രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് കാലെടുത്തുവച്ച നടിയാണ് സംവൃത സുനിൽ. നായികയായി തുടങ്ങിയ ശേഷം സംവൃത ചെയ്തത് ചന്ദ്രോത്സവം എന്ന സിനിമയിലെ മീനയുടെ കുട്ടിക്കാലത്തെ റോളായിരുന്നു. അതിന് കാരണം രഞ്ജിത്ത് എന്ന സംവിധായകനാണെന്ന് പറയുകയാണ് സംവൃത. നന്ദനത്തിലെ ബാലാമണിയാകാൻ തന്നെ സ്ക്രീൻ ടെസ്റ്റ് ചെയ്തിരുന്നു എന്നും അത് നടക്കാതിരുന്നപ്പോൾ തന്നെ, രഞ്ജിത്തിന്റെ മറ്റൊരു സിനിമയിൽ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നുവെന്നും സംവൃത ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സംവൃത സുനിലിന്റെ വാക്കുകൾ
ചന്ദ്രോത്സവത്തിൽ എത്തുന്നത് രഞ്ജിത്ത് കാരണമാണ്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമ കാരണമാണ് എനിക്ക് സിനിമ മേഖലയുമായി ഒരു ബന്ധം വരുന്നത്. ബാലാമണി എന്ന കഥാപാത്രത്തിനായി സ്ക്രീൻ ടെസ്റ്റ് കൊടുത്തിട്ടുള്ള ഒരാളായിരുന്നു ഞാൻ. അന്ന് അത് നടക്കാതെ പോയപ്പോൾ മുതൽ രഞ്ജിത്തിന്റെ ഏതെങ്കിലും ഒരു പ്രോജക്ടിന്റെ ഭാഗമാകും എന്നൊരു തോന്നൽ നേരത്തെ ഉണ്ടായിരുന്നു. പിന്നീടാണ് രസികൻ വരുന്നത്. ലാൽ ജോസും രഞ്ജിത്തും കാരണമാണ് എന്റെ എൻട്രി സംഭവിക്കുന്നത്.
രസികൻ ഒരു വലിയ വിജയം ആയിരുന്നില്ല. അതിന് ശേഷം ഇനി ഞാൻ നായികയായി മാത്രമേ അഭിനയിക്കൂ എന്നൊരു നിലപാട് എടുത്തിരുന്നെങ്കിൽ, ഇത്രയും സിനിമകളുടെ ഭാഗമാകാൻ എനിക്ക് സാധിക്കില്ലായിരിക്കാം. ചന്ദ്രോത്സവത്തിലെ ആ പാട്ട് കാരണമാണ് സത്യത്തിൽ ഞാൻ കുറച്ചുകൂടി പോപ്പുലറായത്. അങ്ങനെ എനിക്ക് വഴിയൊരുക്കി തന്നത് ഇവരെല്ലാമാണ്.
മീനയുടെ കുട്ടിക്കാലം ലാലേട്ടനൊപ്പം ചെയ്യുക എന്നതായിരുന്നു എന്നെ അതിൽ എക്സൈറ്റഡായക്കിയ കാര്യം. ലാലേട്ടൻ ഡയലോഗ് പറയുമ്പോൾ നമ്മൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നുപോകും. അതെല്ലാം വളരെ ചെറിയ ലേണിങ് എക്സ്പീരിയൻസുകൾ ആയിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കുമ്പോൾ അങ്ങനെ ചെയ്തിട്ടുള്ള ചെറിയ വേഷങ്ങൾ അത്രയും ഒരുപാട് സഹായിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ എഴുത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്.