തിരിച്ച് ഹോട്ടൽ റൂമിലേയ്ക്ക് വന്നു. ഒപ്പം എന്റെ മറ്റൊരു സുഹൃത്തുമുണ്ട്. ഹോട്ടലിലെത്തി റൂമിന്റെ ചാവിയെടുത്ത് വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തുറക്കാൻ സാധിക്കുന്നില്ല. തുറക്കാനായി ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ എവിടെ നിന്നോ മൂന്ന് പേർ അറബിവേഷത്തിൽ അടുത്തേയ്ക്ക് വന്നു. എന്റെ കൈവശമുണ്ടായിരുന്ന ചാവി അവർ വാങ്ങിയശേഷം അവരുടെ പക്കലുണ്ടായിരുന്ന ചാവിയെടുത്ത് മുറി തുറന്നു. ഞങ്ങളെ രണ്ട് പേരെയും റൂമിനുള്ളിലേയ്ക്ക് കടത്തിവിട്ടിട്ട് റൂമിലെ രണ്ട് മൂല ചൂണ്ടിക്കാട്ടി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് അവർ റൂം ലോക്ക് ചെയ്തു.

സമയം രാത്രി രണ്ട് മണിയോട് അടുത്ത് ആയിട്ടുണ്ടാകും. എന്താണ് സംഭവമെന്ന് പിടി കിട്ടിയില്ല. അന്യ നാടാണ്. ശബ്ദിക്കരുതെന്ന് അവർ കൈകൊണ്ട് ആം​ഗ്യം കാണിച്ചു. റൂം ലോക്ക് ചെയ്ത് റൂമിന്റെ എല്ലാ ഭാ​ഗങ്ങളും അവർ പരിശോധിച്ചു. എന്തോ ഒരു അബദ്ധം സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. ഒരു മണിക്കൂറിന് ശേഷം അവർ ഞങ്ങളെ അവരുടെ കാറിൽ കയറ്റി ഖത്തറിലുളള പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. അവിടെ വെച്ചാണ് മനസിലായത് അവർ സിഐഡി ഉദ്ധ്യോസ്ഥരായിരുന്നെന്ന്. അവരുടെ സീനിയറിന് മുന്നിൽ ഞങ്ങളെ ഹാജരാക്കി. എന്തൊക്കെയോ അറബി ഭാഷയിൽ സംസാരിക്കുന്നുണ്ട്. ഇതിനിടയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവർ വന്ന് കൂട്ടിക്കൊണ്ട് പോയി. അൽപസമയത്തിന് ശേഷം അയാളെ തിരികെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മുഖം കണ്ട് ഞാനാകെ ഞെട്ടിപ്പോയി. ഉപദ്രവിച്ച പാടുകൾ ഉണ്ടായിരുന്നു. പിന്നീട് ഞങ്ങളെ രണ്ടും രണ്ട് സെല്ലിയാക്കി. സെല്ലിൽ എന്നോടൊപ്പമുണ്ടായിരുന്നത് രണ്ട് പാക്കിസ്ഥാനി തടവുകാരായിരുന്നു. ജീവിതം അവസാനിച്ചെന്നു തോന്നി ഞാൻ കരഞ്ഞ നിമിഷമായിരുന്നു അത്.'

'ഞങ്ങൾ മയക്കു മരുന്ന് മാഫിയയുമായി ബന്ധമുളള ആളുകളാണെന്ന് തെറ്റിദ്ധരിച്ചാണ് അവർ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് അടിമയായ വ്യക്തിയായി ഞാൻ ഒരു പഴയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ ചില ദൃശ്യങ്ങൾ കട്ട് ചെയ്ത് ആരോ പൊലീസിന് അയച്ചുകൊടുത്തിരുന്നു. ഇതാണ് സംശയങ്ങൾക്ക് കാരണം. അയച്ചയാൾ ചിലപ്പോൾ എന്റെ സൂഹൃത്തിന്റെ ശത്രുക്കളാകാം, ചിലപ്പോൾ സിനിമയ്ക്കുള്ളിൽ നിന്നുതന്നെ ഉള്ളവരാകാം. വ്യക്തമല്ല.' അശോകൻ പറയുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT