Film News

'നല്ലത് ചെയ്യുന്ന ആരെയും ഞാൻ ട്രോളിയിട്ടില്ല, ഫിറോസ് കുന്നുംപറമ്പിലിനെ എനിക്കറിയില്ല', 'മായക്കൊട്ടാരം' സംവിധായകൻ കെ.എന്‍ ബൈജു

കെ.എൻ ബൈജു സംവിധായകനാകുന്ന 'മായക്കൊട്ടാരം' എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തതു മുതൽ ട്രോളുകളും കമന്റുകളുമായി സോഷ്യൽ മീഡിയ ചർച്ചകൾ പുരോ​ഗമിക്കുകയാണ്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന ചാരിറ്റി പ്രവർത്തകനായാണ് റിയാസ് ഖാൻ പോസ്റ്ററിലുളളത്. സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ എന്ന വ്യക്തിയെ കളിയാക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതുമാണ് പോസ്റ്റർ എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. 'ഒരു സംഘം തനിക്കെതിരെ പ്രവർത്തിക്കുന്നു. അവർ ഇപ്പോൾ ഒരു സിനിമയുമായി രംഗത്തെത്തുകയാണ്', എന്നായിരുന്നു പ്രതികരണമായി ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക് ലൈവിലൂടെ പറഞ്ഞത്. എന്നാൽ താനൊരു സംഘത്തിലേയും അം​ഗമല്ലെന്നും ഫിറോസ് കുന്നുംപറമ്പിൽ എന്ന വ്യക്തിയെ തനിക്കറിയില്ലെന്നും മായക്കൊട്ടാരം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ബൈജു പറയുന്നു.

എനിക്കാരെയും ട്രോളണ്ട

എനിക്ക് ആരെയും ട്രോളി പടമെടുക്കണ്ട, സുരേഷ് കോടാലിപ്പറമ്പൻ എന്നത് എന്റെ ക്യാരക്ടറിന്റെ പേരാണ്. ആ കഥാപാത്രം ഇതുപോലെ ഓൺലൈൻ ചാരിറ്റി ചെയ്യുന്ന ഒരു വ്യക്തിയുമാണ്. അതിനപ്പുറത്തേയ്ക്ക് ഈ പറയുന്ന ആരെയും ഞാൻ ട്രോളുന്നില്ല. കോമഡിയും പ്രണയവും എല്ലാം ഉൾപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്ന ഒരു സിനിമയാണ് 'മായക്കൊട്ടാരം'. ഓൺലൈൻ ചാരിറ്റി മാത്രമല്ല, മറ്റൊരു വിഷയത്തെ കുറിച്ചാവും അടുത്ത പോസ്റ്റർ വരിക. നമുക്ക് ചുറ്റുമുളള തട്ടിപ്പുകാരായ ഒരുപാട് ആളുകളെ കുറിച്ചും ഒരുപാട് സംഭവങ്ങളെ കുറിച്ചും കളിയാക്കുന്നുണ്ട് ഈ സിനിമയിലൂടെ. നല്ലത് ചെയ്യുന്ന ആരെയും ഞാൻ ട്രോളിയിട്ടില്ല.

മലയാളത്തിൽ ആദ്യ ചിത്രം

ഞാൻ ഒരു സംഘത്തിലുമുളള ആളല്ല. ഞാൻ രണ്ട് സിനിമകൾ മലയാളത്തിൽ ചെയ്തു, രണ്ടും നിലം തൊടാതെ പോയെന്ന് ഇന്നലെ ഒരു വാർത്തയിൽ കണ്ടു. തെറ്റാണ്. ഞാൻ ഇതുവരെ മലയാളത്തിൽ സിനിമ ചെയ്തിട്ടില്ല. തമിഴിലാണ് ചെയ്തിട്ടുളളത്. രജനികാന്തിന്റെ 'ലിങ്ക' എന്ന ചിത്രത്തിനൊപ്പം വെല്ലുവിളിച്ച് സിനിമ ഇറക്കിയിട്ടുളള വ്യക്തിയാണ് ഞാൻ. അന്ന് രജനികാന്തിനെ പോലെ ഒരു സൂപ്പർതാരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്നതിനൊപ്പം എന്റെ ചിത്രം ഇറക്കാൻ ആരാധകരൊന്നും സമ്മതിച്ചിരുന്നില്ല. എന്നിട്ടും 175ൽ അധികം തീയറ്ററുകളിലായി 'യാരോ ഒരുവൻ' എന്ന എന്റെ സിനിമ ഞാൻ പ്രദർശിപ്പിച്ചു. മാത്രമല്ല നവ​ഗ്രഹ സിനി ആർട്ട്സ് എന്ന എന്റെ കമ്പനി കേരളത്തിൽ ഇതുപോലെ നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്.

ട്രോളുകളിലൂടെ കൂടുതൽ ആളുകളിലേയ്ക്ക് സിനിമ എത്തും

ഞാൻ പതിനഞ്ചു വർഷമായി മദ്രാസിലായിരുന്നു. ഫിറോസ് കുന്നുംപറമ്പിൽ എന്ന വ്യക്തിയെ എനിക്കറിയില്ല. ട്രോളുകളിലൂടെ സിനിമ കൂടുതൽ ആളുകളിലേയ്ക്ക് എത്തുന്നതിൽ സന്തോഷമുണ്ട്. ഞാനാണ് ഈ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും. എനിക്ക് മാത്രമേ അറിയൂ എന്താണ് സിനിമ പറയുന്നത് എന്നത്. ആളുകൾ ഭാവനയിലൂടെ ട്രോളുകൾ ഉണ്ടാക്കി വിട്ടിട്ട് കാര്യമൊന്നുമില്ല.

സിനിമയ്ക്ക് പിന്നിൽ വലിയൊരു ടീമുണ്ട്

മായക്കൊട്ടാരത്തിന് നല്ലൊരു പ്രൊഡക്ഷൻ കമ്പനിയുടെ പിന്തുണയുണ്ട്. ഒരുപാട് താരങ്ങളുണ്ട്, ദിഷ പൂവയ്യയാണ് നായിക. നല്ല പാട്ടുകളുണ്ട്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട പോലുളള മലയാളത്തിലെ പ്ര​ഗത്ഭരായ ​ഗാന രചയിതാക്കൾ ഒന്നിക്കുന്ന ചിത്രമാണ്. മധുബാലകൃഷ്ണൻ, അനുരാധ ശ്രീറാം, ബിജു നാരായണൻ തുടങ്ങിയ ​ഗായകരും ചിത്രത്തിന് പിന്നിലുണ്ട്. അജയ് സരിഗമയാണ് സംഗീതം. മാമുക്കോയ, ജയൻ ചേർത്തല, സാജു കൊടിയൻ, കുളപ്പുള്ളി ലീല, നാരായണൻകുട്ടി തുടങ്ങി കേരളത്തിലെ പ്ര​ഗത്ഭരായ പതിനഞ്ചോളം ആർട്ടിസ്റ്റുകളും തമിഴിൽ നിന്ന് നാലുപേരും അഭിനയിക്കുന്നുണ്ട്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT