മാത്യു തോമസ് നായകനായി എത്തുന്ന നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. പ്രണയവിലാസം എന്ന സിനിമയുടെ തിരക്കഥകൃത്തുക്കളായ എ വി സുനു, ജ്യോതിഷ് എം എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിന്റെ വിശേഷങ്ങൾ ക്യൂ സ്റ്റുഡിയോയോട് പങ്കുവെക്കുന്നു ജ്യോതിഷ് എം, സുനു എ.വി.
നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിനായി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്താണ് നൈറ്റ് റൈഡേഴ്‌സിന് പ്രേക്ഷകരോട് പറയാനുള്ളത്?
എല്ലാ ദേശങ്ങളിലും റൂട്ടഡ് ആയ കുറച്ചു കഥകളുണ്ടായിരിക്കും. മുത്തശ്ശിക്കഥകളെന്നോ നാടോടികഥകളെന്നോ പറയാം. ഓരോ നാട്ടിൽ ചെന്നാലും വ്യത്യസ്തമായ ഓരോ കഥകളായിരിക്കും കേൾക്കാനുണ്ടാകുക. അത്തരത്തിൽ നെല്ലിക്കാംപൊയിൽ എന്ന ഒരു പ്രദേശത്തു നിലനിൽക്കുന്ന ഒരു മിത്തിനെ പരിപോഷിപ്പിച്ചു അതിനെ ഇന്നത്തെ കാലഘട്ടത്തിൽ കൊണ്ടുവന്നപ്പോഴാണ് നൈറ്റ് റൈഡേഴ്‌സ് ഉണ്ടായത്.
പിന്നെ ഈ സിനിമയ്ക്ക് അങ്ങനെ പ്രത്യേക ജോണർ ഒന്നും അവകാശപ്പെടാനില്ല. റൊമാൻസ് ഉണ്ട്, കോമഡി ഉണ്ട്, ഹൊറർ ഉണ്ട് — അങ്ങനെ എല്ലാം ചേർന്ന ഒരു എന്റർടെയ്‌നറാണ് ഇത്.
നെല്ലിക്കാംപൊയിൽ എന്ന പ്രദേശം ഒരു സാങ്കൽപ്പിക ഗ്രാമമാണോ? അതോ യഥാർത്ഥത്തിൽ അങ്ങനെയൊരു സ്ഥലം നിലവിലുണ്ടോ?
നെല്ലിക്കാംപൊയിൽ എന്നൊരു പ്രദേശം നിലവിലുണ്ട്. അതുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. ആ പേര് ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്.
പണ്ട് ഗ്രാമീണ വായനശാല നെല്ലിക്കാംപൊയിൽ എന്ന ടൈറ്റിലിൽ ഒരു സിനിമ ഞങ്ങൾ ആലോചിച്ചിരുന്നു. പിന്നീട് ഈ സിനിമയുടെ ഡിസ്കഷനിലേക്ക് വന്നപ്പോൾ ആ പേര് ഉൾപ്പെടുത്താമെന്ന് തോന്നി. അതുപോലെ ഞങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകമാണ് എസ്. കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ. അതിലൊരു പ്രദേശത്തിന്റെ പേരാണ് ഇലഞ്ഞിപ്പൊയിൽ. അതുപോലെ ഒരു ഫിക്ഷണൽ ഗ്രാമമായതിനാലാണ് ഈ പേരിലേക്ക് വന്നത്. കേൾക്കാൻ വളരെ രസമുള്ള പേരുമാണ് നെല്ലിക്കാംപൊയിൽ എന്നത്.
ഈ ചിത്രത്തിന്റെ ഐഡിയ സ്ട്രൈക്ക് ചെയ്തത് മുതൽ സംവിധായകനെ കൺവിൻസ് ചെയ്യുന്നത് വരെയുള്ള പ്രോസസ്സ് എങ്ങനെയായിരുന്നു?
ജ്യോതിഷ് എം: പ്രണയവിലാസത്തിന് ശേഷം ഒരു തമിഴ് സിനിമയിലേക്ക് കടക്കാൻ നിൽക്കുകയായിരുന്നു ഞങ്ങൾ. പക്ഷെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ തോന്നി — മലയാളത്തിൽ തന്നെ ഒരു സിനിമ ചെയ്യണം എന്ന്. അതും വളരെ വ്യത്യസ്തമായിരിക്കണം എന്ന് ചിന്തിച്ചിരുന്നു.
കോമഡി ഞങ്ങൾക്കിഷ്ടമുള്ള ഒരു ഏരിയയാണ്. അങ്ങനെ ഒരു ദിവസം സുനു ഇതിന്റെ ബേസിക് ഐഡിയ പറഞ്ഞു. കേട്ടപ്പോൾ എനിക്ക് ഇന്ററസ്റ്റിങ് ആയി തോന്നി. കുറച്ചു വർക്ക് ചെയ്തപ്പോൾ അത് വളരെ രസമുള്ള സിനിമയാക്കാൻ സാധിക്കുമെന്ന് മനസ്സിലായി.
പശ്ചാത്തലത്തെ കുറിച്ചും കേട്ടുമറന്ന കഥകൾ ആഡ് ചെയ്യുന്നതിനെ കുറിച്ചും എല്ലാം ആലോചിച്ചു. പിന്നീട് നൗഫൽ ഇക്കയെ കണ്ടു. അന്ന് ഒരു ബേസിക് സ്ക്രിപ്റ്റ് കൈവശം ഉണ്ടായിരുന്നു. സുഹൃത്ത് ഫെറാൻ വഴിയാണ് അദ്ദേഹത്തെ കണ്ടത്. നൗഫൽ ഇക്കാക്ക് കഥ കേട്ടപ്പോൾ തന്നെ വർക്ക് ആയി. പ്രൊഡക്ഷൻ അദ്ദേഹത്തിന്റെ കയ്യിലായിരുന്നു.
സുനു എ വി: പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു നടന്നത്. പ്രൊജക്റ്റ് ആരംഭിച്ചതിനു ശേഷം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
മാത്യുവിനെ ചിത്രത്തിൽ കാസ്റ്റ് ചെയ്യാനുള്ള കാരണമെന്താണ്?
ഒരു യുവനടനെ വേണമെന്നുണ്ടായിരുന്നു. നൗഫൽ ഇക്കയും മാത്യുവും സുഹൃത്തുക്കളാണ്. അവർക്കിടയിൽ വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിൾ ആയിരുന്നു. വളരെ ചാർമിങ് ആയ ഒരാളാണ് ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. മാത്യുവിന് ആ ചാം ഉണ്ടെന്നതിനാൽ അദ്ദേഹത്തെ തന്നെ ചൂസ് ചെയ്തു.
പ്രണയവിലാസത്തിന്റെ തിരക്കഥയും നിങ്ങൾ ഒരുമിച്ചല്ലേ എഴുതിയത്. ഇരട്ട തിരക്കഥാകൃത്തുക്കളായ നിങ്ങൾ തമ്മിലുള്ള ബോണ്ടിങ് എങ്ങനെയാണ്?
ജ്യോതിഷ് എം: ഞങ്ങൾ റൂംമേറ്റ്സായിരുന്നു. പത്തു വർഷമായി ഒരുമിച്ചാണ് താമസിച്ചുകൊണ്ടിരിക്കുന്നത്. സുനു ജോലി തേടി കൊച്ചിയിലെത്തുമ്പോൾ ഞാൻ അവിടെ ജോലിചെയ്തുകൊണ്ടിരുന്നു. റൂമിൽ സുനുവിനെ കൂടാതെ വേറെയും സുഹൃത്തുക്കളുണ്ടായിരുന്നു. സുനുവിനെയും എന്നെയും അടുപ്പിച്ച ബന്ധം സിനിമയായിരുന്നു.
അങ്ങനെ ഞങ്ങൾക്കിടയിൽ സിനിമ സംബന്ധമായ ചർച്ചകൾ ഉണ്ടായി തുടങ്ങി, സിനിമ കഥകളെ പറ്റി ആലോചിച്ചു തുടങ്ങി. ഒരുമിച്ച് സിനിമ ചെയ്യുന്ന കാര്യം ചിന്തിക്കാൻ തുടങ്ങി.അങ്ങനെ നാല് വർഷം എടുത്താണ് പ്രണയ വിലാസം വന്നത്. പിന്നെ ഞങ്ങൾക്ക് പരസ്പരം ഒരു സിങ്ക് ഉണ്ട്. സുനുവാണ് ഐഡിയ കൊണ്ടുവരുന്നതെങ്കിൽ, അത് എനിക്ക് ഡെവലപ്പ് ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ മാത്രം സ്ക്രിപ്റ്റിംഗിനെ കുറിച്ച് ആലോചിക്കും. രണ്ട് പേർക്കും ഒരുപോലെ അക്സെപ്റ്റഡ് ആയ സ്ക്രിപ്റ്റുകൾ മാത്രമേ ഞങ്ങൾ ചെയ്യാറുള്ളൂ. കണ്ടന്റ് ചിലപ്പോൾ ഞാൻ കൊണ്ടുവരും, പിന്നെ ഇരുവരും ചേർന്ന് ഡെവലപ്പ് ചെയ്യും.
സുനു എ വി: ഞാൻ ജോലി ചെയ്തു വീട്ടിലെത്തുമ്പോൾ രാത്രി ആയിരിക്കും. ആ സമയത്ത് ആയിരം ചിന്തകളാണ് മനസ്സിലൂടെ കടന്നു പോകുക. ഉറങ്ങി എഴുന്നേറ്റപ്പോൾ പല കഥകളെയും പറയേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ല എന്ന് തോന്നും. പത്തു കഥകളെക്കുറിച്ച് ആലോചിക്കുമ്പോൾ അതിൽ ഏതെങ്കിലും ഒന്ന് നമ്മളെ സ്പാർക്ക് ചെയ്യും. ഉറങ്ങി എഴുന്നേറ്റ് ഓർക്കുമ്പോഴും ആ കഥ മനസ്സിൽ പിടിച്ചു നിൽക്കുന്നുണ്ടായിരിക്കും. രണ്ടു ദിവസത്തിൽ കൂടുതൽ കഥ മനസിൽ നിൽക്കുന്നുണ്ടെങ്കിൽ അത് ഞങ്ങൾ സ്ക്രിപ്റ്റ് ആക്കും. രണ്ടു പേർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കഥകളേ സ്ക്രിപ്റ്റ് രൂപത്തിലേക്ക് മാറ്റാറുള്ളൂ.
ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണ്?
ഒരു തമിഴ് സിനിമയാണ് അടുത്തത്. അത് ഇപ്പോൾ അനൗൺസ്‌മെന്റ് സ്റ്റേജിലാണ്. പേരും മറ്റും ഉടൻ പ്രഖ്യാപിക്കും. കൂടാതെ മറ്റും ചില പ്രോജക്റ്റുകൾക്കായി ആലോചന നടക്കുന്നു.