നടൻ മമ്മൂട്ടിയുടെ വിശപ്പും ദാഹവും എല്ലാം സിനിമയാണ് എന്നും സിനിമയ്ക്കായി അദ്ദേഹം ഏതറ്റം വരെയും പോകും എന്നും ഷൈൻ ടോം ചാക്കോ. രാത്രി വളരെ വൈകിയും ഷൂട്ട് തീരാതയപ്പോൾ ഭക്ഷണം പോലും മാറ്റി വച്ച് അദ്ദേഹം ഷോട്ട് എടുക്കാൻ നിന്നിട്ടുള്ളത് താൻ കണ്ടിട്ടുണ്ട് എന്നും ഷൈൻ ടോം ചാക്കോ ക്യു സ്‌റ്റുഡിയോയോട് പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍
നമ്മൾ നമ്മളെത്തന്നെ പുതുതായി കണ്ടെത്തിക്കൊണ്ടിരിക്കണം. ഫൈൻ ട്യൂൺ ചെയ്തുകൊണ്ടിരിക്കണം. എന്നാലേ ഒരു നടൻ എന്ന നിലയിൽ വളരാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ നമ്മൾ നമ്മുടെ കംഫർട് സോണിൽ ഒതുങ്ങി പോവുകയും പുതിയത് ചെയ്യാൻ സാധികാതെ വരികയും ചെയ്യും. 'കുറുപ്പ്' സിനിമയിലേത് പോലുള്ള ഒരു ക്യാരക്ടർ വീണ്ടും എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യം ഒരുപാട് പേർ ചോദിച്ചിരുന്നു. കുറുപ്പ് വേറെ, ഇഷ്‌ഖ് വേറെ. അതിലും വ്യത്യസ്തമായ മറ്റൊരു കഥാപാത്രമേ ഇനി ചെയ്യാൻ പറ്റുകയുള്ളു. ആ വ്യത്യസ്തത പകുതിയിലധികവും സംഭവിക്കുന്നത് സംവിധായകനിലൂടെയാണ്.
ഒരു നടൻ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ സംവിധായകന്റെ അടുത്ത് ഇരുന്നാൽ മാത്രമേ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുകയുള്ളു. ഉദാഹരണത്തിന്, വളരെ ചെറിയ പ്രായക്കാരനായ ഖാലിദ് റഹ്മാനെ അനുസരിച്ച് ഉണ്ടയുടെ സെറ്റിൽ നിൽക്കുന്ന മമ്മൂക്കയെ ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം രാത്രി 9.30 വരെ ഷൂട്ട് പോയപ്പോൾ ജോർജേട്ടൻ മമ്മൂക്കയെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കഴിക്കാൻ ഇരുന്നപ്പോൾ റഹ്മാൻ പറഞ്ഞു, "മമ്മൂക്ക കഴിക്കാൻ ഇരുന്നോ? ഞാൻ ഒരു ഷോട്ട് കൂടെ എടുക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു" എന്ന്. അപ്പോൾ തന്നെ മമ്മൂക്ക എഴുന്നേറ്റു വന്നു. അത് കൂടെ എടുത്തിട്ട് കഴിക്കാം എന്ന് പറഞ്ഞു. പിന്നീട് റഹ്മാൻ എത്ര പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. അത്രയൊക്കെ വിശപ്പേ എനിക്കുള്ളൂ എന്നായിരുന്നു പറഞ്ഞത്. കാരണം, ആ മനുഷ്യന്റെ വിശപ്പും ദാഹവും എല്ലാം സിനിമയാണ്.