Film News

'വേണുച്ചേട്ടന്‍ കൂടെയുള്ളത് ബലമായിരുന്നു'; അഭിനേതാവ് എന്നതിലുപരി വ്യക്തിപരമായ നഷ്ടമെന്ന് സിബി മലയില്‍

നെടുമുടി വേണുവിന്റെ വിയോഗം അഭിനേതാവ് എന്നതിനേക്കാള്‍ വ്യക്തിപരമായ നഷ്ടമാണെന്ന് സംവിധായകന്‍ സിബി മലയില്‍. നെടുമുടി വേണുവിന് പകരം വെക്കാന്‍ ഇനിയൊരു കലാകാരന്‍ ഇല്ല. സിനിമയുടെ തുടക്ക കാലം മുതല്‍ നെടുമുടി വേണു എന്ന വ്യക്തിയൊരു ബലമായി കൂടെയുണ്ടായിരുന്നു. ഇനിയത് ഇല്ലെന്നത് വലിയ നഷ്ടമാണെന്നും സിബി മലയില്‍ പറയുന്നു.

സിബി മലയില്‍ പറഞ്ഞത്: 'വലിയ കലാകാരന്‍മാരുടെ വിയോഗത്തെ പൊതുവായി വിശേഷിപ്പിക്കുന്നത് പകരം വെക്കാന്‍ ആളില്ല എന്നാണ്. പക്ഷെ വേണു ചേട്ടന്റെ കാര്യത്തില്‍ ആ വാക്ക് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. കാരണം ഇനി അദ്ദേഹത്തിന് പകരം വെക്കാന്‍ ഒരു കലാകാരന്‍ ഇല്ല എന്നത് വലിയ വേദന തന്നെയാണ്. വേണു ചേട്ടന്‍ എന്റെ ആദ്യത്തെ സിനിമയില്‍ പ്രധാന വേഷം ചെയ്തതിന് ശേഷം പിന്നീട് ഇരുപതോളം സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചു. ഒരു കലാകാരന്‍, അഭിനേതാവ് എന്ന നഷ്ടത്തിലുപരി വ്യക്തപരമായി വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ എല്ലാം വലിയ ആശങ്കയിലും പ്രാര്‍ത്ഥനയിലുമെല്ലാം ആയിരുന്നു.

വേണു ചേട്ടനും ഞാനും ആലപ്പുഴ എസ് ഡി കോളേജില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഞാന്‍ കോളേജിലേക്ക് വരുമ്പോള്‍ വേണു ചേട്ടന്‍ പഠനം പൂര്‍ത്തിയാക്കി പോയി കഴിഞ്ഞിരുന്നു. എങ്കിലും കോളേജിലെ കലാപരിപാടികളിലൊക്കെ വേണു ചേട്ടനും ഫാസിലും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് അവര്‍ ഒരുമിച്ചാണ് അവരുടെ കലാ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. കേരളത്തില്‍ മിമിക്രി എന്ന കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍ അവരായിരുന്നു എന്ന് പറയാം. അത്തരത്തില്‍ എന്റെ സീനിയറായി എന്റെ മുന്നേ നടന്ന ഒരു ജേഷ്ഠ സഹോദരന്‍ എന്ന നിലയില്‍ അറിയാം. അതിനപ്പുറം സിനിമയില്‍ എത്തിയ കാലം തൊട്ടേ നമ്മുടെ ബലമായി കൂടെ ഉണ്ടായിരുന്ന ആളായിരുന്നു. അത് വല്ലാത്ത നഷ്ടം തന്നെയാണ്. രണ്ട് ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതില്‍ നിന്ന് തിരിച്ച് വരുമെന്നും ഇനിയും നമുക്കൊപ്പം സിനിമകള്‍ ചെയ്യുമെന്നൊക്കെയാണ് കരുതിയത്. അത് നടക്കാതെ പോയതില്‍ അതിയായ വിഷമമുണ്ട്.'

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് നെടുമുടി വേണു അന്തരിച്ചത്. ഇതിനോടകം സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ചു.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT