Film News

ഇന്ദു വി.എസിന്റെ സിനിമയിലൂടെ വിജയ് സേതുപതി നായകനായി മലയാളത്തില്‍, നിത്യാ മേനോന്‍ നായിക

വിജയ് സേതുപതി നായകനായി മലയാളത്തില്‍. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി നായകനായെത്തുന്നത്. നിത്യ മേനോനാണ് നായിക. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ഒന്നര വര്‍ഷം മുമ്പാണ് കഥ കേട്ട് വിജയ് സേതുപതി ചിത്രം ചെയ്യാന്‍ സമ്മതം അറിയിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നിത്യയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചു. എന്നാല്‍ കൊവിഡ് പ്രതിസന്ധികള്‍ മൂലം ചിത്രീകരണം വൈകുകയായിരുന്നു.

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത് കേരളത്തിലാകും. കൊവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ചിത്രീകരിക്കാവുന്ന സിനിമയാകും ഇത്. ഇന്ദു വിഎസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ദേശീയ പുരസ്‌കാര ജേതാവായ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്ദന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളില്‍ ഇന്ദു നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്നവരാണെന്ന് നിത്യ മേനോന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'നിഗൂഢതകള്‍ നിറഞ്ഞ രസകരമായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. വിരസമായ ജീവിതം നയിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് എനിക്ക്, വിജയ് സേതുപതിയുടെ കഥാപാത്രമെത്തുന്നതോടെ അവളുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. അധികം കഥാപാത്രങ്ങള്‍ ഈ സിനിമയിലില്ല. അതുകൊണ്ട് തന്നെ ഈ സമയത്തും ചിത്രം ഷൂട്ട് ചെയ്യുന്നതിന് തടസമുണ്ടാകില്ല', നിത്യ മേനോന്‍ പറഞ്ഞു.

കേരളത്തില്‍ ഇന്‍ഡോര്‍ സീനുകളാകും ആദ്യം ചിത്രീകരിക്കുക. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകും. അടുത്ത ആഴ്ചകളില്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

നേരത്തെ ജയറം നായകനായ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അതിഥി താരമായി വിജയ് സേതുപതി എത്തിയിരുന്നു.

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

SCROLL FOR NEXT