മ്യുസിക്ക് ഇന്റസ്ട്രിയിലെ അന്താരാഷ്ട്രി തലത്തിലെ മുൻനിര മാധ്യമമായ റോളിംഗ് സ്റ്റോൺ ഇന്ത്യയിലെ ഏറ്റവും മികച്ച 25 മ്യൂസിക്ക് ഫെസ്റ്റുവലുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഫെസ്റ്റിവലായ 'ഒച്ച'യും. പട്ടികയിൽ പതിനാലാം സ്ഥാനമാണ് ഒച്ച ഫെസ്റ്റിവൽ നേടിയത്. കേരളത്തിൽ നിന്നും പട്ടികയിലുള്ള ഏക ഫെസ്റ്റിവലും ഒച്ചയാണ്. മുംബൈയിൽ നടക്കുന്ന ലോലാപലൂസയാണ് പട്ടികയിൽ ഒന്നാമത്.
കേരളത്തിലെ യുവത്വത്തിന്റെ സാംസ്‌കാരിക സംഗമവേദിയാണ് 'ഒച്ച' (Ocha) എന്ന് മാസിക വിലയിരുത്തി. ഇത് ഒരു സാധാരണ സംഗീത നിശ മാത്രമല്ല. ഭാഷയുടെയോ സംഗീത വിഭാഗങ്ങളുടെയോ വേർതിരിവുകളില്ലാത്ത ഈ വേദിയിൽ മലയാളം റാപ്പും, ഇംഗ്ലീഷ് വരികളും, ബേസ്-ഹെവി ഇ.ഡി.എമ്മും ഒരേ പ്രധാന്യത്തോടെ എത്തുന്നുവെന്നും റോളിംഗ് സ്റ്റോൺ നിരീക്ഷിച്ചു.
മൂന്ന് വർഷമായി കൊച്ചിയിൽ നടക്കുന്ന ഫെസ്റ്റിവലാണ് ഒച്ച. സൈന മ്യൂസിക്ക് ഇന്റിയും പക്കായാഫോഗുമാണ് ഒച്ച ഫെസ്റ്റിവലിന്റെ സംഘാടകർ. നാൽപ്പത് വർഷമായി സംഗീത രംഗത്തുള്ള സൈന മ്യൂസിക്ക് പുതിയ കലാകാരൻമാരെ കണ്ടെത്തി അവരെ മുൻനിരയിലെത്തിക്കാൻ വേണ്ടി ആരംഭിച്ചതാണ് സൈന മ്യൂസിക്ക് ഇന്റി.
ഗ്രാമി അവാർഡ് നോമിനേഷനിൽ ഇടം പിടിച്ച ഹിന്ദി പാട്ടുകാരിയായ രാജകുമാരി ആയിരുന്നു ഒച്ച മൂന്നാം ലക്കത്തിലെ പ്രധാന ആകർഷണം. അസൽ കൊളാർ,തിരുമാലി, എംഎച്ച്ആർ, ജോക്കർ, പ്രമുഖ ബാന്റായ വൈൽഡ് വൈൽഡ് വുമൺ തുടങ്ങി നിരവധി കലാകാരൻമാർ ഒച്ചയുടെ ഭാഗമായിരുന്നു.