'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ നൗഫൽ അബ്ദുള്ള. നെല്ലിക്കാംപൊയിൽ എന്ന ഫിക്ഷണൽ ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോമഡിയും ഫാന്റസിയും ഹൊററും എല്ലാം ചേർന്ന രസകരമായ ചിത്രമായിരിക്കും ഇതെന്ന് നൗഫൽ അബ്ദുള്ള ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'നെല്ലിക്കാംപൊയിൽ എന്ന ഫിക്ഷണൽ ഗ്രാമത്തിൽ നടക്കുന്ന ചില സൂപ്പർനാച്ചുറൽ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് സിനിമ കഥ പറയുന്നത്. ഇതിൽ കോമഡിയും ഫാന്റസിയും ഹൊററും എല്ലാമുണ്ട്. ഏതെങ്കിലും ഒരൊറ്റ ജോണറിൽ ഉൾപ്പെടുത്താൻ കഴിയാത്ത, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രണ്ടു മണിക്കൂർ പക്കാ പാക്കേജായിരിക്കും ഇത്,' എന്ന് നൗഫൽ അബ്ദുള്ള പറഞ്ഞു.
മാത്യു തോമസിനെ നായകനാക്കി, പ്രശസ്‍ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാ വായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.
മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒക്ടോബർ 10 ന് ചിത്രം തിയറ്ററുകളിലെത്തും.