ഇന്ന് ലോക സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളും സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം പണം കൊയ്ത ചിത്രങ്ങളുടെ സംവിധായകരില്‍ രണ്ടാമനുമായ കാമറണിന്റെ അവ്താറിന്റെ ഈ മൂന്നാം പതിപ്പ് തിരക്കഥയൊഴിച്ച് എല്ലാ മേഖലകളിലും ട്രൂലി വേള്‍ഡ് ക്ലാസ് എന്ന് തന്നെ പറയാം.
ജെയിംസ് കാമറണിന്റെ അവ്താര്‍ ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രമായ, അവ്താര്‍: ഫയര്‍ ആന്റ് ആഷ് (Avatar: Fire And Ash) കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ പൂരമാണ്. മൂവായിരത്തി അഞ്ഞൂറ് കോടിയിലേറെ രൂപയുടെ ബജറ്റുമായി ചരിത്രത്തില്‍ ഏറ്റവും ചിലവേറിയ ആറാമത്തെ ചിത്രമായാണ് ഇത് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രമേയത്തിന്റെ ആവര്‍ത്തന വിരസത മാത്രമാണ് ചിത്രത്തിന്റെ ഒരേയൊരു പോരായ്മ.
2009ലാണ് ആദ്യ അവതാര്‍ പുറത്തിറങ്ങിയതെങ്കിലും ജെയിംസ് കാമറണ്‍ അവ്താറിന്റെ ലൂപ്പിനകത്ത് അകപ്പെട്ടു കഴിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടിലേറെ കാലമായി. സമുദ്ര ശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹത്തിന് പ്രകൃതിയും ജീവജാലങ്ങളും ഇത്രമേല്‍ സിംക്രണൈസ്ഡായി നിലകൊള്ളുന്ന ഒരു ഭാവനാ പ്രപഞ്ചത്തോട് വേര്‍പിരിയാനാവാത്ത അടുപ്പമുണ്ടാകുന്നത് മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷേ പ്രേക്ഷകരുടെ കാര്യം വ്യത്യസ്തമാണെന്നത് എന്തുകൊണ്ടോ ജെയിംസ് കാമറണ്‍ ഗൗനിക്കുന്നേയില്ല. ആദ്യ അവ്താര്‍ സിനിമയുടെ പ്രമേയം തന്നെയാണ് പാര്‍ട്ട് രണ്ടിലും ഇപ്പോള്‍ മൂന്നിലും വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ ആവര്‍ത്തിക്കുന്നത്. വാസ്തവത്തില്‍ ഒരൊറ്റ സിനിമയ്ക്കുള്ള കഥാതന്തു മാത്രമായിരുന്നു അവ്താര്‍. ടൈറ്റാനിക്കും ടെര്‍മിനേറ്ററും ഉള്‍പ്പെടെ ബൃഹത്തും വൈവിധ്യപൂര്‍ണവുമായ സിനിമകള്‍ ചെയ്ത കാമറണ്‍, തന്റെ അസാമാന്യമായ ജീനിയസിനെ ഇയൊരൊറ്റ പ്രമേയത്തില്‍ ഇത്ര നീണ്ട കാലം തളച്ചിടുന്നത് ലോകസിനിമയ്ക്ക് സംഭവിക്കുന്ന ഭീമമായ നഷ്ടങ്ങളിലൊന്നാണെന്ന് പറയാതെ വയ്യ.
ഭൂമിയില്‍ നിന്നും 4.37 ലക്ഷം പ്രകാശവര്‍ഷം അകലെ സൗരയൂഥത്തിന് പുറത്ത് ആല്‍ഫ സെന്റോറിയിലെ പാന്റോറ എന്ന ഉപഗ്രഹത്തില്‍, 2154-ലാണ് ആദ്യ അവ്താറിലെ കഥ നടക്കുന്നത്. ഇത്രയകലെയുള്ള പാന്റോറയിലെ ഹ്യൂമനോയ്ഡ്-ആദിമ നിവാസികളായ നെയ് വി വംശജരെ കീഴ്‌പ്പെടുത്തി അവിടെ അധിനിവേശം നടത്താന്‍ ആര്‍ഡിഎ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മനുഷ്യര്‍ ശ്രമിക്കുമ്പോള്‍, നെയ്-വിയായി മാറിയ മനുഷ്യന്‍ ജെയ്ക് സള്ളിയുടെയും നെയ്-വി വംശജയായ ഭാര്യ നെയ്റ്റിരിയുടെയും നേതൃത്വത്തില്‍ നെയ്-വികള്‍ ശക്തമായി ചെറുത്തു നില്ക്കുന്നതാണ് ആദ്യ അവ്താറിന്റെ കഥയെങ്കില്‍ കഥാപരിസരം മാത്രമേ രണ്ടാമത്തെയും മൂന്നാമത്തെയും അധ്യായങ്ങളില്‍ മാറുന്നുള്ളൂ. പാന്റോറയിലെ ഒമറ്റികായ മേഖലയില്‍ നിന്ന് പൂര്‍വ സമുദ്ര മേഖലയായ മെറ്റ്കായിനയിലേക്ക് കഥ ഷിഫ്റ്റ് ചെയ്യുന്നതിനാല്‍ സൂക്ഷ്മ ജലസസ്യങ്ങള്‍ മുതല്‍ കൂറ്റന്‍ തിമിംഗലങ്ങള്‍ വരെയുള്ള അക്വാറ്റിക് അത്ഭുതങ്ങള്‍ രണ്ടാം ഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുവെങ്കിലും കഥ പഴയത് തന്നെയാണ്. ഇപ്പോള്‍ മൂന്നാം ഭാഗമായപ്പോള്‍ പ്രമേയ പരിസരം പോലും മാറുന്നില്ലെന്ന് പറയാം. രണ്ടാം ഭാഗത്തിലെ ക്ലൈമാക്‌സിന്റെ തുടര്‍ച്ചയായി, മെറ്റ്കായിന കീഴ്‌പ്പെടുത്താന്‍ വീണ്ടുമെത്തുന്ന മനുഷ്യരും നെയ് വികളും തമ്മിലുള്ള പോരാട്ടമാണ് പാര്‍ട്ട്-3യുടെയും പ്രമേയം.
രണ്ടും മൂന്നും ഭാഗങ്ങള്‍ ഒന്നിച്ചു ഷൂട്ട് ചെയ്തതിന്റെ സവിശേഷതകളും ചിത്രത്തില്‍ പ്രതിഫലിക്കുന്നതായിക്കാണാം. അതേ സമയം, മനുഷ്യര്‍ക്കൊപ്പം ആഷ് പീപ്പിള്‍ എന്ന് വിളിക്കപ്പെടുന്ന മാംഗ്വാന്‍ എന്ന ക്രൂര നെയ്-വി ഗോത്രവും വിന്റ് ട്രെയ്ഡര്‍സ് എന്നറിയപ്പെടുന്ന ശാന്തരും ആകാശ സഞ്ചാരികളും വ്യാപാരികളുമായ നെയ്-വി ഗോത്രവും കഥയിലേക്ക് ഇവിടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. വരാംഗ് എന്ന ശക്തയായ സ്ത്രീയാണ് ആഷ് ജനതയുടെ നേതാവ്. മഹാനായ ചാര്‍ളി ചാപ്ലിന്റെ കൊച്ചുമകള്‍ ഊന ചാപ്ലിന്‍, വരാംഗിന്റെ വേഷത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവ്താര്‍ സീരിസിലെ പുതിയൊരു പ്ലോട്ട് പോയന്റായി മൂന്നാം ഭാഗത്തില്‍ ആര്‍ഡിഎ കോര്‍പ്പറേഷനും വരാംഗിന്റെ ആഷ് ജനതയും തമ്മില്‍ സഖ്യം സ്ഥാപിക്കുന്നു. ഇതിനിടയില്‍ ആര്‍ഡിഎയുടെ മനുഷ്യ-അവ്താര്‍ സേനാധികാരി കേണല്‍ മൈല്‍സ് ക്വാറിറ്റിച്ചും വരാംഗും തമ്മില്‍ അനുരക്തരാകുന്നുമുണ്ട്.
മറുവശത്ത് മെറ്റ്കായിനയിലെ സമുദ്രാധിഷ്ഠിത നെയ്-വികളും കടല്‍-ഗഗന ജീവികളും പ്രകൃതി ഒന്നടങ്കവും ജെയ്ക് സള്ളിയ്ക്കും നെയ്റ്റീരിയ്ക്കും പിന്തുണ നല്‍കുന്നു. പടം തുടങ്ങി, മനുഷ്യരുടെയും ആഷ് ജനതയുടെയും തോല്‍വിയില്‍ അവസാനിക്കുന്നത് വരെ അധിനിവേശ ആക്രമണങ്ങളും ചെറുത്തുനില്‍പ് പോരാട്ടങ്ങളുമാണ് അവ്താര്‍-3യുടെ ഉള്ളടക്കം. പ്രമേയത്തിന്റെ ആവര്‍ത്തനം, ആക്ഷന്‍ നടക്കാത്ത രംഗങ്ങളിലെ മന്ദഗതി, മൂന്നേകാല്‍ മണിക്കൂര്‍ എന്ന കടുത്ത ദൈര്‍ഘ്യം എന്നിങ്ങനെ ഇടയ്ക്ക് മടുപ്പിച്ചേക്കാവുന്ന ചില ഘടകങ്ങളുണ്ടെങ്കിലും ജെയിംസ് കാമറണ്‍ എന്ന അതിരുകളില്ലാത്ത സ്വപ്ന സഞ്ചാരി അണിയിച്ചൊരുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ വെടിക്കെട്ടില്‍ ഇതെല്ലാം മറന്ന് പ്രേക്ഷകന്‍ വാ പൊളിച്ചിരുന്ന് പോകും. വീറുറ്റ യുദ്ധദൃശ്യങ്ങള്‍ മുതല്‍ സമുദ്രാന്തര്‍ ഭാഗത്തെ മായക്കാഴ്ചകള്‍ വരെ; നെടുങ്കന്‍ തിമിംഗലങ്ങള്‍ മുതല്‍ ഭീമന്‍ ആകാശപ്പറവകള്‍ വരെ, കാഴ്ചയുടെയും കേള്‍വിയുടെയും വിരുന്നാണ് അവതാര്‍-3. ആദ്യ പകുതിയേക്കാള്‍ ചലനാത്മകമാണ് രണ്ടാം പകുതി.
ജെയ്ക് സള്ളിവനില്‍ കേന്ദ്രീകരിക്കാതെ വരാംഗിനും നെയ്റ്റീരിയ്ക്കും ക്വാറിറ്റിച്ചിനും സമാനമായ സ്‌ക്രീന്‍ സ്‌പെയ്‌സും പ്രഭാവവും നല്‍കുന്ന രീതിയിലാണ് കഥ വികസിക്കുന്നത്. ജെയ്ക്കിന്റെ കുട്ടികള്‍ക്കും വര്‍ധിച്ച റോളുകളുണ്ട്. ഈയൊരു തരത്തിലെ പാത്രനിര്‍മിതി, രണ്ടാം ഭാഗത്തിന്റെ അതേ കഥ ആവര്‍ത്തിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പ്രേക്ഷകന്റെ ശ്രദ്ധ തിരിക്കുമാറുള്ള സജീവമായ എന്‍ഗേയ്ജ്‌മെന്റുകള്‍ക്ക് വഴിയൊരുക്കുന്നു. എന്ന് മാത്രമല്ല, മൊത്തം പ്രമേയം അടുത്ത ഘട്ടത്തിലേക്ക് വികസിക്കുന്നതായ സൂചനകളും പാര്‍ട്ട്-3 മുന്നോട്ടു വെക്കുന്നു. ജെയ്ക് സള്ളിവന്‍-നെയ്റ്റീരി ജോഡിയ്‌ക്കൊപ്പം ക്വാറിറ്റിച്ച്-വരാംഗ് ജോഡി കൂടി ഉദയം ചെയ്യുന്നതും വരാംഗിന്റെയും ആഷ് ജനതയുടെയും പ്രഭാവവും നെയ്റ്റീരി കൂടുതല്‍ പ്രോ ആക്റ്റീവ് ആകുന്നതും അവരുടെ കുട്ടികള്‍ക്ക് സൈനിക നീക്കങ്ങളിലും കുടുംബാന്തരീക്ഷത്തിലും അധികം ഇടം ലഭിക്കുന്നതും അടുത്ത ഭാഗങ്ങളിലേക്ക് പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. ക്വാറിറ്റിച്ച് ഇനിയും അതിജീവിക്കുകയാണെങ്കില്‍, അച്ഛനും വളര്‍ത്തച്ഛനുമിടയില്‍ ചാഞ്ചാടുന്ന സ്‌പൈഡറിന്റെ തുടര്‍ന്നുളള വികാസം എപ്രകാരമായിരിക്കും എന്നതും കൗതുകമുണര്‍ത്തുന്ന ഘടകമാണ്.
പ്രകൃതിയുമായുള്ള മനുഷ്യന്റെ നിരുപാധികമായ വിലയനമാണ് പൂര്‍വാധ്യായങ്ങളിലെന്ന പോലെ മൂന്നാം അധ്യായത്തിലും കാമറണ്‍ ഉയത്തിപ്പിടിക്കുന്ന തത്വദര്‍ശനം. അതിന്റെ ചിത്രണത്തില്‍ കൈവരുന്ന മിസ്റ്റിക് ബ്യൂട്ടിയാണ് അവതാറില്‍ എന്റെ പേര്‍സണല്‍ ഫേവ്‌റിറ്റ് ഫാക്റ്റര്‍. വിദ്വേഷത്തിന്റെ തീ വിനാശത്തിന്റെയും വ്യസനത്തിന്റെയും ചാരം മാത്രമേ ഉത്പാദിപ്പിക്കുകയുള്ളൂവെന്നും കൂട്ട നശീകരണായുധങ്ങള്‍ ഹൃദയങ്ങളെ വിഷലിപ്തമാക്കുമെന്നും അവ്താര്‍-3യില്‍ ജെയിംസ് കാമറണ്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു.
സാം വര്‍ത്തിങ്ടണ്‍, സ്റ്റീഫന്‍ ലാംഗ്, സോയെ സല്‍ദാന, ഊന ചാപ്ലിന്‍ തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനം, റസ്സല്‍ കാര്‍പന്ററിന്റെ ഗംഭീരമായ ഛായാഗ്രഹണം, സൈമണ്‍ ഫ്രാങ്ക്‌ളിന്റെ സുന്ദര സംഗീതം, സൗണ്ടിങ്, എഡിറ്റിങ്, സിജിഐ-സ്‌പെഷ്യല്‍ എഫക്റ്റുകള്‍ തുടങ്ങി സര്‍വ മേഖലകളിലും ഒന്നാന്തരം പടമാണ് അവ്താര്‍-3. സൈമണ്‍ ഫ്രാങ്ക്‌ളിന്റെ സംഗീതത്തിന് സിനിമയുടെ ആത്മാവ് തൊട്ടറിയുന്നതിന്റെ സുഖദമായ ഫീല്‍ ഉണ്ട്. സാങ്കേതികമായി ലോക സിനിമ എവിടെ എത്തി നില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം അവ്താര്‍-3 എന്നായിരിക്കും.
മൂന്നാം ഭാഗം വലിയ വിജയമായില്ലെങ്കില്‍ അവ്താര്‍ അവസാനിപ്പിക്കുമെന്ന് കാമറണ്‍ ഇടയ്ക്ക് പറയുകയുണ്ടായെങ്കിലും ഇതിനകം തന്നെ നാലാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായാണ് വാര്‍ത്തകള്‍. 2029, 31 വര്‍ഷങ്ങളില്‍ നാലാമത്തെയും അഞ്ചാമത്തെയും അവ്താര്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ പുറത്തിറക്കുവാനാണ് ഇപ്പോള്‍ ജെയിംസ് കാമറണിന്റെ പദ്ധതി. മൂന്നാം ഭാഗം മുന്നോട്ടു വെക്കുന്ന സൂചനകളുടെ വഴിയില്‍ പ്രമേയത്തിന് വമ്പിച്ച വികാസം നല്‍കുവാന്‍ അദ്ദേഹത്തിന് സാധിക്കുകയാണെങ്കില്‍ ഇതുവരെ കണ്ടതിലും വലിയ അത്ഭുതങ്ങള്‍ക്കായിരിക്കും ഇനി സിനിമാലോകം സാക്ഷ്യം വഹിക്കുക. അതിന് സാധിക്കുന്നില്ലെങ്കില്‍, ഈയൊരു ഏകതാനതയ്ക്ക് വിരാമമിട്ട് വ്യത്യസ്ത പ്രമേയങ്ങള്‍ക്കായി അദ്ദേഹം ട്രാക്ക് മാറുക എന്നത് ലോകത്തെ മുഴുവന്‍ ചലച്ചിത്ര പ്രേമികളുടെയും ആവശ്യമാണ്. അവ്താര്‍-3യിലെ അവാച്യ സുന്ദര ദൃശ്യങ്ങളുടെ അത്ഭുത രസം ആവോളം നുകരുമ്പോഴും, ഇതേ കഥ ഇനിയും ആവര്‍ത്തിക്കരുതേ എന്ന അപേക്ഷയാവും പ്രേക്ഷകന്റെ മനസ്സില്‍ ബാക്കിയാകുക. അസാമാന്യവും അതുല്യവും ബഹുമാന്യവുമായ പ്രതിഭ ധൂര്‍ത്തടിക്കുന്നതിനും ഒരു പരിധിയൊക്കെ വേണ്ടേ!