Film Talks

'ബിരിയാണി'യിലെ ലൈംഗിക ചിത്രീകരണം വെട്ടിയെടുത്ത് നടനെതിരെ ദുഷ്പ്രചരണം, അപേക്ഷയുമായി തോന്നക്കല്‍ ജയചന്ദ്രന്‍

രാജ്യാന്തര പുരസ്‌കാരങ്ങളും വിമര്‍ശക ശ്രദ്ധയും നേടിയ ബിരിയാണി എന്ന സിനിമയിലെ ലൈംഗിക ചിത്രീകരണം വെട്ടിമാറ്റി അഭിനയിച്ച നടനെതിരെ ദുഷ്പ്രചരണം. നടനും മിമിക്‌സ് താരവുമായ തോന്നക്കല്‍ ജയചന്ദ്രനാണ് മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നാലെ ഇത്തരമൊരു അനുഭവം.

ബിരിയാണിയില്‍ കനി കുസൃതിയും തോന്നക്കല്‍ ജയചന്ദ്രനും ഖദീജയും ഭര്‍ത്താവ് നസീറുമായാണ് അഭിനയിക്കുന്നത്. ഖദീജയും നസീറും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സിനിമയിലെ രംഗമാണ് നടനെതിരെ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് തോന്നക്കല്‍ ജയചന്ദ്രന്‍. പ്രത്യേകതരം മാനസികാവസ്ഥയുള്ളവരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് സംവിധായകന്‍ സജിന്‍ ബാബു.

തോന്നക്കല്‍ ജയചന്ദ്രന്‍ പറയുന്നു

രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നുവെന്ന് ഉറപ്പുള്ള സിനിമയാണ് എന്നു എനിക്കു തോന്നിയതിനാലാണു സജിന്‍ ബാബു സാര്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ ചെന്നത്. അനേകം വിദേശ ഫെസ്റ്റിവല്‍ അവാര്‍ഡുകളും അതിനു കിട്ടി. സിനിമയിലെ ചില സീനുകള്‍ മാത്രം വെട്ടിയെടുത്തു വ്യാപകമായി പ്രചരിപ്പിക്കുന്നു. അതു സിനിമയുടെ ഭാഗമായ സീനുകളാണ്. അതു സിനിമയുടെ ഭാഗമായ സീനുകളാണ് എന്നു പറയാതെ വൃത്തികെട്ട കമന്റുകളുമായാണ് എങ്ങും പ്രചരിപ്പിക്കുന്നത്. എല്ലാവരുമില്ല. മലയാളികളില്‍ കുറച്ചു പേര്‍.

ഒരു കലാകാരനെന്ന നിലയില്‍ എനിക്കു ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തിയാണു നിങ്ങള്‍ ചെയ്യുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. സിനിമയിലെ സീന്‍ എന്നു പറഞ്ഞു പ്രചരിപ്പിക്കാമായിരുന്നു. ഇത്തരത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ അതു കാണുന്നവര്‍ തെറ്റിദ്ധരിക്കുകയാണു ചെയ്യുന്നത്. സിനിമയാണെന്ന് അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. സംവിധായകന്‍ ആവശ്യപ്പെട്ട ഒരു കഥാപാത്രത്തെയാണു ഞാന്‍ അവതരിപ്പിച്ചത്. കഥയുടെയും കഥാപാത്രത്തിന്റെയും പൂര്‍ണതയ്ക്കു വേണ്ടിയാണു ഞാന്‍ അതു ചെയ്തത്. അതുകൊണ്ടു ദയവായി ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണം

കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ സിനിമക്കുള്ള പ്രത്യേക പരാമര്‍ശവും ലഭിച്ച സിനിമയാണ് ബിരിയാണി. ബ്രിക്‌സ്, നെറ്റ്പാക് പുരസ്‌കാരങ്ങളും ബിരിയാണിക്ക് ലഭിച്ചിരുന്നു. കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് ബിരിയാണി ഓണ്‍ലൈനായി റിലീസ് ചെയ്തിരിക്കുന്നത്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT