Film News

'സിനിമ കണ്ടു എന്ന് മുഴുവൻ ജൂറികൾക്കും ഉറപ്പാണ്, സംശയമുള്ളവർക്ക് അക്കാദമിയിൽ പരിശോധിക്കാം', IFFK വിവാ​ദത്തിൽ സെലക്ഷൻ കമ്മിറ്റി അം​ഗം

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് അയച്ച 'എറാൻ' (The man who always obeys) എന്ന തന്റെ ചിത്രം ഒന്നു കാണുക പോലും ചെയ്യാതെ ജൂറി ഒഴിവാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകൻ ഷിജു ബാലഗോപാലന്റെ ആരോപണത്തിൽ പ്രതികരിച്ച് സെലക്ഷൻ കമ്മിറ്റി അംഗമായിരുന്ന ഒ പി സുരേഷ്. തങ്ങൾക്ക് മുമ്പിൽ സിനിമ പ്രദർശിപ്പിക്കുന്നത് അക്കാദമിയുടെ ടെക്‌നിഷ്യൻസ് ആണ്. അവരത് എങ്ങനെയാണു ചെയ്തതെന്ന് തങ്ങൾക്കറിയില്ല പക്ഷെ തങ്ങൾ സിനിമ കണ്ടിരുന്നുവെന്ന് ഒ പി സുരേഷ് പറയുന്നു. അക്കാദമി തങ്ങളോട് ആവശ്യപ്പെട്ടത് ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ മലയാളത്തിൽ നിന്ന് ഏറ്റവും മികച്ച 12 സിനിമകളും, മത്സര വിഭാഗത്തിലേക്ക് 2 സിനിമകളും തിരഞ്ഞെടുക്കണം എന്നാണ്. അത് തിരഞ്ഞെടുക്കുക എന്നതാണ് തങ്ങൾ ചെയ്തിട്ടുള്ള ഒരു കാര്യം. സിനിമ കണ്ടു എന്നത് മുഴുവൻ ജൂറികൾക്കും ഉറപ്പാണെന്ന് ഒ പി സുരേഷ് കൂട്ടിച്ചേർത്തു. സിനിമ പ്രദർശിപ്പിച്ചു എന്നതിന്റെ ഡിജിറ്റൽ തെളിവുകൾ അക്കാദമിയുടെ കയ്യിലുണ്ട്, ആർക്ക് വേണമെങ്കിലും അക്കാദമിയിൽ ചെന്നത് പരിശോധിക്കാം എന്നും ഒ പി സുരേഷ് ക്യു സ്റുഡിയോയോട് പറഞ്ഞു.

ഒ പി സുരേഷ് പറഞ്ഞത് :

സിനിമ കണ്ട് സിനിമ സെലക്ട് ചെയ്യാനുള്ള പാനലിലുള്ള അംഗമാണ് ഞാൻ. ഞങ്ങൾക്ക് മുമ്പിൽ സിനിമ പ്രദർശിപ്പിക്കുന്നത് അക്കാദമിയുടെ ടെക്‌നിഷ്യൻസ് ആണ്. അവരത് എങ്ങനെയാണു ചെയ്തതെന്ന് ഞങ്ങൾക്കറിയില്ല. പക്ഷെ ഞങ്ങൾ സിനിമകൾ മുഴുവൻ കണ്ടതാണ്. സിനിമ ഏത് ഫോർമാറ്റിലാണ് ഞങ്ങൾക്ക് കിട്ടിയത് തുടങ്ങിയ കാര്യങ്ങൾ എനിക്കറിയില്ല പക്ഷെ ഞങ്ങൾ സിനിമ കണ്ടിരുന്നു. പതിനാല് സിനിമകളാണ് നമുക്ക് ആകെ വേണ്ടിയിരുന്നത്. അക്കാദമി ഞങ്ങളോട് ആവശ്യപ്പെട്ടത് ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ മലയാളത്തിൽ നിന്ന് ഏറ്റവും മികച്ച 12 സിനിമകളും, മത്സര വിഭാഗത്തിലേക്ക് 2 സിനിമകളും തിരഞ്ഞെടുക്കണം എന്നാണ്. അത് തിരഞ്ഞെടുക്കുക എന്നതാണ് ഞങ്ങൾ ചെയ്തിട്ടുള്ള ഒരു കാര്യം. സിനിമ കണ്ടു എന്നത് മുഴുവൻ ജൂറികൾക്കും ഉറപ്പാണ്. രാവിലെ 8.30 ക്ക് എല്ലാ ദിവസവും ഞങ്ങളുടെ സ്ക്രീനിംഗ് ആരംഭിക്കും. രാത്രി വൈകും വരെ ഇരുന്നു ഞങ്ങൾ കാണുന്നുണ്ട്. ടെക്‌നിഷ്യൻസ് ആണ് സിനിമ പ്രദർശിപ്പിക്കുന്നത് അവർ ലിങ്ക് ഓപ്പൺ ചെയ്ത് ആണോ ഡൌൺലോഡ് ചെയ്തിട്ടാണോ പ്രദർശിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. സിനിമ പ്രദർശിപ്പിച്ചു എന്നതിന്റെ ഡിജിറ്റൽ തെളിവുകൾ അക്കാദമിയുടെ കയ്യിലുണ്ട്, ആർക്ക് വേണമെങ്കിലും അക്കാദമിയിൽ ചെന്നത് പരിശോധിക്കാം. എന്റെ അഭിപ്രായത്തിൽ അങ്ങനെ ഒന്നുണ്ടെങ്കിൽ അത് ക്ലിയർ ചെയ്യുകയാണ് വേണ്ടത്.

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഷിജു ബാലഗോപാലൻ ചിത്രം ഐഎഫ്എഫ്കെയുടെ പ്രദർശനത്തിന് പരി​ഗണിക്കുന്നതിനായി എല്ലാ ചട്ടങ്ങളും പാലിച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം സെപ്റ്റംബർ 10ന് സമർപ്പിച്ചിരുന്നു എന്നും എന്നാൽ ജൂറി ഒരു സെക്കന്റ് പോലും സിനിമ കണ്ടില്ലെന്നും ആരോപിച്ച് രംഗത്തെത്തിയത്. വീഡിയോ ഷെയറിം​ഗ് സർവീസ് പ്ലാറ്റ്ഫോമായ വിയമോയുടെ അനലറ്റിക്സ് പ്രകാരം വിഡിയോ ഒരു സെക്കന്റ് പോലും പ്ലേ ചെയ്തിട്ടില്ലെന്നുള്ളതിന്റെ തെളിവും ഷിജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഐ.എഫ്.എഫ്.കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചതാണെന്നും സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാൻ പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്താണ് പ്രദര്‍ശിപ്പിച്ചതെന്ന വിശദീകരണവുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രംഗത്തെത്തി. മലയാള സിനിമാ വിഭാഗത്തിലെ എന്‍ട്രിയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാവുന്നതാണെന്നും പ്രസ്തുത ചിത്രങ്ങള്‍ കണ്ടു എന്ന് ഓരോ സെലക്ഷന്‍ കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണെന്നും ചലച്ചിത്ര അക്കാദമി കൂട്ടിച്ചേർത്തു.

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

SCROLL FOR NEXT