Film News

ഇനി തിയറ്ററിൽ കാണാം, മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വ'ത്തിന് പാക്ക് അപ്

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം 'ഹൃദയപൂർവ്വ'ത്തിന് പാക്ക് അപ്. മോഹൻലാൽ തന്നെയാണ് ചിത്രം പാക്ക് അപ് ആയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇനി തിയറ്ററിൽ കാണാം എന്ന തലക്കെട്ടോടെ മുഴുവൻ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം എന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നത്. എത്ര വര്‍ഷം കഴിഞ്ഞാലും മോഹന്‍ലാല്‍ എന്നും തന്റെ പ്രിയപ്പെട്ട നടനാണ് എന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തിരുന്നു.

സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പറ‍ഞ്ഞത്:

ഞാനും മോഹൻലാലും കൂടെ ചെയ്യുന്ന ഹൃദ്യമായ ഒരു സിനിമയായിരിക്കും ഹൃദയപൂർവ്വം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. എന്റെ കൂടെ ഇത്തവണ മൂന്ന് പുതിയ ആളുകൾ ഉണ്ട് എന്നതാണ് ഇതിൽ എനിക്കുള്ള ഫ്രഷ്‌നെസ്സ്. ഛായാ​ഗ്രഹണം അനു മൂത്തേടത്ത് ആണ്. സം​ഗീതസംവിധാനം ജസ്റ്റിൻ പ്രഭാകരൻ, സോനു ടിപി ആണ് തിരക്കഥ സംഭാഷണം. ഡിസംബർ- ജനുവരി സമയത്തായിരിക്കും ചിത്രീകരണം തുടങ്ങുന്നത്. സിനിമ ചെയ്യുമ്പോഴുള്ള ഇടവേള എത്ര വർഷം നീണ്ടാലും മോഹൻലാൽ എന്നും എന്റെ പ്രിയപ്പെട്ട നടനാണ്. ഈ സിനിമയിൽ മോഹൻലാൽ സാധാരണ മനുഷ്യൻ തന്നെയാണ്, അമാനുഷികനല്ല, നമ്മുടെ ഇടയിലുള്ള ഒരാളായാണ് മോഹൻലാൽ ഹൃദയപൂർവ്വത്തിൽ എത്തുന്നത്. കേരളത്തിലും പൂനെയിലുമായാണ് ചിത്രീകരണം. ആദ്യമായാണ് ഞാൻ തമിഴ്‌നാടിനപ്പുറത്തേക്ക് ചിത്രീകരണത്തിന് പോകുന്നത്.

'ഹൃദയപൂർവ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാൽ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മുമ്പ് മോഹൻലാൽ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. മാളവിക മോഹനനാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. നവാ​ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു.

അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്. ജയറാം, മീരാജാസ്മിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ മകള്‍ ആണ് ഒടുവിലായി തിയറ്ററുകളിലെത്തിയ സത്യന്‍ അന്തിക്കാട് ചിത്രം.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT