ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയുടെ ഹിന്ദി വേർഷനും മികച്ച അഭിപ്രായം നേടുന്നു. ചിത്രത്തിന്റെ ഹിന്ദി വേർഷന് തിയറ്ററുകളിലും ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. അതെ സമയം പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം വരുൺ ധവാൻ നായകനായി എത്തിയ ബേബി ജോണിന് വലിയ തിരിച്ചടിയാണ് തിയറ്ററിൽ സംഭവിക്കുന്നത്. ഡിസംബർ 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കളക്ഷനിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ബോളിവുഡ് ഹംഗാമ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പല തിയറ്റർ ഉടമകളും തിയറ്ററിൽ ബേബി ജോണിന് പകരം മാർക്കോ പ്രദർശിപ്പിക്കുകയാണ്. ആടുജീവിതം ഹിന്ദി കളക്ഷനെയും മാർക്കോ മറികടന്നു.
വയലൻസ് പരിഗണിക്കുമ്പോൾ അനിമൽ എന്ന ചിത്രവുമായുള്ള താരതമ്യമാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന് ഹിന്ദി വേർഷനിൽ കൂടുതൽ ജനശ്രദ്ധ നേടിക്കൊടുക്കുന്നത്. സിനിമയിലെ വയലസ് കണ്ട ആളുകൾക്ക് അസ്വസ്ഥതകൾ ഉണ്ടാകുന്ന വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യയിലെ പല തിയറ്ററുകളിലും ബേബി ജോണിനേക്കാൾ കൂടുതൽ ഷോകൾ ലഭിക്കുന്നത് മാർക്കോയ്ക്ക് ആണെന്നാണ് റിപ്പോർട്ട്. ഏകദേശം 50 ലക്ഷത്തോളം രൂപ ഹിന്ദി കളക്ഷനിൽ ഇതുവരെയും മാർക്കോ നേടിയിട്ടുണ്ട്. റിലീസ് ചെയ്‌ത 5 ദിവസം കൊണ്ട് തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 50 കോടി കളക്ഷനിൽ എത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ചിത്രമാകും മാർക്കോ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്.
വരുൺ ധവാൻ, കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കലീസ് സംവിധാനം ചെയ്ത ബേബി ജോൺ, വിജയ് ചിത്രം തെറിയുടെ റീമേക്കാണ്. 180 കോടി മുതൽ മുടക്കിൽ നിർമ്മിച്ച സിനിമ കീർത്തി സുരേഷിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ്. എന്നാൽ 19 കോടി രൂപയാണ് ചിത്രം ഇതുവരെയും നേടിയിരിക്കുന്നത്.
റിലീസ് ദിനത്തിൽ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 10.8 കോടി രൂപയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. ക്രിസ്തുമസ് ദിനത്തിലും ചിത്രത്തിന് മികച്ച കളക്ഷനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തിൽ 3.3 കോടി രൂപയാണ് കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതേ നിലയിൽ ചിത്രം മുന്നോട്ട് പോകുകയാണെങ്കിൽ കൂടുതൽ നേട്ടങ്ങളിലേക്ക് ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വയലൻസ് ഉള്ള ആക്ഷൻ ചിത്രമെന്ന വിശേഷണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.