'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല സംവിധായകൻ ചെയ്യേണ്ടതെന്നും പ്രേക്ഷകരുടെ ആസ്വാദന തലത്തെ മാറ്റി മറിക്കാനാണ് ശ്രമിക്കേണ്ടതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. മലൈക്കോട്ടൈ വാലിബന്റെ പരാജയം സൃഷ്ടിച്ച നിരാശ മൂന്നാഴ്ചയോളം നിലനിന്നുവെന്നും പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കാൻ സാധിക്കുന്നത് കൂടിയാവണം സംവിധാനം എന്നും ഗലാട്ട പ്ലസ്സ് നടത്തിയ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കവേ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്:
കുട്ടിക്കാലം മുതൽ ഞാൻ സിനിമകളിൽ കണ്ടിട്ടുള്ള ഗംഭീര നിമിഷങ്ങൾ തിരിച്ചു കൊണ്ടു വരാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ ഞാൻ ശ്രമിച്ചത്. ബോളിവുഡ് സിനിമകളിലൊക്കെ നമ്മൾ കാണുന്നത് പോലെ, ബച്ചൻ സാറും രജനി സാറും ഒക്കെ സ്ക്രീനിലേക്ക് വരുന്നത് പോലെ ഒരു നിമിഷം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. മലൈക്കോട്ടൈ വാലിബന്റെ പരാജയം നൽകിയ നിരാശ മൂന്നാഴ്ചയോളം മാത്രമേ നിലനിന്നുള്ളൂ. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല സംവിധായകർ ചെയ്യേണ്ടത്. മറിച്ച് പ്രേക്ഷകർക്ക് എന്താണോ കാണണമെന്ന് അവർ വിചാരിക്കുന്നത് അതിനെ മാറ്റി മറിക്കുകയാണ് ചെയ്യേണ്ടത്. സംവിധായകർ പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത് സിനിമ ചെയ്യണമോ അതോ പ്രേക്ഷകരുടെ ഇഷ്ടത്തെ മാറ്റി മറിക്കാൻ സാധിക്കുന്ന തരത്തിൽ പുതിയൊരു ആസ്വാദനതലം അവർക്ക് വാഗ്ദാനം നൽകുന്ന സിനിമ ചെയ്യണമോ എന്നത് എപ്പോഴും നിലനിൽക്കുന്നൊരു ചോദ്യമാണ്. രണ്ട് കാര്യങ്ങളും നമുക്ക് ചെയ്യാവുന്നതാണ്. എന്റേത് ഈ ശൈലിയാണ് എന്നു മാത്രം. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്തു കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണ് അതെന്നാണ് എനിക്ക് തോന്നുന്നത്.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രം എന്നാൽ പ്രേക്ഷകർക്കിടെ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. സിനിമയ്ക്കെതിരെ നടന്ന ഹേറ്റ് ക്യാംപയിൻ തന്നെ നിരാശപ്പെടുത്തിയിരുന്നുവെന്ന് ലിജോ തന്നെ മുൻപ് തുറന്നു പറഞ്ഞിരുന്നു. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പി.എസ്. റഫീഖ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സേട്ട്, രാജീവ് പിള്ളൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.