പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിലെ തന്റെ ഇൻട്രോ സീൻ ക്യാമറമാൻ ഷൈജു ഖാലിദിന്റെ മാജിക്കായിരുന്നു എന്ന് നടി ചാന്ദ്നി ശ്രീധരൻ. ഒരു സീനിൽ എന്താണ് ചെയ്യേണ്ടത് എന്ന് വളരെ സിമ്പിളായി അദ്ദേഹം പറഞ്ഞു തരും. അത് കഴിഞ്ഞു എടുത്ത ഷോട്ട് നോക്കുമ്പോഴാണ് അതിശയം തോന്നുന്നത്. ചില ഷോട്ടുകൾ എടുക്കുന്നത് അന്തം വിട്ടാണ് നോക്കി നിന്നത്. സിനിമയിലെ ഒരു ഫ്രെയിമും വളരെ ഭംഗിയായിട്ടാണ് എടുത്തതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചാന്ദ്നി ശ്രീധരൻ പറഞ്ഞു. ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'പ്രാവിൻകൂട് ഷാപ്പ്' വിജയകരമായി പ്രദർശനം തുടരുകയാണ്.
ചാന്ദ്നി ശ്രീധരൻ പറഞ്ഞത്:
പ്രാവിൻകൂട് ഷാപ്പ് സിനിമയിലെ എന്റെ ഇൻട്രോ സീൻ എന്ന് പറയുന്നത് മുഴുവനായി ഒരു ഷൈജു ഖാലിദ് മാജിക്കാണ്. അദ്ദേഹം കാര്യങ്ങൾ എല്ലാം പറഞ്ഞു തരും. ആ സീനിൽ എങ്ങനെ വരണം എന്നുള്ളത് വളരെ സിമ്പിളായി പറഞ്ഞു തന്നു. അത് കഴിഞ്ഞ് പോയി നോക്കുമ്പോഴാണ് അതിശയം തോന്നുന്നത്. എല്ലാ ഫ്രെയിമുകളും വളരെ ഭംഗിയായി എടുത്തിട്ടുണ്ട്. സ്വാഭാവികമായും അങ്ങനെയാണ് എടുക്കുന്നത്. പക്ഷെ ചില ഷോട്ടുകൾ എടുക്കുന്നത് കാണുമ്പോൾ ഞാൻ അന്തം വിട്ടു നോക്കി നിന്നിട്ടുണ്ട്. അത് വളരെ എക്സൈറ്റിങ്ങായിരുന്നു. കാരണം നമ്മളെ തന്നെ വളരെ ഭംഗിയായിട്ടാണല്ലോ ഷൂട്ട് ചെയ്യുന്നത്.
ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് പ്രാവിൻകൂട് ഷാപ്പ് എന്ന സിനിമയുടെ ഇതിവൃത്തം. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശ്രീരാജിന്റെ തൂമ്പ എന്ന ഷോർട്ട് ഫിലിം കണ്ടിട്ടാണ് സിനിമ ഉറപ്പിച്ചതെന്ന് നേരത്തെ ബേസിൽ ജോസഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരി 16 നാണു ചിത്രം തിയറ്ററുകളിലെത്തിയത്.