മോഹൻലാലിനൊപ്പമുള്ള ആക്ഷൻ രംഗങ്ങളുടെ അനുഭവം പങ്കുവെച്ച് കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം ഫൈറ്റ് ചെയ്യുമ്പോൾ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. ഏറ്റവും കംഫര്‍ട്ട് ആയി എവിടെയാണ് വീഴേണ്ടതെന്ന് കൃത്യമായി അദ്ദേഹം കാണിച്ചു തരും. അദ്ദേഹം പറയുന്നത് പോലെ ചെയ്യുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടത് എന്ന് ഷാജോൺ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാഭവൻ ഷാജോൺ.
കലാഭവൻ ഷാജോണിന്റെ വാക്കുകൾ:
ആക്ഷന്‍ ചെയ്യുമ്പോള്‍ എപ്പോഴും നമുക്ക് ഒരു ടെന്‍ഷനുണ്ടാകും. പക്ഷേ ലാലേട്ടന്റെ കൂടെ ചെയ്യുമ്പോള്‍ നമുക്ക് ആ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. കാരണം നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് നമുക്ക് തന്നെ അറിയാം. ഫൈറ്റിനിടയില്‍ അടി കൊണ്ട് ഏറ്റവും കംഫര്‍ട്ട് ആയി എവിടെയാണ് വീഴേണ്ടതെന്ന് ലാലേട്ടന്‍ തന്നെ കാണിച്ച് തരും. ഇവിടെ നിന്ന് എത്ര ദൂരം വരെ പോയി വീഴാം, എവിടെ പോയി നിന്നാല്‍ നിന്റെ ദേഹത്ത് ഇടി കൊള്ളില്ല എന്നെല്ലാം അദ്ദേഹം പറഞ്ഞ് തരും. നമ്മള്‍ അതുപോലെ ചെയ്താല്‍ മാത്രം മതി.
തുടരുമിലെ സ്‌റ്റേഷന്‍ ഫൈറ്റ് കാണുമ്പോള്‍ ലാലേട്ടന്‍ ഒരാളുടെ ദേഹത്ത് പോലും കൈ വെക്കുന്നില്ലെന്ന് എനിക്കറിയാം. പക്ഷേ എന്തൊരു ഇംപാക്ടാണ് അദ്ദേഹം അവിടെ ഉണ്ടാക്കി എടുക്കുന്നത്. വേറെ ചില ആള്‍ക്കാരുടെ കൂടെ അഭിനയിക്കുമ്പോഴാണ് ഇവരുടെയെല്ലാം എക്‌സ്പീരിയന്‍സ് നമുക്ക് മനസിലാവുന്നത്.
മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒരു എക്‌സ്പീരീയിയന്‍സും അതാണ്. എത്രവേണമെന്നും ഇത്ര ചെയ്താല്‍ സ്‌ക്രീനില്‍ വരുമ്പോള്‍ കറക്ടായിരിക്കുമെന്നും അവര്‍ക്കറിയാം. ഫൈറ്റ് സീന്‍ എത്ര ലേറ്റായാലും എത്ര ലെങ്തി ആയാലും ലാലേട്ടന്‍ റെഡിയായിട്ടാണ് ലൊക്കേഷനില്‍ നില്‍ക്കുക. അത് കാണുമ്പോള്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരും ഹാപ്പിയാണ്. എന്ത് കൊടുത്താലും ചെയ്യാന്‍ റെഡിയായിട്ട് അങ്ങനെ ഒരാള്‍ നില്‍ക്കുമ്പോള്‍ അവരും കൂടുതല്‍ ശ്രമിക്കും.