മമ്മൂട്ടി-ഖാലിദ് റഹ്മാൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ മെഗാ കോംബോ വീണ്ടും ഒന്നിക്കുന്നത്. നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് തന്നെയാണ് ഈ വമ്പൻ അനൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിലൂടെ നടത്തിയത്.
മാർക്കോ, കാട്ടാളൻ എന്നീ സിനിമകൾക്ക് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെയും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2026 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എൻ്റർടെയ്‌നർ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൻ്റെ പിന്നണിയിൽ അണിനിരക്കുക. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2019 ജൂണിലായിരുന്നു ഉണ്ട റിലീസ് ചെയ്തത്. പാർലമെന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിനു വേണ്ടി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് അയക്കപ്പെടുന്ന ഒൻപതംഗ കേരള പൊലീസ് സംഘത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്. സബ് ഇൻസ്പെക്ടറായ സി.പി. മണികണ്ഠനായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.
അതേസമയം എന്റർടെയ്ൻമെന്റ്സിന്റെ പുതിയ ചിത്രം കാട്ടാളന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ആന്റണി വർഗീസാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്.