അടൂർ ഗോപാലകൃഷ്ണൻ മലയാളത്തിന് സമ്മാനിച്ച്, പിന്നീട് ഏവരുടെയും പ്രിയപ്പെട്ട നടനായി മാറിയ കലാകാരനാണ് സുധീഷ്. ഏവരും ഓർത്തുവെക്കുന്ന ഒരുപിടി മനോഹരമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സുധീഷ്, താൻ സിനിമ നടനായിരിക്കെ തന്നെ ഒരു സിനിമയ്ക്കായി മതിലുചാടി, ഓടി, ക്യു നിന്ന് ടിക്കറ്റെടുത്ത കഥ പറയുകയാണ്. മുകേഷ്, ജഗദീഷ്, അശോകൻ, സിദ്ദീഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിദ്ദിഖ് ലാൽ ചിത്രം ഇൻ ഹരിഹർ നഗർ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാനായാണ് സുധീഷ് മതിലുചാടി ടിക്കറ്റെടുത്തത്തത്. ധീരൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് സുധീഷ് ഇക്കാര്യം ക്യു സ്റ്റുഡിയോയോട് പറഞ്ഞത്.
സുധീഷിന്റെ വാക്കുകൾ
അശോകന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. മാത്രമല്ല, എല്ലാവരെയും പോലെ ഞാനും ഒരു 'ഇൻ ഹരിഹർ നഗർ' ഫാനാണ്. ജീവിതത്തിൽ, ഒരു തിയറ്ററിന്റെ മതിൽ ചാടി, ഫസ്റ്റ് ഡേ ടിക്കറ്റെടുത്ത് കണ്ട ഒരൊറ്റ സിനിമ ഇൻ ഹരിഹർ നഗറാണ്. ഞാൻ ആ സമയം ദേവഗിരി കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്, ആ സമയത്ത് ഞാൻ ഒരു സിനിമ നടനും കൂടിയാണ്. അനന്തരവും മുദ്രയുമെല്ലാം അഭിനയിച്ചതിന് ശേഷമാണ് ഞാൻ മതിലുചാടി സിനിമയ്ക്ക് പോകുന്നത്. അതിന്റെ ഏറ്റവും വലിയ കാരണം റാംജി റാവു സ്പീക്കിങ് തന്നെയാണ്. സിദ്ദിഖ് ലാൽ എന്ന പേരാണ് ആ സിനിമ ആവേശത്തോടെ കാണാനുള്ള കാരണം. അതിന് ശേഷം ഞാൻ ജഗദീഷിന്റെ ആരാധകനായി മാറുകയും ചെയ്തു.
ഹരിഹർ നഗറിന്റെയെല്ലാം മൂഡ് തരുന്ന ഒരു സിനിമ തന്നെയാണ് ധീരനും. അതിൽ ഇവർ നാലുപേരും ഭയങ്കര കൂട്ടുകാരാണ്. എന്നാൽ, ധീരനിലേക്ക് വരുമ്പോൾ ഞങ്ങൾ എല്ലാവരും വ്യത്യസ്ത ആവശ്യങ്ങളുള്ള കഥാപാത്രങ്ങൾ തന്നെയാണ്. സുധീഷ് പറയുന്നു.