യൂട്യൂബ് വീഡിയോയിലൂടെ തന്നെക്കുറിച്ച് ഗോസിപ്പ് പറഞ്ഞു പരത്തുന്ന വ്ലോഗേഴ്സിനെതിരെ നയൻതാര. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറഞ്ഞ് പണമുണ്ടാക്കുന്നതാണ് അവരുടെ ജോലിയെന്നും തന്നെക്കുറിച്ചും തന്റെ കാര്യങ്ങളെക്കുറിച്ചും തന്റെ അച്ഛനെക്കാൾ ആധികാരികതയോടെയാണ് അവർ സംസാരിക്കാറുള്ളതെന്നും നയൻതാര പറയുന്നു. ആരെക്കുറിച്ചുമുള്ള മോശം കാര്യങ്ങൾ കേൾക്കില്ല, കാണില്ല, പറയില്ല എന്നതിനെ കാണിക്കാൻ നമ്മൾ ഉപയോഗിക്കുന്ന മൂന്നു കുരങ്ങന്മാരില്ലേ? അതിന്റെ നേർവിപരീതമാണ് അവരെന്നും ജീവിതത്തിൽ നിങ്ങൾ എന്തായിരിക്കരുത് എന്നതിന്റെ മാതൃകയാണ് അവരെന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നയൻതാര പറഞ്ഞു.
നയൻതാര പറഞ്ഞത്:
സാധാരണഗതിയിലുള്ള ക്രിട്ടിസിസവും ട്രോളിങ്ങിനെയും നമുക്ക് മാറ്റി നിർത്താം. പക്ഷേ വളരെ രസകരമായ ചില യൂട്യൂബേഴ്സ് ഇവിടെയുണ്ട്. അവർക്ക് മറ്റൊരു ജോലിയും ഇല്ല, വെറുതെ സിനിമ മേഖലയിലുള്ളവരെക്കുറിച്ച് ഗോസിപ്പ് പറയുക മാത്രമാണ് അവരുടെ ജോലി. ഞങ്ങൾ എല്ലാവരും ജോലിയുള്ളവരാണ്. പക്ഷേ അവരുടെ ജോലി എന്താണെന്ന് അറിയാമോ ജോലിയുള്ളവരെക്കുറിച്ച് മോശമായ കാര്യങ്ങളും ഗോസിപ്പും പറയുക എന്നതാണ്. ഞാൻ അവരെക്കുറിച്ച് വളരെ രസകരമായ ഒരു കഥ പറയാം. എന്റെ ഡോക്യുമെന്ററി പുറത്തു വന്നതിന് പിന്നാലെ ധനുഷും ഞാനുമായുള്ള വിവാദം ഉണ്ടായല്ലോ? ഞാൻ ഡോക്യുമെന്ററി വിറ്റ് പണമുണ്ടാക്കി, പിന്നെ എന്തുകൊണ്ട് എനിക്ക് 10 കോടി ധനുഷിന് കൊടുത്തു കൂടാ, തുടങ്ങി അതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ വന്നു. പക്ഷേ അതായിരുന്നില്ല പോയിന്റ്. ഞാനോ അദ്ദേഹമോ പണമുണ്ടാക്കുന്നതല്ല വിഷയം. അവർക്ക് ആ കേസ് എന്താണെന്ന് മനസ്സിലായില്ല. അതുകൊണ്ട് തന്നെ അവർ വെറുതെ അതിനെക്കുറിച്ച് സംസാരിക്കുകയാണ്. ചിലർ മാത്രമാണ് അതിനെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം ആരുടെയും പക്ഷം പിടിക്കാതെ വ്യക്തമായി അതിനെക്കുറിച്ച് സംസാരിച്ചത്.
എന്നാൽ ഞാനൊരു മൂന്നുപേരെക്കുറിച്ചാണ് പറയാൻ പോകുന്നത്. അവരെപ്പോഴും എന്നെക്കുറിച്ചാണ് ചർച്ച ചെയ്യാറുള്ളത്. അവർ ചെയ്ത എപ്പിസോഡ് എടുത്തു നോക്കിയാൽ അതിൽ 50 ൽ 45 എപ്പിസോഡും എന്നെക്കുറിച്ചായിരിക്കും. അവർ എന്തിനാണ് എന്നെക്കുറിച്ച് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചിലരോട് അന്വേഷിച്ചിരുന്നു. അതിന് എനിക്ക് കിട്ടിയ മറുപടി എന്തായിരുന്നുവെന്ന് അറിയാമോ? വീഡിയോയിൽ എന്റെ പേര് പറഞ്ഞാൽ ഒരുപാട് പേർ അത് കാണുമെന്നും അതു കാരണം അവർക്ക് അതിൽ നിന്നും പൈസ കിട്ടുമെന്നും. അത് കേട്ടപ്പോൾ ഞാൻ അതു വിട്ടു. എന്നെയോ എന്റെ പേരോ വച്ച് അവർ പൈസയുണ്ടാക്കുന്നു. അത് കുഴപ്പമില്ല. ആരെങ്കിലും അതുകൊണ്ട് ജീവിക്കുന്നുണ്ടല്ലോ? ഞാനോ ധനുഷോ പണമുണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിച്ച് അവർ പണമുണ്ടാക്കുന്നുണ്ടല്ലോ? അവർ എന്താണ് യഥാർത്ഥത്തിൽ ചെയ്യുന്നത്? മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പ് പറഞ്ഞു കൊണ്ട് പണമുണ്ടാക്കുകയാണ്. എനിക്ക് അവരെ കണ്ടപ്പോൾ എന്താണ് തോന്നിയതെന്ന് അറിയാമോ? നമ്മൾ മൂന്നു കുരങ്ങന്മാരെക്കുറിച്ച് പറയാറില്ലേ? അവർ ആരെക്കുറിച്ചുമുള്ള മോശം കാര്യങ്ങൾ കേൾക്കില്ല, കാണില്ല, പറയില്ല. അതാണെല്ലോ മൂന്നു കുരങ്ങന്മാർ. എന്നാൽ ഈ മൂന്നു പേർ ഈ മൂന്നു കുരങ്ങന്മാരുടെ വിപരീതമാണ്. അവർ മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റങ്ങൾ മാത്രമേ കേൾക്കുകയും, കാണുകയും പറയുകയും ചെയ്യൂ. നിങ്ങൾ എന്തായിരിക്കരുത് ജീവിതത്തിൽ എന്നതിന്റെ മാതൃകയാണ് അവർ. ഞാൻ അവരെ പ്രസിദ്ധരാക്കുകയാണോ എന്ന സംശയം എനിക്കുണ്ട്. എന്റെ അടുത്തിരുന്ന് പറയുന്നത് പോലെയാണ് അവർ വീഡിയോ ചെയ്യുന്നത്. എന്റെ കരിയർ ജേണിയെക്കുറിച്ച് അയാളോട് ആരോ ചോദിച്ചപ്പോൾ അയാൾ അതിനെക്കുറിച്ച് സംസാരിക്കുന്നത് എന്റെ അച്ഛൻ ആണെന്ന ഭാവത്തിലാണ്. അതിൽ ഒന്നു പോലും സത്യമുള്ള കാര്യമല്ല. അവരുടെ വീഡിയോ കാണുന്നവരും അവരെപ്പോലെ തന്നെ രസകരമായ ആളുകളാണ്. ബുദ്ധിയും ബോധവും ഉള്ളവർ അവരുടെ വീഡിയോ കാണില്ല, പക്ഷേ അവരെപ്പോലെയുള്ള ആളുകൾ അവരുടെ വീഡിയോ കാണും. നയൻതാര പറഞ്ഞു.