ആ പാട്ടിലെ പല ഷോട്ടുകളിലും ശരിക്കും കരഞ്ഞിട്ടുണ്ട്, അത് അത്രയും ഇമോഷണലാണ്: സംവൃത സുനില്‍ അഭിമുഖം

മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നായികാ മുഖങ്ങളിൽ ഒരാളായിരിക്കും സംവൃത സുനിൽ. ലാൽജോസിന്റെ രസികനിൽ തുടങ്ങി നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവൃത 'അയാളും ഞാനും തമ്മിൽ' എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ഒരു കരിയർ ബ്രേക്ക് എടുക്കുന്നത്. അതുകൊണ്ടുതന്നെ, ആ സിനിമയും അതിലെ സൈനു എന്ന കഥാപാത്രവും 'അഴലിന്റെ ആഴങ്ങളിൽ' എന്ന പാട്ടും വളരെ പ്രിയപ്പെട്ടതാണ് എന്ന് ക്യു സ്റ്റുഡിയോയോട് പറയുകയാണ് സംവൃത സുനിൽ. അഴലിന്റെ ആഴങ്ങളിൽ പാട്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞാണ് ബ്രേക്ക് എടുക്കുന്നത് എന്നും ആ പാട്ടിലെ പല സീനുകളിലും താൻ ശരിക്കും കരയുകയായിരുന്നുവെന്നും സംവൃത കൂട്ടിച്ചേർത്തു.

സംവൃത സുനിലിന്റെ വാക്കുകൾ

'അയാളും ഞാനും തമ്മിൽ' എന്ന സിനിമയെക്കുറിച്ചോ 'അഴലിന്റെ ആഴങ്ങളിൽ' എന്ന പാട്ടിനെക്കുറിച്ച് പറയുമ്പോഴോ ഞാൻ ഇമോഷണലാകും. കാരണം, ഇപ്പോഴും ആ പാട്ട് എനിക്ക് ഹൃദയത്തിൽ വലിയൊരു ഭാരം തരുന്ന ഒന്നാണ്. ഞാൻ എന്റെ കരിയറിൽ ഒരു ബ്രേക്ക് എടുക്കുന്നത് ആ പാട്ടിന്റെ ഷൂട്ട് കഴിഞ്ഞിട്ടാണ്. അതുകൊണ്ട് ഞാൻ വല്ലാതെ ഇമോഷണൽ ആയിരുന്നു. ഞാൻ സ്വയം എടുത്തൊരു തീരുമാനം ആയിരുന്നെങ്കിൽപ്പോലും അത് അത്രയ്ക്ക് എളുപ്പമായിരുന്നില്ല. അതുകൊണ്ട് ആ പാട്ടിൽ കരയുന്ന പല ഭാ​ഗങ്ങളിലും ഞാൻ ശരിക്കും കരയുകയായിരുന്നു.

സൈനു വളരെ പ്രിയപ്പെട്ട കഥാപാത്രമാണ്. ഏറ്റവും കൂടുതൽ ആരാധകരെ എനിക്ക് ലഭിച്ചത് ആ കഥാപാത്രത്തിലൂടെയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അയാളും ഞാനും തമ്മിൽ സിനിമയുടെ വാർഷികം വരുന്ന സമയത്ത് എനിക്ക് ഒരുപാട് മെസേജുകളും കോളുകളും എല്ലാം ലഭിക്കാറുണ്ട്. മെഡിക്കൽ ഫീൽഡിലുള്ള ഒരുപാട് പേർക്ക് ആ കഥാപാത്രം ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റി എന്നുപറഞ്ഞ് വന്ന മെസേജുകളും ലെറ്ററുകളുമെല്ലാം വായിച്ചിട്ടുണ്ട്. എന്റെ കരിയറിലെ ഏറ്റവും പീക്ക് പോയിന്റിൽ നിൽക്കുമ്പോൾ ഞാൻ ചെയ്ത കഥാപാത്രവും സിനിമയുമാണ്. അതുകൊണ്ടുതന്നെ എനിക്കത് അത്രേമൽ പ്രിയപ്പെട്ടതുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in