Film News

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാർ. ചെന്നൈയിൽ നടന്ന ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ആണ് പുതിയ സീരീസുകൾ ഉൾപ്പടെ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്. സൗത്ത് ഇന്ത്യന്‍ കണ്ടന്റുകളെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തില്‍ വലിയ നിക്ഷേപമാണ് ജിയോ ഹോട്‌സ്റ്റാര്‍ നടത്തുന്നത്. ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകൾ ഉൾപ്പടെ 25 ഓളം പുതിയ വെബ് സീരിസുകളും ഷോസും ആണ് ജിയോ ഹോട്ട്സ്റ്റാർ സൗത്ത് ഇന്ത്യയിൽ മാത്രമായി പ്രഖ്യാപിച്ചത്.

4000 കോടിയാണ് സൗത്ത് ഇന്ത്യന്‍ കണ്ടന്റുകള്‍ക്കായി നിക്ഷേപിച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി സമ്മതപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ മികച്ച കണ്ടന്റുകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇന്നലെ നടന്ന ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, നടൻ കമൽഹാസൻ, മോഹൻലാൽ, വിജയ് സേതുപതി ഉൾപ്പടെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. വിജയ് സേതുപതി നായകനാകുന്ന കാട്ടാന്‍, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ അണലി തുടങ്ങിയ സിനിമകളും നിരവധി സിരീസുകളും ഹോട്‌സ്റ്റാര്‍ പുറത്തിറക്കുന്നുണ്ട്. എല്ലാ പ്രൊജക്ടുകളുടെയും ഗ്ലിംപ്‌സും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

നിവിന്‍ പോളിയുടെ ഫാര്‍മ, കേരള ക്രൈം ഫയൽസ് സീസൺ 3 , റഹ്‌മാന്‍ കേന്ദ്ര കഥാപാത്രമായ 1000 ബേബീസ് സീസൺ 2 , ജിത്തു ജോസഫ് അവതരിപ്പിക്കുന്ന റോസ്‌ലിൻ, മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നിവയാണ് മലയാളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സീരിസുകൾ. തമിഴില്‍ ബാച്ച്‌മേറ്റ്‌സ്, റിസോര്‍ട്ട്, എല്‍.ബി.ഡബ്ല്യൂ, തുടങ്ങിയ സിരീസുകളുടെ ഗ്ലിംപ്‌സ് പുറത്തുവിട്ടിട്ടുണ്ട്. തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള ഹാര്‍ട്ട് ബീറ്റ്‌സിന്റെ മൂന്നാം സീസണും ഹോട്‌സ്റ്റാറിന്റെ ലൈനപ്പിലുണ്ട്.

ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ ആണ് കേരള ക്രൈം ഫയൽസ് ഒരുക്കിയത്. ആദ്യ രണ്ട് ഭാഗങ്ങൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്. കിഷ്കിന്ധാ കാണ്ഡം, എക്കോ തുടങ്ങിയ സിനിമകളുടെ രചയിതാവായ ബാഹുൽ രമേശ് ആണ് ഈ സീരിസിന്റെ രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കിയത്. നജീം കോയ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ സീരീസ് ആണ് 1000 ബേബീസ്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിച്ചത്. നജീം കോയ, അറൂസ് ഇർഫാൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ സീരീസിൽ റഹ്‌മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ തെലുങ്ക് താരം നാഗാര്‍ജുനയും തമിഴ് താരം വിജയ് സേതുപതിയും ചേര്‍ന്ന് ആദരിച്ചതും ചടങ്ങിന്റെ മാറ്റ് കൂട്ടി. നേരിട്ട് അഭിനന്ദിക്കാനാകാത്തതിനാല്‍ ഇത്രയും വലിയ ചടങ്ങില്‍ വെച്ച് തന്റെ അഭിനന്ദനമറിയിക്കുകയാണെന്ന് നാഗാര്‍ജുന പറഞ്ഞു. ഇഷ്ടതാരത്തെ ആദരിക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമാണെന്ന് വിജയ് സേതുപതിയും കൂട്ടിച്ചേര്‍ത്തു.

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

SCROLL FOR NEXT