ദാവീദ് എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിൽ നേരിട്ട വെല്ലുവിളികൾ പങ്കിട്ട് നടൻ ആന്റണി വർഗ്ഗീസ് പെപ്പെ. ചിത്രത്തിന് വേണ്ടി കൃത്യമായി ഡയറ്റ് നോക്കിയിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് മാസം മുൻപാണ് ട്രെയ്നിങ് ആരംഭിച്ചത്. ജിമ്മിലെ ട്രെയ്നിങ്ങും ബോക്സിങ് പരിശീലനവുമായിരുന്നു ഉണ്ടായിരുന്നത്. സിനിമയുടെ നിർമാതാക്കളിൽ ഒരാളായ അച്ചു ബേബി ജോണിനും ട്രെയ്‌നറായ സുകു പിള്ളയ്ക്കും ഒപ്പം താമസിച്ചായിരുന്നു ഒരുക്കങ്ങൾ നടത്തിയത്. ട്രെയ്നിങ്ങിനൊപ്പം ഷൂട്ട് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ളതായിരുന്നു. RDX ചെയ്യുമ്പോൾ 96 കിലോയിലധികം ഭാരമുണ്ടായിരുന്നു. ദാവീദിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ ശരീരഭാരം 74 കിലോ ആയി എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആന്റണി വർഗ്ഗീസ് പെപ്പെ പറഞ്ഞു. ദാവീദ് ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും.
ആന്റണി വർഗ്ഗീസ് പെപ്പെ പറഞ്ഞത്:
മാനസികമായും ശാരീരികമായും നല്ല പണിയെടുത്ത സിനിമയാണ് 'ദാവീദ്'. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിനു രണ്ട് മാസം മുൻപാണ് ട്രെയിനിങ് തുടങ്ങിയത്. ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് വെച്ചാൽ വാങ്ങി കഴിച്ചോളാനാണ് ട്രെയിനിങ് തുടങ്ങുന്നതിന്റെ തലേ ദിവസം പറഞ്ഞത്. ഇന്നത്തോടെ ഇഷ്ടമുള്ളത് കഴിക്കുന്ന പരിപാടി നിർത്തണം എന്നാണ് ഉദ്ദേശിച്ചത്. അതിന് ശേഷം കൊച്ചിയിൽ പ്രൊഡക്ഷൻ തന്നെ ഒരു ഫ്‌ളാറ്റെടുത്തു താമസിച്ചു. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ അച്ചു ബേബി ജോണും ട്രെയ്നറും കൂടെയാണ് താമസിച്ചത്. ട്രൈനെർ അച്ചുവിന്റെ സുഹൃത്ത് സുകു പിള്ളയായിരുന്നു. ഞങ്ങൾ മൂന്ന് പേരും കൂടെ അവിടെ നിന്നു. ഞാൻ വീട്ടിൽ നിന്ന് ട്രെയിൻ ചെയ്യമെന്ന് പറഞ്ഞതാണ്. പക്ഷെ വീട്ടിൽ നിന്നാൽ എന്തായാലും മറ്റു ഫുഡ് കഴിക്കാൻ സാഹചര്യം ഉണ്ടാകും.
ചോറുള്ള ഡയറ്റാണ് ഫോളോ ചെയ്തത്. രാവിലെ 2 ബ്രെഡും മുട്ടയും ആയിരുന്നു. അതിനിടയിൽ വേ പ്രോട്ടീൻസ് ഉണ്ട്. കാലറി കുറഞ്ഞ യോഗർട്ടുകൾ കഴിക്കാമായിരുന്നു. ഉച്ചക്ക് കഴിക്കുന്ന ചോറ് അളന്നാണ് തരുന്നത്. 3 പേരും അളന്നാണ് കഴിക്കുന്നത്. ചിക്കന്റെ ബ്രെസ്റ്റാണ് കറി വെയ്ക്കുന്നത്. അതുണ്ടാകും. എന്തെങ്കിലും ഒലത്തുണ്ടായിരുന്നു. അതെല്ലാം എണ്ണ ഒരുപാട് കുറച്ചാണ്. ചോറ് വളരെ കുറവാണ് കഴിച്ചത്. ഇതാണ് രണ്ട് നേരം. രാവിലെ ജിമ്മുണ്ടായിരുന്നു, അതിന് ശേഷം ബോക്സിങ് ട്രെയിനിങ്ങും. ഇതിനു ശേഷം ഷൂട്ട് സ്റ്റാർട്ട് ചെയ്തു. അപ്പോഴാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത്. രാവിലെ ജിമ്മും അത് കഴിഞ്ഞ് ബോക്സിങ് പ്രാക്ടീസും കഴിഞ്ഞിട്ടാണ് ഷൂട്ടിന് പോയത്. ഷൂട്ടിനിടയിലും ട്രെയ്നിങ് ഉണ്ടായിരുന്നു. ആദ്യം ഷൂട്ട് ചെയ്തത് സീനുകളായിരുന്നു. അപ്പോഴൊന്നും കുഴപ്പങ്ങളുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് ട്രെയ്നിങ് സെഷനുകൾ ഷൂട്ട് ചെയ്യാൻ തുടങ്ങി. അപ്പോഴണ് ശരിക്കും ബുദ്ധിമുട്ടിയത്. RDX ന്റെ സമയത്ത് 96 കിലോയിലധികം വെയിറ്റ് ഉണ്ടായിരുന്നു എനിക്ക്. ദാവീദിന്റെ ക്ലൈമാക്സ് എത്തിയപ്പോൾ 74 കിലോ ആയി.