വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തു വരും. ആദ്യ സിനിമയായ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ പതിനഞ്ചാം വാർഷികത്തിലാണ് വിനീത് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. തന്റെ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് പങ്കുവച്ച പോസ്റ്റിൽ വിനീത് പറഞ്ഞിരുന്നു. പിന്നാലെ പോസ്റ്റിന് താഴെ ആരാധകരുടെ നിരവധി ചോദ്യങ്ങളാണ് വന്നത്. കമന്റുകളിൽ കൂടുതലും അടുത്ത പടം ചെന്നൈ ആണോ എന്ന തരത്തിലായിരുന്നു. ഇത്തരം കമന്റുകൾക്ക് വിനീത് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്.
വിനീതിന്റെ സിനിമകളിലെ ചെന്നൈ സാന്നിധ്യം മുമ്പും ഒരുപാട് തവണ ട്രോൾ ചെയ്യപ്പെട്ട കാര്യമാണ്. ഇതിനെക്കുറിച്ചായിരുന്നു പോസ്റ്റിന് താഴെ വന്ന മിക്ക കമന്റുകളും. ‘ചെന്നൈ അധോലോകം ആയിരിക്കും’ എന്ന കമന്റിന്, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!’ എന്നായിരുന്നു വിനീതിന്റെ മറുപടി. 'ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ’ എന്ന കമന്റിന് 'ചെന്നൈ ഇല്ല, ഉറപ്പിക്കാം' എന്നും വിനീത് കമന്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ നായകനായി എത്തുന്നത് നോബിൾ ബാബുവാണ്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. സഹ നിർമാതാവായി വിനീത് ശ്രീനിവാസനും ഒപ്പമുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തു വരും. ചിത്രം സെപ്റ്റംബർ 26 ന് തിയറ്ററുകളിലെത്തുമെന്നാണ് വിശാഖ് സുബ്രമണ്യം മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
വിശാഖ് സുബ്രമണ്യം പറഞ്ഞത്:
ഒരു വർഷത്തോളം സമയമെടുത്താണ് ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയത്. 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണത്തിന് മുന്നേയാണ് വിനീത് എന്നെ വിളിച്ച് മൂന്നാമത് ഒരു സിനിമ നമുക്ക് ചെയ്താലോ എന്ന് ചോദിക്കുന്നത്. ഇതൊരു ത്രില്ലർ സിനിമയായിരിക്കും എന്ന് വിനീത് ഒരു ഹിന്റ് നൽകിയിരുന്നു. അതുപോലെ ഒരു ഇന്റർനാഷണൽ സ്കെയിലായിരിക്കും സിനിമ പ്ലാൻ ചെയ്യുന്നത് എന്നും വിനീത് പറഞ്ഞിരുന്നു. ഇന്റർനാഷണൽ സ്കെയിൽ എന്ന് കേട്ടപ്പോൾ വിദേശത്ത് ഒരു മൂന്ന്-നാല് ദിവസത്തെ ഷൂട്ടായിരുന്നു ഞാൻ മനസ്സിൽ കണ്ടത്. എന്നാൽ 85-90 ശതമാനവും പുറത്തായിരുന്നു ഷൂട്ട് ചെയ്തത്. ജോർജിയ, അസര്‍ബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പോയി ഒരു സിനിമ ചിത്രീകരിക്കുക എന്നത് തീർത്തും ചലഞ്ചിംഗ് ആയൊരു അനുഭവം തന്നെയായിരുന്നു. അതിനാൽ തന്നെയാണ് ഒരു വർഷത്തെ പ്രീ പ്രൊഡക്ഷൻ വേണ്ടിവന്നത്. ജൂൺ മാസത്തിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സെപ്റ്റംബർ 26 ന് പൂജ റിലീസായി സിനിമ എത്തിക്കുവാനാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. ഒരു മാസത്തിനകം ടൈറ്റിൽ അനൗൺസ്‌മെന്റ് ഉണ്ടാകും. ആദ്യം ഓണം റിലീസ് എന്നൊരു പ്ലാൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ ലാലേട്ടന്റെ 'ഹൃദയപൂർവ്വം' ഓണത്തിന് എത്തുന്നുണ്ട്. എനിക്കും വിനീതിനും അദ്ദേഹവുമായി വർഷങ്ങളായുള്ള ബന്ധമാണ്. അപ്പോൾ ലാലേട്ടൻ സിനിമയുമായി ഒരു ക്ലാഷ് റിലീസ് വേണ്ട എന്ന് കരുതിയാണ് പൂജ റിലീസിലേക്ക് എത്തിയത്.