Film News

'ദുരന്തത്തിന്റെ സമാനതകള്‍ ഞെട്ടിക്കുന്നു'; ടൈറ്റന്‍ അന്തര്‍വാഹിനി അപടത്തില്‍ പ്രതികരിച്ച് ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണ്‍

സമുദ്ര പേടകം ടൈറ്റന്‍ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണ്‍. ടൈറ്റാനിക്ക് കപ്പലിന്റെയും ടൈറ്റന്‍ അന്തര്‍വാഹിനിയുടെയും ദുരന്തത്തിലെ സമാനതകള്‍ തന്നെ ഞെട്ടിക്കുന്നുവെന്ന് കാമറൂണ്‍ പറയുന്നു. ഒരു നൂറ്റാണ്ട് മുന്‍പ് കടലില്‍ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പോയ ടൈറ്റന്‍ എന്ന ജലപേടകമാണ് കഴിഞ്ഞ ദിവസം തകര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അന്തര്‍വാഹിനിയില്‍ നിന്നുള്ള ആശയ വിനിമയം നിലച്ചതോടെ തന്നെ ഒരു അപകടം നടക്കാന്‍ സാധ്യതയുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്ന് കാമറൂണ്‍ പറഞ്ഞു. ടൈറ്റന്റെ അപകടം ടൈറ്റാനിക്ക് പോലെ സമാനതയുള്ളതാണെന്നും രണ്ടും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു കൊണ്ടാണ് മുന്നോട്ട് പോയതെന്നും കാമറൂണ്‍ പറയുന്നു. മുന്നിലുള്ള മഞ്ഞു പാളിയെക്കുറിച്ച് ടൈറ്റാനിക്കിന്റെ ക്യാപ്റ്റന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് വേഗതയിലെത്തിയ കപ്പല്‍ മഞ്ഞുമലയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇതുപോലെ തന്നെ ടൈറ്റന്‍ കമ്പനിയുടെ മാതൃസ്ഥാപനമായ ഓഷ്യന്‍ ഗേയ്റ്റിന് അപകട സാധ്യത ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള നിരവധി കത്തുകള്‍ ലഭിച്ചിരുന്നുവെന്നും കുറേ പേര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും കാമറൂണ്‍ പറയുന്നു.

ഈ അപകടം നടക്കുന്ന സമയത്ത് താന്‍ ഒരു കപ്പലില്‍ ആയിരുന്നുവെന്നും സംഭവം അറിഞ്ഞപ്പോള്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതായിരിക്കാം എന്നാണ് തന്റെ ചിന്തയില്‍ വന്നതെന്നും ജയിംസ് കാമറൂണ്‍ പറയുന്നുണ്ട്.

മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചത്. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായും യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സി.ഇ.ഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്‍ട്രി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്‌ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു.

കാനഡയുടെ ന്യൂഫൗണ്ട്‌ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍ നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടനിലെ സതാംപ്ടണില്‍ നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി നടത്തിയ ആദ്യത്തെ യാത്രയിലാണ് ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങിയത്. അപകടത്തില്‍ 1500 ല്‍ അധികം യാത്രക്കാര്‍ മരണപ്പെട്ടിരുന്നു. ഈ അപകടത്തെ അടിസ്ഥാനപ്പെടുത്തി 1997 ല്‍ ഡി കാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ടൈറ്റാനിക്ക്.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT