എ.ഐയെ ഭയക്കേണ്ട, ജാഗ്രത വേണം: ഷാർജ പുസ്തകമേളയിലെ സംവാദം

 എ.ഐയെ ഭയക്കേണ്ട, ജാഗ്രത വേണം: ഷാർജ പുസ്തകമേളയിലെ സംവാദം
Published on: 

നിർമിതബുദ്ധിയെ (എ.ഐ) ഭയപ്പെടുകയല്ല, ജാഗ്രതയോടെ സമീപിക്കുകയാണ് വേണ്ടതെന്ന് ഷാർജ പുസ്തകമേളയില്‍ നടന്ന സംവാദത്തില്‍ അഭിപ്രായമുയർന്നു, സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്‍റെ ഗുണവും ദോഷവുമെന്ന് സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

45-ാമത് പുസ്തകമേളയിൽ ‘എ.ഐ മനുഷ്യന്‍റെ ചിന്തയിലും സർഗാത്മകതയിലും തൊഴിൽരംഗത്തും എത്രത്തോളം മാറ്റമുണ്ടാക്കും’ എന്ന വിഷയത്തിലായിരുന്നു ചർച്ച. ഈജിപ്ഷ്യൻ എഴുത്തുകാരിയും വിവർത്തകയുമായ ഡോ. ഹുവൈദ സാലിഹ്, അക്കാദമിക് വിദഗ്ധനും എഴുത്തുകാരനുമായ പ്രഫ. നിർമൽ ഛബ്രിയ, ഇന്‍റർനെറ്റ് ഹിസ്റ്ററി പോഡ്കാസ്റ്റ് അവതാരകൻ ബ്രയാൻ മക്കല്ലോ എന്നിവരാണ് പങ്കെടുത്തത്. ലൈല എൽ-വാഫി മോഡറേറ്ററായിരുന്നു. എ.ഐയെക്കുറിച്ചുള്ള ആശങ്കകൾക്കു പകരം അതിനെക്കുറിച്ച് മനസ്സിലാക്കാനും മികച്ച രീതിയിൽ ഉപയോഗിക്കാനും ശ്രമിക്കണമെന്ന് പ്രഫ. നിർമൽ ഛബ്രിയ പറഞ്ഞു. “നാം ഭയപ്പെടേണ്ടതില്ല, എന്നാൽ ജാഗ്രതയുണ്ടാകണം. എ.ഐ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് മനസ്സിലാക്കുകയാണ് പ്രധാനം,” അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടറുകളുടെ വരവിനോടും സമാനമായ ആശങ്കകൾ ഉയർന്നിരുന്നുവെന്ന് ബ്രയാൻ മക്കല്ലോ ചൂണ്ടിക്കാട്ടി. പിന്നീട് അവ ദൈനംദിന ജോലികൾ എളുപ്പമാക്കുന്ന ഉപകരണങ്ങളായി മാറി. എ.ഐയും അത്തരമൊരു സാങ്കേതിക ഉപകരണം മാത്രമാണ്. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് നിർണായകമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വരും വർഷങ്ങളിൽ എ.ഐയുടെ കഴിവുകൾ എത്രത്തോളം വളരുമെന്നും അതിന്‍റെ പ്രവർത്തനങ്ങൾ മനുഷ്യന് പൂർണമായി മനസ്സിലാക്കാൻ കഴിയുമോയെന്നും ഡോ. ഹുവൈദ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യന് വ്യാഖ്യാനിക്കാൻ പ്രയാസമുള്ള രീതിയിൽ യന്ത്രങ്ങൾ ആശയവിനിമയം നടത്താനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടി.

മനുഷ്യന്‍റെ നിയന്ത്രണവും ഉത്തരവാദിത്തവും

എ.ഐ സംവിധാനങ്ങൾ സ്വയം മറ്റു സംവിധാനങ്ങളെ സൃഷ്ടിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം സാങ്കേതികവിദ്യയെ മനുഷ്യന്‍റെ ലക്ഷ്യങ്ങളോട് ചേർത്തുനിർത്തുന്നതിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നുവെന്ന് പ്രഫ. ഛബ്രിയ പറഞ്ഞു. സാങ്കേതികവിദ്യയുടെ നല്ലതും ചീത്തയുമായ ഉപയോഗങ്ങളുടെ ഉത്തരവാദിത്തം മനുഷ്യർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിൽ യുഎഇ എ.ഐ ഉപയോഗം വ്യാപിപ്പിക്കുന്നതും ചർച്ചയായി. സാങ്കേതിക മുന്നേറ്റത്തിനൊപ്പം മനുഷ്യന്‍റെ വൈദഗ്ധ്യം, ഉത്തരവാദിത്തം, ധാർമികത എന്നിവയ്ക്കും പ്രാധാന്യം നൽകണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

എഴുത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കണം

എ.ഐയുടെ വളർച്ച സാഹിത്യത്തെയും പകർപ്പവകാശത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഡോ. ഹുവൈദ സാലിഹ് പങ്കുവച്ചു. എ.ഐ സംവിധാനങ്ങളെ പരിശീലിപ്പിക്കാൻ എഴുത്തുകാരുടെ കൃതികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ചോദ്യങ്ങളുയരുന്നുണ്ടെന്ന് അവർ പറഞ്ഞു. സർഗാത്മക സൃഷ്ടികളുടെ ഉടമസ്ഥാവകാശവും മൗലികതയുടെ മൂല്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എ.ഐയുടെ ഭാവിയെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉയർന്നെങ്കിലും സാങ്കേതികവിദ്യയുടെ ഉപയോഗം മനുഷ്യന്‍റെ വിവേചനബുദ്ധിക്കും സർഗാത്മകതയ്ക്കും ഉത്തരവാദിത്തത്തിനും വിധേയമായിരിക്കണമെന്ന കാര്യത്തിൽ സംവാദം ഊന്നൽ നൽകി.

ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഷാർജ പുസ്തകമേള നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്‍ററിലാണ് നടക്കുന്നത്. ‘കഥകളാൽ മെനഞ്ഞത് ’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാനാണ് അതിഥിരാജ്യം. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്.