Film News

'കഴക്കൂട്ടത്ത് താമര വിരിയും', പ്രസംഗവും ഗണഗീതവും'; എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ എതിര്‍പ്പ്

ഗായകന്‍ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതിനെതിരെ എതിര്‍പ്പുയരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെയും സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെയും നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ കെ.പി.എ.സി ലളിതയാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍. സംഘപരിവാര്‍ സഹയാത്രികനായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയും ബിജെപിക്ക് വേണ്ടി കഴക്കൂട്ടത്ത് പ്രചരണം നടത്തുകയും ചെയ്ത എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതിലാണ് ഇടതുപക്ഷ അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിയോജിപ്പ് പരസ്യപ്പെടുത്തിയിരിക്കുന്നത്.

നാടക രംഗത്ത് നിന്നല്ലാത്ത ഒരാളെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ നാടക രംഗത്തുള്ളവരും എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. നാടക കലാകാരന്‍മാരുടെ സംഘടനയായ 'നാടക്' എംജി ശ്രീകുമാറിനെ അക്കാദമി ചെയര്‍മാനാക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് ദ ക്യുവിനോട് പറഞ്ഞു.

നാടക് സംഘടനയുടെ പ്രതിനിധി മോഹന്‍ കൃഷ്ണന്‍ പറഞ്ഞത്:

'നാടകിന് എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി വരുന്നതില്‍ താത്പര്യമില്ല. അദ്ദേഹത്തിന് സംഗീതവുമായി ബന്ധമുള്ളതിനാലായിരിക്കാം ഇങ്ങനെയൊരു തീരുമാനം. പക്ഷെ അക്കാദമിയില്‍ കൂടുതലും നാടകവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവലൊക്കെ മുരളിയെ പോലൊരു ആള്‍ തലപ്പത്തിരുന്നപ്പോളാണ് നടന്നത്. കാരണം മുരളി ഒരു സിനിമ നടന്‍ എന്നതിന് അപ്പുറം അദ്ദേഹം ഒരു നാടകക്കാരനായിരുന്നു. കെ.പി ഉമ്മറിനെ പോലെയും തിക്കൊടിയനെ പോലെയും മഹത്തായ ആളുകള്‍ ഇരുന്ന കസേരയാണ് അത്. പിന്നെ ഇടത്പക്ഷ സര്‍ക്കാര്‍ പോലും ആ സ്ഥാനത്തെ ഒരു അലങ്കാരമായാണ് കാണുന്നത്. അതുകൊണ്ടാണല്ലോ മുകേഷും കെപിഎസി ലളിതയെ പോലുള്ളവരൊക്കെ അവിടെ ഇരുന്നത്. കെപിഎസി ലളിത ഒരു നാടക കലാകാരിയായിട്ട് പോലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്തായാലും എംജി ശ്രീകുമാര്‍ ചെയര്‍മാന്‍ ആകുന്നതില്‍ നാടകിന് യോജിപ്പില്ല.

മാത്രമല്ല നാടകത്തിന് മാത്രായൊരു അക്കാദമി വേണമെന്ന് നാടക് ആവശ്യപ്പെട്ടിട്ടുണ്ട്. അത് മുന്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലനുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അന്ന് അത് പരിഗണിക്കാവുന്ന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഇടത്പക്ഷ സാംസ്‌കാരിക നയങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. നാടക് സിപിഐഎമ്മിന്റെ പോഷക സംഘടനയൊന്നുമല്ല. ഞങ്ങള്‍ സ്വതന്ത്രമായ ചിന്തകളും അഭിപ്രായങ്ങളുമൊക്കെ ഉള്ളവരാണ്. എന്നാല്‍ കലാകാരന്‍മാരില്‍ ഭൂരിപക്ഷം വരുന്നവരും ഇടത്പക്ഷ ചിന്താഗതിക്കാരാണ്. നാടകിന്റെ രീതികളും വര്‍ഗീയതയ്ക്ക് എതിരാണ്. അത് ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും സംഘപരിവാര്‍ രാഷ്ട്രീയത്തോടൊന്നും നാടകിന് യോജിപ്പില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂലമായ നിലപാടുകള്‍ എടുത്ത വ്യക്തി കൂടിയാണ് അദ്ദേഹം. ഇതില്‍ ഇടത്പക്ഷ സര്‍ക്കാരിന് എവിടെ വീഴ്ച്ച പറ്റിയെന്നാണ് ചിന്തിക്കേണ്ടിയിരിക്കുന്നത്.'

2016ല്‍ വി.മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിച്ചപ്പോള്‍ ഫേസ്ബുക്ക് പേജ് ഉദ്ഘാടനത്തിന് എത്തിയത് എം.ജി ശ്രീകുമാര്‍ ആയിരുന്നു. കഴക്കൂട്ടത്ത് താമര വിരിയണമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച എം.ജി ശ്രീകുമാര്‍ ആര്‍.എസ്.എസ് ഗണഗീതവും ആലപിച്ചിരുന്നു.

2016ല്‍ എം.ജി ശ്രീകുമാര്‍ ബിജെപി വേദിയില്‍ പറഞ്ഞത്:

ഐശ്വര്യപ്രദമായ സ്ഥലമാണ് എന്റെ കഴക്കൂട്ടം. ആ എന്റെ കഴക്കൂട്ടത്ത് താമര വിരിയണം, താമര വിരിയും. വിത്തിന്‍ സെക്കന്‍ഡ്സ് മോദി സാര്‍ പരവൂര്‍ വെട്ടിക്കട്ടപകടസ്ഥലത്ത് എത്തി. പണ്ടുള്ള പ്രധാനമന്ത്രിമാരൊക്കെ എവിടെപ്പോയി. ഒരു സെക്യൂരിറ്റിയുമില്ല. ഞാന്‍ അതിശയിച്ചു പോയി.

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

കുഞ്ഞുസന്ദ‍ർശക‍രുടെ അഭിരുചികള്‍ കണ്ടെത്തി വായനോത്സവം

SCROLL FOR NEXT