Film News

നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി, പ്രത്യേക സംഘം അന്വേഷിക്കും

നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് കേസ്. നിര്‍മാതാവ് എ.കെ.സുനില്‍ അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. സുനില്‍ രണ്ടാം പ്രതിയാണ്. യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാം പ്രതി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. കൂട്ട ബലാല്‍സംഗത്തിനുള്ള വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2023ല്‍ സിനിമയില്‍ അവസരത്തിനായി ദുബായിലേക്ക് വിളിച്ചു വരുത്തിയെന്നും ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നുമാണ് പരാതി. എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച പരാതിയില്‍ ഊന്നുകല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഐപിസി 376 ബലാല്‍സംഗം, ഐപിസി 376 ഡി കൂട്ടബലാല്‍സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയാണ് ചുമത്തിയ കുറ്റങ്ങള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസ് അന്വേഷിക്കും. വിജയ് സൂപ്പറും പൗര്‍ണമിയും, മനോഹരം എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് രണ്ടാം പ്രതിയായ എ.കെ.സുനില്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമുണ്ടായ വെളിപ്പെടുത്തലുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് എതിരെയാണ് ആദ്യമായി വെളിപ്പെടുത്തലുണ്ടായത്. ബംഗാളി നടി ഉന്നയിച്ച ആരോപണത്തെത്തുടര്‍ന്ന് രഞ്ജിത്തിന് സ്ഥാനം രാജിവെക്കേണ്ടി വന്നു. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനും യുവനടി ഉന്നയിച്ച പീഡനാരോപണത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു. രഞ്ജിത്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. നടനും എംഎല്‍എയുമായ മുകേഷിനെതിരെയും ആരോപണങ്ങള്‍ ഉയരുകയും കേസെടുക്കുകയും ചെയ്തു. ജയസൂര്യ, മണിയന്‍പിള്ള രാജു, ബാബുരാജ് തുടങ്ങിയവരും വ്യത്യസ്ത ആരോപണങ്ങളില്‍ കേസുകളില്‍ പ്രതികളായി. നടന്‍മാര്‍ക്ക് പുറമേ പിന്നണി പ്രവര്‍ത്തകര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എറണാകുളം ജില്ലയില്‍ മാത്രം 11 കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.

നിലവില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ശേഖരവര്‍മ്മ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിവിന്‍. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT