2012ല്‍ യുവ താരനിരയുമായി വന്ന് ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ്. ഫഹദ് ഫാസിലിന്‍റെ തിരിച്ചുവരവിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ വാണിജ്യ വിജയങ്ങളിൽ പ്രധാനിയും ഈ സിനിമ തന്നെയായിരുന്നു. ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു സംവൃത സുനിൽ അവതരിപ്പിച്ച മായ. ക്യാൻസർ സർവൈവറായ മായയുടെ മേക്ക് ഓവർ ആയിരുന്നു കഥ കേട്ടപ്പോൾ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും ആ ലുക്ക് എങ്ങനെ ഉണ്ടാകുമെന്ന ടെൻഷൻ നല്ലത് പോലെ ഉണ്ടായിരുന്നതായും സംവൃത സുനിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സംവൃത സുനിലിലന്റെ വാക്കുകൾ
കഥ കേട്ടുകഴിഞ്ഞ് ഞാൻ വളരെയധികം എക്സൈറ്റഡായിട്ടുണ്ടായിരുന്ന പോർഷൻ അതായിരുന്നു. കാരണം, ആളുകൾ എന്നെ യൂഷ്വലി ലോങ് ഹെയറിലൊക്കെ കണ്ട് പരിചയിച്ചിട്ട്, ആ ഒരു ലുക്ക് എങ്ങനെ ഇരിക്കും, അത് നമ്മൾ എങ്ങനെ ക്രിയേറ്റ് ചെയ്യും എന്ന ടെന്‍ഷനായിരുന്നു ഉണ്ടായിരുന്നത്. ആ ഒരു സീനിന് വേണ്ടി മുടി മുഴുവൻ ഷേവ് ചെയ്ത് കളയാൻ ഞാൻ റെഡി ആയിരുന്നില്ല. അതുകൊണ്ട്, നമ്മുടെ ടീമും മേക്കപ്പ് മാനും ഒരുപാട് പ്ലാനുകളൊക്കെ ഇട്ട്, ഒന്ന് രണ്ട് സിറ്റിങ്ങൊക്കെ ഇരുന്നതിന് ശേഷം തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു, 'മുടി വച്ചുകൊണ്ട് തന്നെ നമുക്കിത് ചെയ്യാം' എന്ന്. രണ്ട് മൂന്ന് ട്രയൽസൊക്കെ കഴിഞ്ഞപ്പോൾ ആ ലുക്ക് ഏകദേശം ഓക്കെ ആയി.
എല്ലാം കഴിഞ്ഞ് ഇത് ആദ്യം ഷൂട്ട് ചെയ്യുന്നത് മണാലിയിലായിരുന്നു. ഷൂട്ട് ചെയ്ത്, ഒരു ഫ്രെയിം എടുത്ത് ലാൽജോസ് ഓക്കെയാണ് എന്ന് പറഞ്ഞപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. ഞാൻ ഇത്രയും കാലം ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളെപ്പോലെ ആയിരുന്നില്ല മായ. എനിക്ക് അത് ചെയ്യാൻ സാധിച്ചത് എന്റെ കോ ആർട്ടിസ്റ്റ് ഫഹദ് ഫാസിൽ ആയതുകൊണ്ട് മാത്രമാണ്. കാരണം, പെർഫോം ചെയ്യുമ്പോൾ നമുക്കൊരു ഗിവ് ആൻഡ് ടേക്ക് ഉണ്ടായിരുന്നു. കണ്ണുകൊണ്ട് കാര്യങ്ങൾ എക്സ്പ്രസ് ചെയ്യുന്ന ഒരാളാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ കൂടെ പെർഫോം ചെയ്യുമ്പോൾ സ്വാഭാവികമായും നമുക്കും അത് റിഫ്ലക്റ്റാകും. പെർഫോം ചെയ്ത്, അവസാനം മായയുടെ ആർക്ക് അവസാനിക്കുമ്പോൾ ഞാൻ പൂർണമായും മായയായി എന്നൊരു ഫീൽ ആയിരുന്നു എനിക്ക്. മാലയൊക്കെ മോഷ്ടിക്കുന്ന സീനിലൊക്കെ സെറ്റ് മുഴുവൻ പിൻ ഡ്രോപ്പ് സൈലന്റായിരുന്നു. അത്രമാത്രം എല്ലാവർക്കും ആ ഇമോഷൻ റിലേറ്റ് ചെയ്യാൻ സാധിച്ചിരുന്നു.