വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' എന്ന പുതിയ ചിത്രത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുൻ മുഖ്യ പരിശീലകനായ ഇവാൻ വുകോമാനോവിച്ച് അഭിനയിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ അദ്ദേഹത്തെ കാസ്റ്റ് ചെയ്തതിന് പിന്നിലെ കഥ പറയുകയാണ് വിനീത്.
തങ്ങളുടെ ഭാഗ്യം കൊണ്ടാണ് ഇവാൻ വുകോമാനോവിച്ചിനെ ലഭിച്ചത്. എല്ലാവര്ക്കും സുപരിചതനായ ഒരു വിദേശ താരത്തെ വേണമെന്ന ആലോചനകൾക്കിടയിൽ ചിത്രത്തിലെ നായകൻ നോബിളിന്റെ സഹോദരനാണ് ഇവാൻ വുകോമാനോവിച്ചിന്റെ കാര്യം പറയുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മാനേജറെ സമീപിക്കുകയും ഇവാൻ വുകോമാനോവിച്ചിന് ചിത്രത്തിന്റെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന് അറിയുകയും ചെയ്തുവെന്ന് വിനീത് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
വിനീത് ശ്രീനിവാസന്റെ വാക്കുകൾ:
ആശാനെ ഞങ്ങൾക്ക് ലക്ക് കൊണ്ട് കിട്ടിയതാണ്. എല്ലാ മലയാളികൾക്ക് അറിയാവുന്ന സായിപ്പ് ഇല്ലല്ലോ ദൈവമേ എന്ന് ഞാൻ ആലോചിച്ചിരുന്നു. പണ്ട് ആനവാൽ മോതിരം, സീസൺ എന്നീ സിനിമകളിൽ അഭിനയിച്ച ഗാവിൻ ഉണ്ടായിരുന്നു. അതുപോലെ അറിയപ്പെടുന്ന ഒരു മുഖം വേണമായിരുന്നു. നോബിളിന്റെ സഹോദരനാണ് ആശാന്റെ കാര്യം പറയുന്നത്. അദ്ദേഹത്തിന് കേരളം ഏറെ ഇഷ്ടമാണ് എന്ന് നോബിളിന്റെ സഹോദരൻ നിഖിൽ പറഞ്ഞപ്പോൾ ഞങ്ങൾ ആശാന്റെ മാനേജറെ സമീപിച്ചു. അദ്ദേഹത്തിന് താല്പര്യമുണ്ട് എന്നത് ഏറെ സന്തോഷം നൽകിയ കാര്യമാണ്.