ഐഡന്റിറ്റിയുടെ അവസാന നാൽപത് മിനുട്ട് ഇതുവരെ മലയാള സിനിമയിൽ കാണാത്ത തരത്തിലുള്ളതായിരിക്കുമെന്ന് സംവിധായകൻ അഖിൽ പോൾ. 'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ എന്നിവർ ചേർന്ന് ഒരുക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഫോറൻസിക്കിനെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ കുറച്ചു കൂടി ആക്ഷൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഐഡന്റിറ്റി എന്നും ഫോറൻസിക്കിലെ പോലെ ചില പുതിയ കാര്യങ്ങൾ ഈ ചിത്രത്തിലും കൊണ്ടുവരാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ പോൾ പറഞ്ഞു.
അഖിൽ പോൾ പറഞ്ഞത്:
ഇൻവെസ്റ്റിഗേറ്റീവ് ട്രാക്കിൽ നിൽക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് ടൊവിയും വിനയ്യും തൃഷയും ചെയ്യുന്നത്. അന്വേഷണം ആയതുകൊണ്ടു തന്നെ അതിന്റേതായ സസ്പെൻസുകളും സിനിമയിലുണ്ട്. ഫോറൻസിക്കുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ കുറച്ചു കൂടി ആക്ഷൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ഐഡന്റിറ്റി. ഐഡന്റിറ്റിയുടെ അവസാനത്തെ 40 മിനിറ്റ് മലയാളത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത പശ്ചാത്തലമാണ്. ഫോറൻസിക്കിലെ പോലെ ചില പുതിയ കാര്യങ്ങൾ ഐഡന്റിറ്റിയിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. പെന്റഗൺ ഷേപ്പ് മുഖമുള്ള ആരെയോ തിരയുന്ന തൃഷയുടെ കഥാപാത്രവും ആ കഥാപാത്രത്തെ സഹായിക്കാനായി എത്തുന്ന ടൊവിനോയുടെ കഥാപാത്രത്തെയുമാണ് മുമ്പ് പുറത്തു വിട്ട് ട്രെയ്ലറിൽ കാണാൻ സാധിച്ചത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.