

‘മിണ്ടിയും പറഞ്ഞും’ എന്ന സിനിമയിലെ ഉണ്ണി മുകുന്ദന്റെയും അപർണ ബാലമുരളിയുടെയും കാസ്റ്റിങ്ങിനെക്കുറിച്ച് സംവിധായകൻ അരുൺ ബോസ്. ഇരുവർക്കും ഈ കഥ പെട്ടെന്ന് തന്നെ ഇഷ്ടപ്പെടുകയും സിനിമയിൽ കമ്മിറ്റ് ചെയ്യുകയുമായിരുന്നു. ചിത്രം കാണാൻ ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ പ്രേക്ഷകർ ഉണ്ണിയെയും അപർണയെയും മറക്കും. പിന്നീട് അങ്ങോട്ട് പ്രേക്ഷകർ എല്ലാം സനലിന്റെയും ലീനയുടെയും ലോകത്തായിരിക്കും. ഈ ചിത്രത്തോട് ഇരുവരും കാണിച്ച പ്രതിബദ്ധതയാണ് അതിന് കാരണമെന്ന് അരുൺ ബോസ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയ്ക്ക് അനുയോജ്യമായ അഭിനേതാക്കളെയാണ് ഞാൻ തേടുന്നത്. ഒരു സിനിമയുടെ ചിത്രീകരണ വേളയിലാണ് ഈ സിനിമയുടെ കഥ അപർണയോട് പറയുന്നത്. കഥ അപർണയ്ക്ക് ഏറെ റിലേറ്റബിൾ ആയിരുന്നു. അങ്ങനെ അവർ ഓക്കേ പറഞ്ഞു. അതുപോലെ തന്നെയാണ് ഉണ്ണിയുടെ അടുത്തേക്ക് പോയതും. ആദ്യ മീറ്റിങ്ങിൽ തന്നെ ഞങ്ങൾക്ക് ലഭിച്ച ഒരു വൈബ് ഉണ്ടായിരുന്നു. ഉണ്ണി ഈ സിനിമയിൽ സൂപ്പർ എക്സൈറ്റഡ് ആയിരുന്നു. ഇതുപോലെ റൂട്ടഡായ ഒരു സാധാരണക്കാരൻ കഥാപാത്രം ചെയ്യാൻ ഉണ്ണി തയ്യാറാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഈ സിനിമ ആരംഭിച്ച് ആദ്യ അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്കും പ്രേക്ഷകർ ഉണ്ണിയേയും അപർണയെയും മറക്കും. പിന്നീട് അങ്ങോട്ട് പ്രേക്ഷകർ എല്ലാം സനലിന്റെയും ലീനയുടെയും ലോകത്തായിരിക്കും. അതിന് കാരണം അവരുടെ കമ്മിറ്റ്മെന്റാണ്. അത് ആദ്യ മീറ്റിങ്ങിൽ തന്നെ പ്രകടവുമായിരുന്നു,’ അരുൺ ബോസ് പറഞ്ഞു.
അതേസമയം ‘മിണ്ടിയും പറഞ്ഞും’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സനൽ–ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്.
കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ തിയേറ്ററുകളിലെത്തിച്ചത് ജാഗ്വാർ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്. ടൊവിനോ തോമസിന്റെ ഹിറ്റ് ചിത്രമായ ‘ലൂക്ക’ ഒരുക്കിയ സംവിധായകനും രചയിതാവും സംഗീതസംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്.