അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫ് അലിക്ക് അടി കിട്ടുന്ന സീനിൽ അദ്ദേഹത്തെ ശരിക്കും അടിച്ചതാണെന്ന് ഛായാഗ്രാഹകൻ ജിംഷി ഖാലിദ്. ആസിഫ് അലി, ബിജു മേനോൻ, രജിഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അനുരാഗ കരിക്കിൻ വെള്ളം. ചിത്രത്തിൽ അടി കൊള്ളുന്ന രംഗത്തിലുള്ള ആസിഫ് അലിയുടെ റിയാക്ഷൻ വളരെ ചർച്ച ചെയ്യപ്പെട്ട ഒരു പ്രകടനമായിരുന്നു. എന്നാൽ ആ സീനിൽ ശരിക്കും ആസിഫ് അലിക്ക് അടി കൊണ്ടുവെന്നും സിനിമയിൽ കാണിച്ചതിനെക്കാൾ വലിയ ശബ്ദത്തിലാണ് അടി കൊണ്ടതെന്നും ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആയിരുന്ന ജിംഷി ഖാലിദ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജിഷിം ഖാലിദ് പറഞ്ഞത്:
അനുരാഗ കരിക്കിൻ വെള്ളത്തിൽ ആസിഫിന് അടി കിട്ടുന്നത് പടത്തിൽ മിക്സ് ചെയ്ത സൗണ്ടിനെക്കാൾ ശബ്ദമുണ്ടായിരുന്ന ആ അടിക്ക് യഥാർത്ഥത്തിൽ. ശരിക്കും തല്ലിയതാണ് അത്. ആ സീൻ ഷൂട്ട് ചെയ്യുന്നത് കടവന്ത്ര പോലീസ് സ്റ്റേഷന്റെ മുന്നിലാണ്. അന്ന് അത്ര സമയം ഉണ്ടായിരുന്നില്ല അതിന്റെ ഒരു തിരക്ക് ഉണ്ടായിരുന്നു. രാവിലെ വന്ന് ബിജു ചേട്ടൻ എന്താണ് ഷോട്ട് എന്ന് ചോദിച്ചപ്പോൾ ആസിഫിനെ തല്ലുന്നതാണ് എന്ന് പറഞ്ഞു. എന്നാ വേഗം വാ എന്ന് പറഞ്ഞു. പുള്ളി പോയി നിന്ന് ഒരൊറ്റ അടി കൊടുത്തു. മൾട്ടി ക്യാമറ വച്ചിട്ടാണ് നമ്മൾ ആ സീൻ ചെയ്തത്. അത് തല്ലിയ പുള്ളിയുടെ ഷോട്ടിനെക്കാൾ നന്നായത് ആസിഫ് ആയിരുന്നു. ആസിഫിന്റെ അത്രയും നല്ല തല്ലുകൊണ്ട് റിയാക്ഷൻ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ആദ്യം കിട്ടിയ അടി നല്ലൊരു അടിയായിരുന്നു.
ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, അനഘ രവി, ലുക്മാൻ അവറാൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആലപ്പുഴ ജിംഖാന' ആണ് ഇനി ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രം ഏപ്രിൽ പത്തിന് തിയറ്ററുകളിലെത്തും. സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രം കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് പറയുന്നതെന്ന് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖാലിദ് റഹ്മാൻ പറഞ്ഞിരുന്നു. ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.