Film News

മൈക്ക് തട്ടി കണ്ണ് നൊന്തു വെള്ളവും വന്നു, മാധ്യമപ്രവർത്തകനെ എല്ലാവരും കുറ്റപ്പെടുത്തുന്നത് കണ്ടാണ് മോഹൻലാൽ ഫോണിൽ വിളിച്ചത്: സനിൽ കുമാർ

മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. വീഡിയോ കണ്ണിൽ തട്ടി കുറേ നേരം വേദന മൂലം അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നുവെന്നും പിറ്റേ ദിവസം രാവിലെ വരെ ആ അസ്വസ്ഥത നീണ്ടു നിന്നു വെന്നും മോഹൻലാലിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽ കുമാർ. സംഭവം നടക്കുമ്പോൾ മോഹൻലാലിനൊപ്പം സനിൽ കുമാറും ഉണ്ടായിരുന്നു. വീഡിയോ വൈറൽ ആയതിന് പിന്നാലെ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തി നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടപ്പോഴാണ് മോഹൻലാൽ അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചത് എന്നും സനിൽ കുമാർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സനിൽ കുമാർ പറഞ്ഞത്:

മാധ്യമപ്രവർത്തകന്റെ കയ്യിലെ മൈക്ക് കണ്ണിൽ കൊണ്ട് അദ്ദേഹത്തിന്റെ കണ്ണിന് നല്ല വേദനയുണ്ടായിരുന്നു. അദ്ദേഹവുമായി ഞങ്ങൾ അവിടെ നിന്നും നേരെ പോയത് പാപ്പനംകോടുള്ള സ്റ്റു‍ഡിയോയിലേക്ക് ആണ്. അവിടെ വച്ചും അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ കണ്ണുകൾ ഒപ്പുന്നത് ഞാൻ കണ്ടിരുന്നു. കണ്ണിൽ വേദനയും ഉണ്ടായിരുന്നു. വീഡിയോ വൈറൽ ആയതിന് പിന്നാലെ ആ മാധ്യമ പ്രവർത്തകനെ പലരും കുറ്റപ്പെടുത്തുന്നത് കണ്ടാണ് അദ്ദേഹം അയാളെ വിളിച്ച് സംസാരിച്ചത്. മാധ്യമസ്ഥാപനങ്ങളിലെ സമ്മർദ്ദം മൂലമാകാം അവർ ഇത്തരത്തിൽ തിക്കും തിരക്കും സൃഷ്ടിക്കുന്നത്. പക്ഷേ അതൊരിക്കലും ആളുകളെ ശാരീരികമായി ഉപദ്രവിക്കുന്ന തരത്തിലേക്ക് മാറാൻ പാടില്ലെന്ന് സ്ഥാപനങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ഇതുപോലെ ഒരാൾ കടന്നു കയറിയാൽ ഒരു സാധാരണ വ്യക്തി പോലും ഒരുപക്ഷേ ഇങ്ങനെയാവില്ല പ്രതികരിക്കുക. പക്ഷേ അദ്ദേഹം പെരുമാറിയ രീതി നമ്മൾ കണ്ടില്ലേ?

കഴിഞ്ഞ ദിവസം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയതിന്റെ ഭാ​ഗമായി പുരസ്‌കാരം വാങ്ങാന്‍ എത്തിയതായിരുന്നു മോഹൻലാൽ. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. "ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. അറിഞ്ഞിട്ട് പറയാം"- എന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മോഹൻലാൽ പ്രതികരിച്ചത്. ഇതിനിടെ കാറിലേക്കു കയറും വഴിയണ് മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. "എന്താണ് മോനേ ഇതൊക്കെ, കണ്ണിലേക്കൊക്കെ... അയാളെ ഞാൻ നോക്കി വച്ചിട്ടുണ്ട്"- എന്ന് തമാശയോടെ പറഞ്ഞാണ് മോഹൻലാൽ കാറിലേക്ക് കയറുന്നത്. മോഹൻലാലിന്റെ കണ്ണിൽ മൈക്ക് തട്ടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT