അമ്മയുടെ നേതൃത്വ സ്ഥാനത്തേക്ക് തങ്ങളില്ലെന്ന് നടന്മാരായ ജഗദീഷും കുഞ്ചാക്കോ ബോബനും. ഏത് നേതൃത്വ സ്ഥാനത്തേക്ക് വന്നാലും അതിൽ പൂർണ്ണമായും നമുക്ക് മുഴുകാൻ സാധിക്കണം എന്നും എന്നാൽ ഇപ്പോൾ തന്റെ സ്വപ്നം അഭിനയമാണെന്നും ജഗദീഷ് പറഞ്ഞു. അമ്മ എന്ന സംഘടനയ്ക്കൊപ്പം നിലനിൽക്കുമെന്നും എന്നാൽ നേതൃത്വത്തിലേക്ക് താൻ ഇല്ലെന്ന് നടൻ കുഞ്ചാക്കോ ബോബനും പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ജഗദീഷ് പറഞ്ഞത്:
അമ്മയുടെ നേതൃത്വ സ്ഥാനത്തേക്ക് ഇല്ല. ഞാൻ ഏതൊരു നേതൃത്വത്തിലേക്ക് വന്നാലും അതിൽ എനിക്ക് നൂറ് ശതമാനം മുഴുകാൻ സാധിക്കണം. എന്റെ സ്വപ്നം മുഴുവൻ ഇപ്പോൾ അഭിനയത്തിലാണ്. അമ്മയെ നയിക്കാൻ ആളില്ല എന്നത് തോന്നലാണ്. ജവഹർലാൽ നെഹ്റു നമ്മളെ വിട്ടു പിരിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് അടുത്തയാൾ വന്നില്ലേ? വ്യക്തികൾ ആര് പോയാലും പ്രസ്ഥാനം മുന്നോട്ട് പോവുക തന്നെ ചെയ്യും.
കുഞ്ചാക്കോ ബോബൻ പറഞ്ഞത്:
അമ്മയ്ക്ക് ഒപ്പം ഉണ്ടാകും. പക്ഷേ നേതൃത്വ സ്ഥാനത്തേക്ക് ഇല്ല. പ്രസ്ഥാനത്തെ നയിക്കുന്നതിന് നമ്മൾ നമ്മുടെ പൂർണ്ണമായ സമയവും മറ്റും നൽകേണ്ടി വരും.അതിനുള്ള സാഹചര്യം നിലവിൽ ഇപ്പോൾ ഇല്ല.
ജീത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയാണ് കുഞ്ചാക്കോ ബോബനും ജഗദീഷും ഇനി ഒരുമിച്ചെത്താനിരിക്കുന്ന ചിത്രം. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു കൂട്ടം ആളുകൾ ചേർന്ന് നടത്തുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന നായകനും അന്വേഷണത്തിൽ നായകൻ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ജീത്തു അഷ്‌റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിയേറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പർഹിറ്റ് ചിത്രം 'പ്രണയവിലാസത്തിനു' ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്.
ചിത്രത്തിൽ വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്സ് ബിജോയ് നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള . ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പി ആർ ഓ : പ്രതീഷ് ശേഖർ.