Film News

കമൽഹാസനെ മുന്നിലിരുത്തി തേവർ മകനിലെ 'ജാതിവാഴ്ച'യുടെ വേദന പങ്കിട്ട് മാരി സെൽവരാജ്, അന്നത്തെ ഇസൈക്കി ഇന്നത്തെ മാമന്നൻ

തേവർ മകൻ എന്ന സിനിമ ചലച്ചിത്രാവിഷ്കാര ഭാഷ എന്ന നിലയിൽ മികച്ചു നിൽക്കുമ്പോഴും, അത് തന്നിൽ വേദനയുണ്ടാക്കിയ ചിത്രം കൂടിയാണെന്ന് സംവിധായകൻ മാരി സെൽവരാജ്. ഒരു സിനിമ സമൂഹത്തിനോട് എന്ത് ചെയ്യുന്നുവെന്ന് മനസ്സിലാക്കിയതിന് തേവർ മകനും കാരണമാണ്. തേവർ മകൻ തന്നിലുണ്ടാക്കിയ വേദനയിൽ നിന്നും, അതേ സമയം തന്നെ അത്ഭുതപ്പെടുത്തിയ സിനിമാറ്റിക് ഭാഷയിൽ നിന്നും ജനിച്ചതാണ് മാമന്നൻ എന്ന് മാരി സെൽവരാജ് പറയുന്നു. മാമന്നന്റെ ഓഡിയോ ലോഞ്ചിൽ ആണ് മാരി സെൽവരാജ് സംസാരിച്ചത്.

കമൽഹാസൻ വേദിയിലിരിക്കെ സംവിധായകൻ മാരി സെൽവരാജ് 'തേവർ മകനെ'ക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു.

മാമന്നൻ പിറക്കാൻ തേവർ മകൻ എന്ന സിനിമയും കാരണമായിട്ടുണ്ട്. തേവർ മകൻ എന്ന സിനിമ കണ്ട നിമിഷം തന്നെ ആലോചനയിലുണ്ടായതാണ് മാമന്നൻ. ആ സിനിമ കാണുമ്പോൾ എന്നിലുണ്ടാക്കിയ വേദനയും വിങ്ങലുമെല്ലാം മാമന്നന് കാരണമായിട്ടുണ്ട്.

അതിൽ പൊസിറ്റിവും നെ​ഗറ്റീവുമുണ്ട്. തേവർ മകൻ ഒരു മാസ്റ്റർ സ്ട്രോക്ക് എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ സംവിധായകരും ആ സിനിമയെ മാതൃകയാക്കാറുണ്ട്, അതേ സമയം ആ സിനിമയുടെ ഉള്ളടക്കം എന്നിലുണ്ടാക്കിയ വേദന തീവ്രമായിരുന്നു. ഈ പ്ലോട്ടിൽ എന്റെ അച്ഛൻ ഇരുന്നാൽ എങ്ങനെയിരിക്കുമെന്ന് ഞാൻ ആലോചിച്ചു. ഇത് എന്റെ അപ്പാക്ക് വേണ്ടി പണിത സിനിമ കൂടിയാണ്. തേവർ മ​കനിൽ വടിവേലു അവതരിപ്പിച്ച ഇസൈക്കി ഇതിൽ മാമന്നനനാണ്. ഇസൈക്കി എന്ന ഭൃത്യനിൽ നിന്ന് മാമന്നനിലേക്കുള്ള ട്രാൻസ്ഫർമേഷൻ കൂടിയാണ് ഈ സിനിമ.

തേവർ സമുദായത്തിന്റെ ജാതിവാഴ്ചയെ ആഘോഷിക്കുന്ന ചിത്രമെന്ന നിലക്ക് ഭരതൻ തമിഴിലൊരുക്കിയ തേവർ മകൻ എന്ന സിനിമ പിന്നീട് കടുത്ത വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. ജാതിമേധാവിത്വത്തെ മഹത്വവൽക്കരിക്കുന്ന രീതിയിലാണ് സിനിമയുള്ള ഉള്ളടക്കമെന്ന നിലയിലായിരുന്നു വിമർശനം. തേവർ മകനിൽ തേവർ കുടുംബത്തിലെ സേവകനായ ഇസൈക്കിയെ ചക്രവർത്തിയെന്ന അർത്ഥമുള്ള മാമന്നനായി പ്രതിഷ്ഠിക്കുകയാണ് പുതിയ ചിത്രമെന്ന നിലക്കാണ് മാരി സെൽവരാജിന്റെ പ്രസം​ഗത്തെ തമിഴ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ചർച്ചയാക്കിയത്. തേവർ മകനിലെ നായകൻ കമൽഹാസന്റെ മുന്നിലിരുത്തി മാരി സെൽവരാജ് തന്റെ നിലപാട് പ്രഖ്യാപിച്ചതിനും കയ്യടി ലഭിക്കുന്നുണ്ട്.

1992-ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'തേവർ മകനെ' ഇതിന് മുൻപും മാരി സെൽവരാജ് വിമർശിച്ചിരുന്നു. ജാതി അക്രമങ്ങളെയും, ആചാരങ്ങളെയും മഹത്വവത്കരിക്കുന്ന തേവർ മകൻ പോലൊരു ചിത്രം എന്തുകൊണ്ട് കമൽഹാസൻ ചെയ്തുവെന്ന് മാരി സെൽവരാജ് മുമ്പ് ചോദിച്ചിരുന്നു. ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് മാമന്നനിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാരി സെൽവരാജിന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും 'മാമന്നൻ' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവിസ് നിർമിക്കുന്ന ചിത്രം ജൂൺ 29 ന് തിയറ്ററുകളിലെത്തും.

എ.ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വർ ആണ്. മാരി സെൽവരാജിന്റെ 'പരിയേറും പെരുമാളും', 'കർണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെൽവയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിർവഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു. എച്ച് ആർ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT