ഫഹദ് ഫാസിലിന്റെ അഭിനയമികവിനെയും അദ്ദേഹത്തിന്റെ സിനിമകളെയും വാനോളം പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആർ. ഫഹദ് ഫാസിൽ നായകനായി, എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ ചിത്രങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചുവെന്ന് ജൂനിയർ എൻ.ടി.ആർ പറഞ്ഞു.
ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയും അനേകർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്ത ആ ദുരിതകാലത്ത്, പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന മഹത്തായ പ്രതിഭയായിരുന്നു ഫഹദ് ഫാസിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബാംഗ്ലൂർ ഡെയ്‌സ്' കണ്ടതോടെയാണ് ഫഹദിന്റെ അഭിനയത്തോടുള്ള തന്റെ ആരാധന ആരംഭിച്ചതെന്ന് ജൂനിയർ എൻ.ടി.ആർ ഓർത്തെടുത്തു. തനിക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതാണ് ഫഹദ് ഫാസിലിന്റെ സ്ഥാനമെന്നും, അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്നും എൻ.ടി.ആർ വ്യക്തമാക്കി. ഒരു നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും ഫഹദിനെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും, ഇന്ത്യൻ സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന താരമാണ് അദ്ദേഹമെന്നും എൻ.ടി.ആർ കൂട്ടിച്ചേർത്തു. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് നായകചിത്രമായ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറട്ടെയെന്നും വലിയ വിജയം കൈവരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവ് എസ്.എസ്. കാർത്തികേയയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കവേ ജൂനിയർ എൻ.ടി.ആർ വികാരാധീനനായി. എസ്.എസ്. രാജമൗലിയുടെ ആദ്യ ചിത്രമായ 'സ്റ്റുഡന്റ് നമ്പർ 1' മുതൽ ആരംഭിക്കുന്നതാണ് രാജമൗലി കുടുംബവുമായുള്ള തന്റെ ബന്ധം. അന്ന് തനിക്ക് 17 വയസ്സും കാർത്തികേയയ്ക്ക് ഒമ്പത് വയസ്സുമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. തനിക്കൊരു സഹോദരനുണ്ടെങ്കിൽ അത് കാർത്തികേയ മാത്രമാണെന്നും, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണ മറക്കാനാവില്ലെന്നും എൻ.ടി.ആർ പറഞ്ഞു. തന്റെ ആദ്യ ചിത്രമായ 'നിന്നു ചൂടാലനി'യുടെ ഉദ്ഘാടന ചടങ്ങിൽ ഒറ്റപ്പെട്ടുപോയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് ഒപ്പം ആരുമില്ലെന്ന തോന്നലുണ്ടായിരുന്നെങ്കിലും, പിന്നീട് ദൈവം നൽകിയ കുടുംബങ്ങളാണ് രാജമൗലിയുടെയും കീരവാണിയുടെയും കുടുംബങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കരിയറിൽ സിനിമകൾ വിജയിക്കാതിരുന്ന പ്രയാസകരമായ സമയത്തും കാർത്തികേയ ഒപ്പം ഉറച്ചുനിന്നുവെന്നും, തന്റെ പുഞ്ചിരിക്ക് പിന്നിൽ കാർത്തികേയയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബാഹുബലി', 'ആർ.ആർ.ആർ' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിജയത്തിന് പിന്നിലും കാർത്തികേയയുടെ നിർണായകമായ പങ്കുണ്ടായിരുന്നുവെന്ന് ജൂനിയർ എൻ.ടി.ആർ വ്യക്തമാക്കി. കാർത്തികേയയുടെ ആദ്യ നിർമ്മാണ സംരംഭമായ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രേക്ഷകർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒപ്പം ചിത്രത്തിന്റെ സംവിധായകൻ ശശാങ്ക് യെലേട്ടിയുടെ സിനിമയോടുള്ള ആത്മാർഥതയെയും കൃത്യമായ കാഴ്ചപ്പാടിനെയും എൻ.ടി.ആർ പ്രശംസിച്ചു. സംവിധായകനാകണമെന്ന ആഗ്രഹത്തോടെ സിനിമാരംഗത്തേക്ക് കടന്നുവന്ന് ലക്ഷ്യത്തിലെത്തിയ ശശാങ്കിന്റെ അഭിനിവേശം ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ പുതിയ ചിത്രമായ 'ഡ്രാഗണി'നെക്കുറിച്ചുള്ള അപ്‌ഡേറ്റും ജൂനിയർ എൻ.ടി.ആർ ചടങ്ങിൽ പങ്കുവെച്ചു. തോളിലെ ശസ്ത്രക്രിയയെ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് താത്കാലികമായി ഇടവേളയെടുത്തിരുന്ന താരം, പൂർണമായി സുഖം പ്രാപിച്ചുവെന്നും ഉടൻ ചിത്രീകരണം പുനരാരംഭിക്കുമെന്നും അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച സമയക്രമത്തിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും യാതൊരു കാലതാമസവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഭാവനാ റിലീസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന ചിത്രം ഒക്ടോബർ 2-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.