ദിലീഷ് പോത്തന്‍ ചിത്രം 'ജോജി'യുടെ നിരൂപണവുമായി ലോകപ്രശസ്ത മാഗസിന്‍ ന്യൂയോര്‍ക്കര്‍. കൊവിഡ് മഹാമാരി ചലച്ചിത്രനിര്‍മ്മാണത്തെ അടക്കം നിശ്ചലമാക്കിയപ്പോള്‍ ജോജി എന്ന ഇന്ത്യന്‍ സിനിമ കൊവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും കഥയിലുള്‍പ്പെടെ സാധ്യതയാക്കി മാറ്റിയെന്ന് ന്യൂയോര്‍ക്കറിലെ ക്രിട്ടിക്കും കോളമിസ്റ്റുമായ റിച്ചാര്‍ഡ് ബ്രോഡി.
സിനിമയുടെ നാടകീയതയ്ക്ക് പാന്‍ഡമിക് സാഹചര്യത്തെ ദിലീഷ് പോത്തന്‍ ഉള്‍ച്ചേര്‍ത്ത വിധവും പ്രശംസനീയമാണെന്ന് റിച്ചാര്‍ഡ് ബോര്‍ഡി. ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും ബോര്‍ഡി പ്രകീര്‍ത്തിക്കുന്നുണ്ട്. ജോജിയോട് ബിന്‍സി അപ്പന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്ന രംഗം കൊവിഡ് സാഹചര്യത്തെ സിനിമ ക്രിയേറ്റീവായി പ്രയോജനപ്പെടുത്തിയതിന് ഉദാഹരണമായി എടുത്തുപറയുന്നു. ന്യൂയോര്‍ക്കര്‍ ഒരു മലയാള സിനിമയുടെ നിരൂപണം പ്രസിദ്ധീകരിച്ചുവെന്നത് അപൂര്‍വതയാണ്.
ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി.
എരുമേലിയിലെ ഭൂവുടമയായ പനച്ചേല്‍ കുട്ടപ്പന്റെ ഇളയമകന്‍ ജോജിയുടെ റോളിലായിരുന്നു ഫഹദ് ഫാസില്‍. ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍. അഭിനയിച്ച സിനിമകളില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രം ജോജിയാണെന്ന് നടന്‍ ഫഹദ് ഫാസില്‍ വിശേഷിപ്പിച്ചിരുന്നത്.