Film Review

അസുരൻ: കാവ്യനീതിയുടെ പോരാട്ട ഭൂമികൾ

ജിതിന്‍ കെ.സി.

സ്പാനിഷ് സംവിധായികയായ Iciar Bollain സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് Even the Rain(മഴയെപ്പോലും). കൊളംബിയയിലെ ഗ്രാമ നിവാസികൾ തങ്ങളുടെ ജലവിതരണത്തെ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടത്തിയ പോരാട്ടം പ്രമേയമാക്കിയാണ് ആ ചിത്രം അവതരിപ്പിച്ചത്. തങ്ങളുടെ ഭൂമിയിൽ, ഇടത്തിൽ വന്നു വീഴുന്ന മഴനീരിനു പോലും അവകാശമില്ലാതെ പോരാടേണ്ടി വന്ന ജനതയുടെ കഥ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മുതലാളിത്ത ഭീകരതയെ കൃത്യമായി അടയാളപെടുത്തിയ ചിത്രം കൂടിയാണ്.

2009 ലെ ശ്രീലങ്കൻ വംശഹത്യക്ക് ശേഷം തമിഴ് ജനങ്ങളിൽ പുതിയൊരു രാഷ്ട്രീയ ചോദ്യം ഉടലെടുത്തിട്ടുണ്ട്. ഉടലും ഉയിരും തമിഴിനു നൽകുന്ന, പൗരോഹിത്യാധികാരത്തെയും ബ്രാഹ്മണ്യത്തെയും പുറത്താക്കിയ പെരിയോർ  നിർമ്മിച്ച ദ്രവീഡിയൻ രാഷ്ട്രീയ വെളിച്ചത്തിൽ, പുതിയൊരു രാഷ്ട്രീയ വിചാരം കൂടി അവർക്ക് ലഭിയ്ക്കുന്നു. അത്, തങ്ങളുടെ നിലത്തിനുമേൽ, ഇടത്തിനു മേലുള്ള കടന്നുകയറ്റമാണ്. തങ്ങളുടെ ഭൂമി വെട്ടിപ്പിടിക്കുന്നതിലൂടെ കോർപ്പറേറ്റുകളും ഭരണകൂടങ്ങളും ശ്രമിക്കുന്നത് തങ്ങളുടെ ജനസഞ്ചയത്തെയും, അത് നിർമ്മിച്ച രാഷ്ട്രീയ വിചാരങ്ങളെയും ഇല്ലാതാക്കാനാണ് എന്ന തിരിച്ചറിവ് ആ ജനത സായത്തമാക്കി കഴിഞ്ഞു. ജാതി, അധികാരം, ഭൂമി എന്നീ 3 രാഷ്ട്രീയ സംജ്ഞകളെ കൃത്യമായി വായിക്കാൻ തമിഴ് സാംസ്കാരികതക്ക് കഴിഞ്ഞു എന്നിടത്താണ് ഹിന്ദുത്വത്തിന്റെ ഈ കാലത്തും തമിഴ് സാംസ്കാരികതയിൽ നിന്ന് ഉജ്ജ്വലമായ രാഷ്ട്രീയ പോരാട്ടങ്ങളും സമരങ്ങളും പ്രതിരോധങ്ങളും കാണാനാവുന്നത്. വെട്രിമാരനെ പോലൊരു സംവിധായകൻ ഈ പോരാട്ട ഭൂമികയുടെ ഏറ്റവും തെളിഞ്ഞ സിനിമാക്കാഴ്ചയുമായി, 'അസുരനു'മായി  എത്തുമ്പോൾ എത്രത്തോളം ആ സംവിധായകൻ ആ സാമൂഹിക-രാഷ്ട്രീയ സന്ദർഭങ്ങളോട് ഐക്യപ്പെടുന്നുവെന്നത് തിരയിടത്തിൽ തെളിഞ്ഞു കാണാം.

വെട്രിമാരന്റെ ചിത്രങ്ങളിൽ സംഘർഷഭരിതമായ സാഹചര്യങ്ങളിലേക്ക് നിരന്തരം വലിച്ചിഴക്കപ്പെടുന്ന ജനതയെയും അവരുടെ പോരാട്ടങ്ങളെയും കാണാം. അവരുടെ പ്രതികാരത്തെ പകർത്തുമ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ കേട്ട പഴി അതിൽ വയലൻസ് കൂടുന്നു എന്നതാണ്. കിം കി ഡുക്ക് സിനിമകളെ കാവ്യാത്മക വയലൻസ് എന്നു വിളിക്കുമ്പോൾ വെട്രിമാരന് ആ പ്രിവിലേജ് ലഭിക്കാത്തത് എന്ത് കൊണ്ടാവും? തീർച്ചയായും സാംസ്കാരിക മേൽക്കോയ്മയിൽ കീഴാള പ്രതിരോധത്തെ മുഴുവൻ അക്രമവത്കരിക്കുന്നതിന്റെ ഭാഗം തന്നെയാണത്. വെട്രിമാരന്റെ തന്നെ ഭാഷയിൽ പ്രതികാരമല്ല, മറിച്ച് തന്റെ കഥാപാത്രങ്ങൾ 'കാവ്യനീതി'യാണ് നടപ്പാക്കുന്നത് എന്നാണ്. ആ കാവ്യനീതിയെഏറ്റവും രാഷ്ട്രീയമായി അവതരിപ്പിക്കുകയാണ്  അസുരനിലൂടെ വെട്രിമാരൻ.

ആയിരത്തഞ്ഞൂറേക്കർ ഭൂമി കയ്യടക്കിയ വലിയ ഭൂവുടമകളുടെ(വടക്കൂറർ) ഇടയിൽ 3 ഏക്കറുമായി ജീവിക്കുന്ന കർഷകത്തൊഴിലാളി കുടുംബമാണ് ശിവ സാമി(ധനുഷ്) യുടേത്. ശിവസാമിയും ഭാര്യ പച്ചയമ്മയും(മഞ്ജു വാര്യർ), മക്കളായ മുരുഗനും(അരുണാസലം), ചിദംബര(കെൻ കരുണാസ്)വും ഇളയ മകളും പച്ചയമ്മയുടെ സഹോദരൻ മുരുകേസനും(പശുപതി) ചേർന്ന് ജീവിച്ചു വരുന്ന ഇടത്തേയും ആ ഇടത്തിനെ സംരക്ഷിക്കുന്ന പോരാട്ടത്തേയും ക്യാമറയിലൊപ്പിയതാണ് അസുരൻ. വലിയൊരു ഭൂമിയുടെ അറ്റത്ത് 3 ഏക്കറിൽ ജീവിക്കുന്ന ശിവസാമിയുടെ കുടുംബം ഭൂവുടമകളായ നരസിമ്മന്റെ കുടുംബത്തിന് ശത്രുക്കളാണ്. അവർ ശത്രുപാളയത്തിലാവുന്നതിന് 2 കാരണങ്ങളാണുള്ളത്. ഒന്ന് അവർ ഭൂവുടമകളാണെന്നതും ആ ഭൂമി കയ്യടക്കുക എന്ന സാമ്പത്തിക ലക്ഷ്യവും. രണ്ട് ജാതിയാണ്. ജാതിയിൽ കീഴ്ത്തട്ടിലുള്ള ശിവസാമിയുടെ എല്ലാ അധികാരങ്ങളും ഇല്ലാതാക്കുക എന്ന സാംസ്കാരിക ലക്ഷ്യം. ജാതിയിൽ കീഴ്ത്തട്ടിലുള്ളവരുടെ  ഭൂമി ഇല്ലാതാവുന്നതോടെ അവരുടെ സാമ്പത്തിക സാമൂഹ്യ അധികാരങ്ങൾ നേടാനുള്ള ശേഷി തന്നെ ഇല്ലാതാവുമെന്ന മേൽക്കോയ്മാ രാഷ്ട്രീയത്തെ കൃത്യമായി അവതരിപ്പിക്കുകയാണ് വെട്രിമാരൻ.

മുരുകൻ, വടക്കൂറാൻ നരസിമ്മനെ ചെരുപ്പു കൊണ്ട് തല്ലിയതിന് വടക്കൂറാൻ പ്രതികാരം ചെയ്യുന്നത് അതിക്രൂരമാണ്. മുരുകന്റെ തലയില്ലാത്ത ശരീരം പാടത്ത് നഗ്നമായി ഉപേക്ഷിക്കപ്പെടുന്നു. മറ്റു വെട്രിമാരൻ ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടി വ്യക്തമായി ജാതിയുടെ പ്രവർത്തനത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് അസുരൻ. തങ്ങളുടെ ഭൂമിയിലെ ജലം ഊറ്റുന്നതിനെതിരെ പ്രതികരിച്ച മുരുകനെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയാണ് വടക്കൂറന്മാർ. തന്റെ മകനെ വിട്ടുകിട്ടാൻ നാട്ടുപഞ്ചായത്തിൽ പരാതി പറയുന്ന ശിവസാമിയോട്  വടക്കൂറാൻ പറയുന്നത് തന്നോടും തന്റെ നാട്ടിലുള്ളവരോടും കാലിൽ വീണ് മാപ്പപേക്ഷിക്കാനാണ്. ഈ ശിക്ഷ ശരിവയ്ക്കുന്നതും നീതീകരിക്കുന്നതും ജാതിയുടെ ഉഛ- നീചത്വത്തിലാണ്. ജാതിയിൽ താഴ്ന്ന ശിവസാമിയും കുടുംബവും  പ്രതികരിക്കാൻ പാടില്ലെന്നും കാലിൽ വീണ് മാപ്പുപറയേണ്ടവരാണെന്നുമുള്ള ജാതി മേൽക്കോയ്മയുടെ പ്രവർത്തനം ഇവിടെ കൃത്യമായി അവതരിപ്പിക്കപ്പെടുന്നു. തന്റെ അഛൻ ആത്മാഭിമാനം വെടിഞ്ഞ് കാലിൽ വീണ് മാപ്പപേക്ഷിച്ചതിൻ പ്രതിയാണ് ചെരുപ്പു കൊണ്ട് നരസിമ്മനെ തല്ലുന്നത്. ഇവിടെയാണ് പ്രതികാരമെന്നത് കാവ്യനീതിക്ക് വഴി മാറുന്നത്. ചെരുപ്പെന്നത് ചിത്രത്തിൽ ജാതിയുടെ ഉഛ- നീചത്വങ്ങളെ കുറിക്കുന്ന മെറ്റഫറാണ്. ചെരുപ്പു കൊണ്ട് ഒരു കീഴ്ജാതിക്കാരന്റെ അടി കിട്ടിയത് വടക്കൂറാനെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനമാണ്. അത് തന്നെയാണ് മുരുകനെ അതിക്രൂരമായി ഇല്ലാതാക്കുന്നതും. മുരുകനെ ഇല്ലാതാക്കിയതിന്റെ കാവ്യനീതിക്കായാണ് മുരുകന്റെ അനുജൻ ചിദംബരം വടക്കൂറാൻ നരസിമ്മനെ കൊല്ലുന്നത്. ഇത് മുതൽ പുരോഗമിയ്ക്കുന്ന പോരാട്ടങ്ങളുടെ സംഘർഷഭൂമിയാണ് ഈ വെട്രിമാരൻ ചിത്രം.

ഒരേ സമയം തന്റെ കുടുംബത്തെ സംരക്ഷിക്കുക എന്നാൽ തന്റെ ഇടത്തെ കൂടെ സംരക്ഷിക്കുക എന്നാണെന്ന് ശിവസാമി കരുതുന്നു. ആ മൂന്നേക്കർ ഭൂമി അയാളുടെ ഭാര്യയുടേതാണ്. തങ്ങളുടെ കാലശേഷം മക്കൾ അനുഭവിക്കേണ്ടവ. അവ അനുഭവിക്കണമെങ്കിൽ തന്റെ മക്കൾ ജീവനോടെ ഇരിയ്ക്കേണ്ടതുണ്ടെന്ന ബോധ്യമാണ് തന്റെ വീര്യ ഭൂതകാലത്തെ മറന്ന് സഹനത്തിന്റെ വർത്തമാനത്തിൽ അതിജീവിയ്ക്കുന്നത്. തീർച്ചയായും വിപണി സിനിമയുടെ വ്യാകരണത്തിനൊത്ത് ധനുഷ് എന്ന നടൻ അവിസ്മരണീയമാക്കുന്ന ശിവസാമിയുടെ ജ്വലിക്കുന്ന യുവത്വത്തിന്റെയും സഹനത്തിൽ നിന്ന് ഭൂതകാല യുവത്വ വീര്യത്തെ ഓർമിപ്പിക്കുന്ന ഹിംസാത്മകതയിലേക്കുള്ള ട്രാൻസ്ഫർമേഷനെയും സിനിമയിൽ  കണ്ണിച്ചേർത്തിട്ടുണ്ട് വെട്രിമാരൻ.

നേരത്തെ സൂചിപ്പിച്ചതു പോലെ വെട്രിമാരൻ കുറേക്കൂടി വ്യക്തമായി ജാതി സംവാദാത്മകമാക്കിയ ചിത്രം കൂടിയാണ് അസുരൻ. രണ്ടാം പകുതിയിലെ ശിവസാമിയുടെ ഭൂതകാല ജീവിതത്തിൽ തന്റെ കാമുകിക്ക് ചെരുപ്പ് തയ്പ്പിച്ച് സമ്മാനിക്കുന്ന രംഗമുണ്ട്. പക്ഷേ കീഴ് ജാതിയിൽ പെട്ടവളായതിനാൽ ചെരുപ്പിട്ടു നടന്നതിന് അവൾ ഭീകരമായി മർദ്ദിക്കപ്പെടുന്നു. അതിനു പകരം ചോദിയ്ക്കുന്ന ശിവസാമിക്ക് അത് ചോദ്യം ചെയ്തതിന്റെ പേരിൽ ജോലി നഷ്ടമാവുന്നു. ജാതിയിൽ താഴെയുള്ളവർ ചെരുപ്പിടന്നതും പ്രതികരിക്കുന്നതും ഒരേ സമയത്തു തന്നെ സാമൂഹിക തിന്മയാവുന്ന ജാതിയുടെ പ്രവർത്തനത്തെ വെട്രിമാരൻ അടയാളപ്പെടുത്തുന്നു.

ഇടത്തിനു വേണ്ടിയുള്ള പോരാട്ടം ഫ്ലാഷ് ബാക്കിലുമുണ്ട്. അവിടെ പരാജയപ്പെട്ട ശിവസാമിയുമുണ്ട്. അതുകൊണ്ട് തന്നെയാണ് വർത്തമാനത്തിൽ അയാൾ സഹനത്തിന്റെയും ഒത്തുതീർപ്പിന്റെയും പാത സ്വീകരിക്കുന്നത്. എന്നാൽ ഓരോ ഒത്തുതീർപ്പുകളുടെയും സമവാക്യങ്ങളിൽ തന്റെ ഭൂമി നഷ്ടമാവുന്ന സമവാക്യങ്ങളിലേക്ക് നീങ്ങുമ്പോൾ ഹിംസയുടെ ആയുധങ്ങൾ തന്നെ മൂർച്ചപ്പെടുത്തേണ്ടി വരുന്നു.

ചിത്രത്തിലെ മറ്റൊരു സൂക്ഷ്മമായ ഇടപെടൽ പ്രകാശ് രാജ് അവതരിപ്പിച്ച വേണുഗോപാൽ ശേഷാദ്രി എന്ന വക്കീൽ കഥാപാത്രമാണ്. ഉന്നതകുലജാതനായ അയാൾ തന്റെ പ്രിവിലേജുകൾ വലിച്ചെറിഞ്ഞ പുരോഗമന വാദിയാണ്. ശിവസാമിയുടെ ഫ്ലാഷ് ബാക്കിലെ ഭൂസമരത്തിന്റെ മുഖ്യ സംഘാടകൻ  വേണുഗോപാൽ ശേഷാദ്രിയാണ്. തുടർന്ന് ഏഴൈതോഴനാവുന്ന ശേഷാദ്രി പല ഘട്ടങ്ങളിലും ശിവസാമിക്ക് തുണയാവുന്നു. ജാതി ഔന്നത്യം നൽകുന്ന കൾച്ചറൽ കാപിറ്റൽ തന്നെയാണ് അയാളുടെ ഇടപെടൽ ശേഷിയെന്ന് സൂചിപിക്കുന്ന സൂക്ഷ്മ രാഷ്ട്രീയത്തിന്റെ മികവുറ്റ കയ്യടക്കമുള്ള അവതരണമാണ് വെട്രിമാരന്റേത്. ഈ ഇടപെടൽ ശേഷിയിലേക്കുള്ള ഉയർച്ച വിദ്യാഭ്യാസത്തിലൂടെയാവണമെന്ന ശിവസാമിയുടെ തിരിച്ചറിവിൽ സിനിമ പുതിയ ആലോചനകളിലേക്ക് അവസാനിയ്ക്കുന്നു.

കരിയറിൽ തന്നെ, തിരിച്ചു വരവിൽ തീർച്ചയായും മഞ്ജു വാര്യരുടെ ഏറ്റവും മികച്ച വേഷ പകർച്ചയാണ് അസുരനിലേത്. എല്ലാ ഭാവ പകർച്ചകളിലും ഉജ്ജ്വലമായ പ്രകടന മികവാണ് ധനുഷ് പുലർത്തിയത്. ഫോക്കിൽ പ്രാദേശിക താളത്തിൽ ലീനിയറായി കഥ പറയുന്ന വെട്രിമാരന് മികച്ച പിന്തുണ നൽകിയത് ജി വി പ്രകാശ് കുമാറിന്റെ നാട്ടീണങ്ങളാണ്. വെക്കൈ എന്ന നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് അസുരൻ.

വിണ്ടു കീറിയ മണ്ണിൽ നിന്നുയരുന്ന ചുവപ്പൻ അക്ഷരങ്ങളിലാണ് അസുരനെന്ന ടൈറ്റിൽ പ്രത്യക്ഷമാവുന്നത്. കറുപ്പിന്റെ, നിലത്തിന്റെ, ജാതിയുടെ, അധികാരത്തിന്റെ ചുവപ്പ് വീഴുന്ന ഭൂമിയാണ് വെട്രിമാരന്റെ അസുരൻ

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT