ദിലീഷ് പോത്തനൊപ്പം നടത്തിയ ഗൂഢാലോചനയുടെ ശക്തി മനസ്സിലായത് ദേശീയ പുരസ്‌കാര വേദിയിലാണെന്ന് നടി സുരഭി ലക്ഷ്മി. കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ താനും ദിലീഷ് പോത്തനും ഒന്നിച്ചാണ് തിയറ്റർ പഠനം പൂർത്തിയാക്കിയത്. അന്ന് ഒപ്പം പഠിച്ചവർ മിക്കവാറും പേരും മഹാരാജാസിനെ കുറിച്ച് പറയാറുണ്ട്. പഠിച്ച സ്ഥലം എന്നായിരിക്കും തങ്ങളുടെ പേരിൽ അറിയപ്പെടുന്നതെന്ന് ആ സമയത്ത് കൂത്തമ്പലത്തിൽ വെച്ച് ആലോചിച്ചിട്ടുണ്ട്. അന്ന് നടത്തിയ ഗൂഢാലോചനയുടെ ശക്തി മനസ്സിലായത് താനും ദിലീഷ് പോത്തനും ഒന്നിച്ച് ഒരേ വർഷം ദേശീയ പുരസ്‌കാര വേദിയിൽ എത്തിയപ്പോഴാണെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരഭി ലക്ഷ്മി പറഞ്ഞു.
സുരഭി ലക്ഷ്മി പറഞ്ഞത്:
ഞാനും ദിലീഷ് പോത്തനുമൊക്കെ കാലടി സംസ്‌കൃത യൂണിവേഴ്സിറ്റിയിലാണ് തിയറ്റർ പഠിച്ചത്. അവിടെ കൂത്തമ്പലത്തിലിരുന്ന് ഞങ്ങൾ ആലോചിച്ച കാര്യമുണ്ട്. ഇവരെല്ലാം മഹാരാജാസിന്റെ പേര് പറയുന്നുണ്ട്, എന്നാണ് നമ്മളുടെ പേരിൽ ഈ കാലടി യൂണിവേഴ്സിറ്റിയെ കുറിച്ച് പറയുക എന്ന് ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്. രമേഷ് വർമ്മ സാർ അവിടത്തെ ചെയർമാനും കലാപ്രതിഭയും ആയിരുന്നു. അവിടെ ഒരുമിച്ച് പഠിച്ചിരുന്ന പലരും മഹാരാജാസിൽ നിന്നുള്ളവരായിരുന്നു. കാലടി ആ സമയത്ത് വളരെ ചെറിയ യൂണിവേഴ്‌സിറ്റിയായിരുന്നു. ഞങ്ങളുടെ പേരിൽ അറിയപ്പെടണം എന്ന ആഗ്രഹം അന്ന് തൊട്ടേയുണ്ട്. 2008 , 2009 കാലഘട്ടത്തിൽ അവിടെ എം എ തിയറ്റർ പഠിക്കുകയായിരുന്നു ഞങ്ങൾ.
ദിലീഷ് പോത്തന്റെ പദ്ധതി അപ്പോഴും സംവിധാനം തന്നെയായിരുന്നു. മിക്കവാറും നാടകങ്ങളിൽ അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. എന്റെ നാടകത്തിൽ മാത്രം സ്റ്റേജ് മാനേജിങും ലൈറ്റും ഒക്കെയാണ് അദ്ദേഹം ചെയ്യ്തത്. ഞാൻ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. പോത്തൻ ചെയ്ത നാടകങ്ങളുടെ അത്രയൊന്നും സിനിമ ഇതുവരെ വന്നിട്ടില്ല എന്നേ എനിക്ക് പറയാൻ കഴിയൂ. അങ്ങനെയുള്ള നാടകങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. പിന്നീട് ഞാനും എന്റെ വഴികളിലൂടെ സിനിമയും സീരിയലുമായി മുന്നോട്ടു പോയി. ഒരു ദിവസം ഒരേ ക്ലാസിൽ പഠിച്ചവർ ഒരേ വർഷം, ഒരാൾ മികച്ച നടിയും ഒരാൾ മികച്ച മലയാള ചിത്രത്തിന്റെ സംവിധായകനായും നാഷണൽ അവാർഡിൽ എത്തുകയാണ്. കൂത്തമ്പലത്തിലിരുന്ന് രണ്ടുപേർ നടത്തിയ ഗൂഢാലോചനയുടെ ശക്തി എന്താണെന്ന് മനസ്സിലായി.