വിജയ് ചിത്രം ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ പ്രതികരിച്ച് നടൻ രവി മോഹൻ. തന്റെ ഹൃദയം തകര്ന്നുവെന്നും ഒരു സഹോദരൻ എന്ന നിലയിൽ താനും വിജയ്‌ക്കൊപ്പമുണ്ട് എന്നും രവി മോഹൻ പറഞ്ഞു. വിജയ്‌യ്ക്ക് ഒരു റിലീസ് തിയതിയുടെ ആവശ്യമില്ലെന്നും ഇത് റിലീസ് ആകുന്നതെന്നാണോ അന്നാണ് പൊങ്കലെന്നും രവി മോഹൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'ഹൃദയം തകരുന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. നിങ്ങൾക്ക് ഒരു റിലീസ് തീയതിയുടെ ആവശ്യമില്ല.. നിങ്ങൾ തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്,' രവി മോഹൻ കുറിച്ചു.
പൊങ്കൽ റിലീസായി ജനുവരി ഒമ്പതിനായിരുന്നു ജനനായകന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി.
എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.