കിഷ്കിന്ധാ കാണ്ഡം ടീമിന്റെ സിനിമ എന്നതാണ് എക്കോയിലേക്ക് തന്നെ ആകർഷിച്ച ആദ്യ ഘടകമെന്ന് നടൻ നരേൻ. തന്റെ കഥാപാത്രം എന്തെന്ന് അറിയാൻ വലിയ ആകാംഷയുണ്ടായിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് റീഡിങ് പ്രോസസും താൻ ഏറെ ആസ്വദിച്ചു എന്ന് നരേൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നരേൻ.
'ദിന്‍ജിത്തിന്റെയും ബാഹുലിന്റെയും സിനിമയായതുകൊണ്ട് സിനിമ ചെയ്യണോ വേണ്ടയോ എന്നുള്ള ചോദ്യത്തിന് അപ്പോള്‍ തന്നെ ഉത്തരം കിട്ടി കഴിഞ്ഞു. എന്റെ കഥാപാത്രമെന്താണെന്ന് അറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് അയച്ചു തരാമെന്ന് പറഞ്ഞപ്പോള്‍ സന്തോഷമായി. തിരക്കഥ വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.
കിഷ്‌കിന്ധാ കാണ്ഡത്തിന്റെ എഴുത്തിന്റെ ഘടന തന്നെ വളരെ വ്യത്യസ്തമാണ്. അങ്ങനെയൊരു എഴുത്തുക്കാരന്റെ തിരക്കഥ വായിക്കാന്‍ ഒരു താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഒരു പ്രൊസസ് വളരെ നന്നായി ആസ്വദിച്ചു,' നരേൻ പറഞ്ഞു.
വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എക്കോ'. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സന്ദീപ് പ്രദീപ്, വിനീത്, അശോകൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്‍റെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.