അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും ഭാഗമാകുന്ന ചിത്രം ‘ചത്താ പച്ച’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷം ജനുവരി 24ന് കൊച്ചിയിൽ വെച്ച് നടന്നു. ക്യു സ്റ്റുഡിയോ അവതരിപ്പിച്ച ‘The M Factor’ ഇവന്റിൽ തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു.
നിർമ്മാതാവ് ഷൗക്കത്താണ് തന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചതെന്നും, അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ സിനിമയുടെ ഭാഗമായതെന്നും മമ്മൂട്ടി പറഞ്ഞു. ‘വിശ്രമം വേണ്ടിവന്നപ്പോൾ ഷൗക്കത്തിനോട് ഞാൻ ചോദിച്ചു — ഞാൻ വേണോ, ഞാൻ വരണോ, ഇത് ഇല്ലാതെ എടുക്കാൻ പറ്റില്ലേ എന്ന്. പടത്തിന്റെ തുടക്കം മുതൽ എന്റെ പേര് പറഞ്ഞാണ് പോകുന്നതെന്നും, അപ്പോൾ വന്നില്ലെങ്കിൽ ആളുകൾ ചോദിക്കുമെന്നുമായിരുന്നു ഷൗക്കത്തിന്റെ മറുപടി. ഞാൻ നിങ്ങളെ വിശ്വസിച്ച് ഇറങ്ങുകയാണ്, മക്കളേ. ഇതിനെപ്പറ്റി എനിക്ക് വലിയ പിടിപാടൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അവർ പറഞ്ഞതുപോലെയാണ് ചെയ്തത്,'
'സിനിമയില്‍ ഈ വാള്‍ട്ടര്‍ എന്ന കഥാപാത്രം ഞാന്‍ മനസിലാക്കിയത് ഇയാള്‍ ഈ കുട്ടികളുടെ ചെറുപ്പത്തിലെ ഹീറോ ആണ്. ഇടയ്ക്ക് അയാള്‍ നാട് വിട്ട് പോയിരുന്നു. കൊച്ചിക്കാരാണ് എല്ലാവരും. അയാള്‍ കുറേക്കാലം കഴിഞ്ഞതിന് ശേഷം തിരിച്ചുവരുന്നത് ആ കുട്ടികളെ ഒന്ന് സര്‍പ്രൈസ് ചെയ്യിക്കാന്‍ വേണ്ടിത്തന്നെയാണ്. ഇവിടെനിന്ന് പോയ കാലത്തെ കൊച്ചി ഭാഷയൊക്കെയാണ് അയാള്‍ സംസാരിക്കുന്നത്. കഥാപാത്രത്തിന്‍റെ ഐഡന്‍റിറ്റി പോകാതിരിക്കാനായി ആ ഭാഷ സംസാരിക്കാനും രൂപം വരുത്താനുമൊക്കെ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലുള്ള ഭാഷയിലല്ല അയാള്‍ സംസാരിക്കുന്നത്. കുറേക്കാലം മുന്‍പുള്ള കൊച്ചി ഭാഷയാണ് സംസാരിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ പിള്ളേര്‍ക്കൊക്കെ ഇത്തിരി കണക്ഷന്‍ പോയെന്ന് വരാം. പക്ഷേ അത് അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും”, മമ്മൂട്ടി പറഞ്ഞു.
'ഈ പിള്ളേരുടെ ആവേശവും ആത്മവിശ്വാസവും കണ്ടപ്പോൾ, ഞാൻ സിനിമയിൽ തുടക്കമിട്ട കാലം ഓർമവന്നു. അന്ന് ആവേശമോ എനർജിയോ ഒന്നുമല്ല — പേടിയായിരുന്നു. നന്നാവുമോ, രക്ഷപ്പെടുമോ എന്ന ഭയത്തിലാണ് ഞങ്ങൾ സിനിമയിലേക്ക് വന്നത്. പക്ഷേ ഇവർ ഫുൾ കോൺഫിഡൻസിലാണ്. എന്ത് പറഞ്ഞാലും ചെയ്യാൻ റെഡിയാകുന്ന മനോഭാവമാണ്. റോഷന്റെയൊക്കെ കൈയിലെ മസിൽ കണ്ടിട്ടുണ്ടോ? കാണുന്ന പോലെ അല്ല, അഴിച്ചിട്ടാൽ പേടിയാകും. സാധാരണ നടൻമാർ അഭിനയം പ്രാക്ടീസ് ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷെ കഥാപാത്രത്തിന് വേണ്ടി ഇത്ര എഫേർട്ട് എടുത്ത് ബോഡി ബിൽഡ് ചെയ്യുകയാണ് വിശാഖ് ഒക്കെ. എനിക്കൊന്നും അത് ജന്മത്തിൽ പറ്റില്ല,'
'ഇപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, അതും കഴിഞ്ഞ അഞ്ച്–എട്ട് വർഷമായിട്ടേയുള്ളൂ. ആവശ്യമായതുകൊണ്ടാണ്, അല്ലെങ്കിൽ അതും ഒഴിവാക്കിയേനെ. സത്യത്തിൽ ഞാൻ അല്ല ഈ സിനിമയുടെ എനർജി — ഇവരായിരുന്നു. ഇത്രയും പ്രായമായിട്ടും ഇനി ഇവരുടെയെല്ലാം കൂടെയാണല്ലോ മുന്നോട്ട് മുട്ടേണ്ടത്. ഇവന്മാർ ഒന്ന് ഊതിയാൽ നമ്മൾ പറന്നു പോകുമല്ലോ. അതുകൊണ്ട് കുറച്ചുകൂടി എനർജിയും ആത്മവിശ്വാസവും ആവേശവും ഉണ്ടാക്കിയെടുക്കാൻ ഇവർ ഈ സിനിമയിലൂടെ എനിക്ക് വലിയ സഹായം ചെയ്തു,’ മമ്മൂട്ടി പറഞ്ഞു.
'നമ്മൾ വലിയ നടനാണെന്ന് പറഞ്ഞ് ഇവരുടെ മുന്നിൽ പോയി നാണംകെടരുതല്ലോ. ഇവർ പറഞ്ഞത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. കയ്യിൽ നിന്ന് ഒന്നും കൊണ്ടുപോയിട്ടില്ല. അപ്പോൾ ഇവർ പറഞ്ഞത് ഞാൻ ചെയ്തു; അത് നല്ലതായാലും ചീത്തയായാലും എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല,’ തമാശ രൂപേണ മമ്മൂട്ടി പറഞ്ഞു.